
പാലക്കാട്: അമ്മയില്ലാതെ ഒറ്റപ്പെട്ട, 12 ദിവസം പ്രായമുള്ള കാട്ടാനക്കുട്ടി ധോണിയിലെ ആനക്ക്യാമ്പിൽ ചികിത്സയിലിരിക്കേ ചരിഞ്ഞു. അട്ടപ്പാടി മേലേ അബ്ബന്നൂരിൽ പാറയിടുക്കിൽക്കുടുങ്ങി ഒറ്റപ്പെട്ടുപോയ കൊമ്പനാനക്കുട്ടിയാണ് പാലക്കാട് ധോണി ആനക്ക്യാമ്പിൽ (എലിഫെന്റ് സാറ്റലൈറ്റ് ക്യാമ്പ്) പരിചരണത്തിലിരിക്കേ ഞായറാഴ്ച രാവിലെ 11 മണിയോടെ ചരിഞ്ഞത്.
കാട്ടാനക്കുട്ടിക്ക് ഹൃദയസംബന്ധമായ പ്രശ്നങ്ങളുണ്ടായിരുന്നതായി പോസ്റ്റുമോർട്ടത്തിൽനിന്ന് വ്യക്തമായെന്ന് എസ്.എഫ്.ഒ. ശശിഭൂഷൺ പറഞ്ഞു. ശനിയാഴ്ചമുതൽ വയറിളക്കവും പിടിപെട്ടിരുന്നു. കനത്ത ചൂടും ആരോഗ്യനില വഷളാക്കിയതായി അദ്ദേഹം പറഞ്ഞു.
പുതൂർ ദ്രുതപ്രതികരണസംഘത്തിന്റെ സഹായത്തോടെയാണ് പാറയിടുക്കിൽനിന്ന് കാട്ടാനക്കുട്ടിയെ രക്ഷിച്ചത്. വനംവകുപ്പിന്റെ സംരക്ഷണയിൽ അഞ്ചുദിവസം അബ്ബന്നൂർ വനത്തിലെ താത്കാലിക കൂട്ടിൽ കുട്ടിയാന ഉണ്ടായിരുന്നെങ്കിലും കൂട്ടാൻ അമ്മയാന എത്തിയില്ല.
ലാക്ടോജൻ കലർത്തിയ പാലും കരിക്കിൻവെള്ളവും നൽകി പരിചരിച്ചിരുന്ന കാട്ടാനക്കുട്ടിയെ കഴിഞ്ഞ 18-നാണ് ധോണി ആനക്ക്യാമ്പിലെത്തിച്ചത്. പാപ്പാൻ ബൊമ്മനും ഭാര്യ സിന്ധുവുമാണ് ഇവിടെ ആനയെ പരിപാലിച്ചിരുന്നത്. ഡോക്ടറുടെ നേതൃത്വത്തിൽ പ്രത്യേക ചികിത്സ നൽകിവരവേയാണ് ചരിഞ്ഞത്.
സാങ്കേതികസമിതിയുടെ മേൽനോട്ടത്തിൽ നടപടി പൂർത്തിയാക്കി വന്യജീവി ആരോഗ്യ കേന്ദ്രത്തിൽ പോസ്റ്റുമോർട്ടം നടത്തി. വൈകീട്ട് ഏഴുമണിയോടെ ജഡം സംസ്കരിച്ചു.
പാലക്കാട് ഡി.എഫ്.ഒ. രവികുമാർ മീണ, പാലക്കാട് റിസർച്ച് യൂണിറ്റ് ഡി.എഫ്.ഒ. എം.കെ. സമീർ, ഒലവക്കോട് ഫോറസ്റ്റ് റെയ്‌ഞ്ചർ കെ.ആർ. കൃഷ്ണദാസ്, അസി. വെറ്ററിനറി ഫൊറൻസിക് സർജൻ ഡോ. ഡേവിഡ് എബ്രഹാം, നാച്വറൽ ഹിസ്റ്ററി സൊസൈറ്റി പാലക്കാട് ഭാരവാഹി അഡ്വ. ലിജോ പനങ്ങാടൻ, ബയോളജിസ്റ്റ് അനീഷ് ചന്ദ്രൻകുട്ടി, പുതുപ്പരിയാരം പഞ്ചായത്തംഗം പി.എസ്. സജിത എന്നിവരുടെ നേതൃത്വത്തിലുള്ള വിദഗ്‌ധ സമിതിയുടെ മേൽനോട്ടത്തിലാണ് നടപടി പൂർത്തിയാക്കിയത്.
Content Highlights: 12-day-old elephant calf died at Dhoni Elephant Camp. Post-mortem confirmed death due to heart-related complications. Calf was rescued from a rock crevice in Attapadi. Despite intensive care and feeding, the calf could not be saved. Expert committee oversaw the medical procedures and cremation.
Published: 27 Apr 2026, 03:08 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented