ഗുരുവായൂർ: കണ്ണനെ കൺനിറയെ വണങ്ങി രാഷ്ട്രപതി ദ്രൗപതി മുർമു. സോപാനത്തിനു മുൻപിൽ തൊഴുത് കാണിക്കയർപ്പിച്ചു. ഉപദേവൻമാരെ തൊഴുതശേഷം ചുറ്റമ്പലം വലംവെച്ച് ദർശനം പൂർത്തിയാക്കി.

To advertise here,

വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ശീവേലിക്കുശേഷം 3.55 നാണ് രാഷ്ട്രപതി ക്ഷേത്രത്തിനകത്തേക്ക് കടന്നത്. 4.10 ന് പുറത്തു കടന്നു. ക്ഷേത്രം ഗോപുരനടയിൽ തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാടും ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാടും ചേർന്ന് പൂർണ്ണകുംഭം നൽകി വരവേറ്റു.

മേൽശാന്തി പഴയം സതീശൻ നമ്പൂതിരിയിൽനിന്ന് രാഷ്ട്രപതി പ്രസാദം സ്വീകരിച്ചു. ദേവസ്വത്തിന്റെ സമ്മാനമായി സ്വർണക്കോലത്തിന്റെ ചെറുമാതൃക ദേവസ്വം മന്ത്രി കെ. മുരളീധരനും കുമിഴ് മരത്തിൽ നിർമ്മിച്ച വെണ്ണക്കണ്ണന്റെ ശില്പം ദേവസ്വം ചെയർമാൻ എ.വി.ഗോപിനാഥും രാഷ്ട്രപതിക്ക് നൽകി. രാഷ്ട്രപതിയുടെ മകൾ നിത്യശ്രീ മുർമു, ഗവർണർ ഓംപ്രകാശ് മാഥൂർ എന്നിവരും കൂടെയുണ്ടായിരുന്നു. ദർശനത്തിനുശേഷം പുറത്തുകടന്ന രാഷ്ട്രപതി കിഴക്കേ നടപ്പുരയിലെ കല്യാണമണ്ഡപങ്ങളുടെ അപ്പുറംവരെ ചെന്ന് ഭക്തരെ കൈകൾ വീശി അഭിവാദ്യം ചെയ്തു.

അരിയന്നൂരിലെ ഹെലിപാഡിൽ ഉച്ചതിരിഞ്ഞ് 3.10 നായിരുന്നു രാഷ്ട്രപതി വന്നിറങ്ങിയത്. 3.30 ന് ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തി. കളക്ടർ ശിഖാ സുരേന്ദ്രനും ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ഹരിഗോപാലും സ്വീകരിച്ചു. ശ്രീവത്സത്തിലെ ഒന്നാം നമ്പർ മുറിയിൽ പത്തു മിനിറ്റ് വിശ്രമിച്ചു. ലഘുഭക്ഷണം കഴിച്ച് നാലരയ്ക്ക് ശ്രീവത്സത്തിൽ നിന്ന് മടങ്ങി. എ.ഡി.ജി.പിമാരായ പി.വിജയൻ, ദിനേന്ദ്ര കശ്യപ്(ഇന്റലിജൻസ്), ഡി.ഐ.ജി: ടി.നാരായണൻ, തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ നകുൽ രാജേന്ദ്ര ദേശ്മുഖ് തുടങ്ങിയവരുടെ നേതൃത്വത്തിൽ സുരക്ഷയൊരുക്കിയിരുന്നു.