കോയമ്പത്തൂർ: പാകിസ്താൻ രഹസ്യാന്വേഷണ ഏജന്റിന്റെ ഹണിട്രാപ്പിൽ കുടുങ്ങി തന്ത്രപ്രധാനമായ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ സംഭവത്തിൽ 31-കാരനായ ഇന്ത്യൻ നാവികസേനാ ഉദ്യോഗസ്ഥൻ അറസ്റ്റിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രദീപ് മുഖർജിയെയാണ് ആന്ധ്രാപ്രദേശ് പൊലീസിന്റെ കൗണ്ടർ ഇന്റലിജൻസ് (സി.ഐ.) സെൽ ശനിയാഴ്ച കോയമ്പത്തൂരിൽവെച്ച് അറസ്റ്റ് ചെയ്തത്.
കോയമ്പത്തൂരിലെ നാവികസേനാ നേതൃത്വ പരിശീലന കേന്ദ്രമായ ഐ.എൻ.എസ്. അഗ്രണിയിൽ മാനേജ്‌മെന്റ് ഡെവലപ്‌മെന്റ് കോഴ്‌സിന് എത്തിയപ്പോഴാണ് ഇയാൾ പിടിയിലാകുന്നത്. 2014-ലാണ് പ്രദീപ് ഇന്ത്യൻ നാവികസേനയിൽ സെയിലറായി ചേരുന്നത്. വിശാഖപട്ടണം ആസ്ഥാനമായുള്ള ഈസ്റ്റേൺ നേവൽ കമാൻഡിന് കീഴിൽ സേവനമനുഷ്ഠിച്ചുവരികയായിരുന്ന ഇയാൾ, കോഴ്‌സിൽ പങ്കെടുക്കാനായി ഒരു ആഴ്ച മുമ്പാണ് ഐ.എൻ.എസ്. അഗ്രണിയിലെത്തിയത്.
ഏതാനും മാസങ്ങൾക്ക് മുമ്പ് സോഷ്യൽ മീഡിയ വഴിയാണ് പാകിസ്താൻ വനിതാ ഇന്റലിജൻസ് ഏജന്റ് പ്രദീപിനെ ഹണിട്രാപ്പിൽ കുടുക്കുന്നതെന്നാണ് റിപ്പോർട്ട്. പ്രദീപുമായി സൗഹൃദം സ്ഥാപിച്ചശേഷം, വിശാഖപട്ടണം നാവികസേനാ താവളവുമായി ബന്ധപ്പെട്ട തന്ത്രപ്രധാനമായ നാവിക സ്വത്തുക്കൾ, കപ്പൽ നീക്കങ്ങൾ, പ്രവർത്തന രീതികൾ എന്നിവയെക്കുറിച്ചുള്ള രഹസ്യ വിവരങ്ങൾ ഇവർ ചോർത്തിയെടുക്കുകയായിരുന്നു.
പ്രദീപിന്റെ സംശയാസ്പദ ഇടപെടൽ ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് ആന്ധ്രാപ്രദേശ് പോലീസിന്റെ പ്രത്യേക വിഭാഗം ഇയാളെ നിരീക്ഷണത്തിലാക്കിയത്. രഹസ്യ വിവരങ്ങൾ കൈമാറിയതിൽ ഇയാളുടെ പങ്ക് അന്വേഷണസംഘം സ്ഥിരീകരിച്ചതോടെ, നാവികസേനാ അധികാരികളിൽനിന്ന് അറസ്റ്റ് ചെയ്യാനുള്ള അനുമതി തേടി. തുടർന്ന് ശനിയാഴ്ച രാവിലെ ഐ.എൻ.എസ്. അഗ്രണിയിലെത്തിയ പ്രത്യേക സി.ഐ. സംഘം ഇയാളെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.
അറസ്റ്റ് സംബന്ധിച്ച വിവരങ്ങൾ കോയമ്പത്തൂരിലെ പ്രാദേശിക പൊലീസിനെ ഔദ്യോഗികമായി അറിയിച്ചു. തുടർന്ന് പ്രതിയെ പ്രാദേശിക മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് വാങ്ങിയശേഷം, കൂടുതൽ ചോദ്യം ചെയ്യലിനായി ശനിയാഴ്ച വൈകീട്ടോടെ വിജയവാഡയിലെ കൗണ്ടർ ഇന്റലിജൻസ് ആസ്ഥാനത്തേക്ക് കൊണ്ടുപോയി.
ചോർത്തപ്പെട്ട പ്രതിരോധ ഫയലുകളുടെ വ്യാപ്തിയും സ്വഭാവവും എത്രത്തോളമുണ്ടെന്ന് വ്യക്തമാകാൻ അന്വേഷണം പുരോഗമിക്കുകയാണ്. അതോടൊപ്പം, ഹവാല വഴിയോ ഡിജിറ്റൽ പേയ്‌മെന്റ് മാർഗ്ഗങ്ങൾ വഴിയോ ഇയാൾക്ക് പണമിടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യവും സി.ഐ. സംഘം പരിശോധിച്ചുവരികയാണ്.
Published: 04 Oct 2026, 10:13 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented