പുതുപ്പള്ളി: മലയാളക്കരയുടെ ജനകീയ മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടിയുടെ സ്മരണയിൽ പുതുപ്പള്ളി. ഏതൊരാൾക്കും ഇടനിലക്കാരനില്ലാതെ നേരിട്ട് സങ്കടം ബോധിപ്പിക്കാവുന്ന ഇടമായിരുന്നു പുതുപ്പള്ളിയിലെ ഉമ്മൻചാണ്ടിയുടെ വീട്. നിയോജമണ്ഡലം പരിധിയൊന്നും ഇവിടെ ബാധകമായിരുന്നില്ല. കേരളത്തിന്റെ തെക്കുമുതൽ വടക്കേ അറ്റംവരെയുള്ളവരിൽ പലരും ആ സാന്ത്വന സ്പർശം അനുഭവിച്ചവരാണ്.

To advertise here,

ജനങ്ങൾക്കിടയിൽമാത്രം ജീവിച്ച് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ ആവുന്നതെല്ലാം ചെയ്ത് ജനഹൃദയങ്ങൾ കീഴടക്കിയ നേതാവ്. ദേഹവിയോഗത്തിന് ശേഷവും അദ്ദേഹത്തിന്റെ കബറിടത്തിലെത്തുന്നവർ ഏറെയാണ്. നാനാദേശങ്ങളിൽനിന്ന് ആ ഒഴുക്ക് ഇന്നും തുടരുന്നു. ഒരു പൂവ് കബറിൽ സമർച്ചോ ഒരു മെഴുകുതിരി കൊളുത്തിയോ കൈകൂപ്പി പ്രാർഥിച്ചോ അവർ മടങ്ങുന്നു. നേരിൽക്കണ്ട കാലത്തെ ഓർമകളുമായി ഓരോരുത്തരും ഇവിടേക്ക് വീണ്ടുംവീണ്ടും എത്തിക്കൊണ്ടിരിക്കുന്നു.

മൂന്നാം ചരമവാർഷിക തലേന്ന് കബറിടത്തിലെത്തിയ കുടുംബത്തിലെ കുട്ടിയെ അവർ പരിചയപ്പെടുത്തിയത് ‘ഉമ്മൻചാണ്ടി അപ്പച്ചൻ’ എന്നാണ്. കുടുംബത്തിലെ അംഗമായിത്തന്നെയാണ് പലരും ഉമ്മൻചാണ്ടിയെ കാണുന്നത്.

സ്മൃതിസമ്മേളനം

മൂന്നാം സ്മൃതിദിനാചരണമായ ശനിയാഴ്ച വൻജനാവലിയാണ് പുതുപ്പള്ളിയിലേക്കെത്തുക. ജനസേവനം, കരുണ, വികസനം എന്നീ മൂല്യങ്ങളെ ഉയർത്തിപ്പിടിച്ച ഉമ്മൻ ചാണ്ടിയുടെ ജീവിതസന്ദേശം പുതുതലമുറയിലേക്ക് പകർന്നുനൽകാൻ ലക്ഷ്യമിട്ടുള്ള പരിപാടികളാണ് നടത്തുന്നത്. രാവിലെ 6.30-ന് പുതുപ്പള്ളി സെയ്ന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ പ്രത്യേക പ്രഭാത നമസ്കാരവും ഏഴിന് കുർബാനയും. കുർബാനയ്ക്കുശേഷം ഉമ്മൻചാണ്ടിയുടെ കബറിടത്തിൽ പ്രത്യേക ധൂപപ്രാർഥന. ഓർത്തഡോക്സ് സഭ കോട്ടയം ഭദ്രാസനാധിപൻ യൂഹാന്നോൻ മാർ ദിയസ്കോറോസ് മെത്രാപ്പൊലീത്ത മുഖ്യകാർമികത്വം വഹിക്കും.

ഒമ്പതിന് പുതുപ്പള്ളി കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയും ഉമ്മൻചാണ്ടി ഫൗണ്ടേഷനും ചേർന്ന് പുതുപ്പള്ളി വലിയപള്ളി അങ്കണത്തിൽ പ്രത്യേകം സജ്ജീകരിച്ച പന്തലിൽ സ്മൃതിസമ്മേളനം നടത്തും. എ.ഐ.സി.സി. സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. ഉദ്ഘാടനം ചെയ്യും. യൂഹാനോൻ മാർ പോളിക്കാർപ്പോസ് മെത്രാപ്പൊലീത്ത മുഖ്യപ്രഭാഷണം നടത്തും. അഞ്ച് കുടുംബങ്ങൾക്ക് നാല് സെന്റ് കൈമാറും. 1,200 വിദ്യാർഥകൾക്കുള്ള സ്കോളർഷിപ്പ് വിതരണം, അനാഥാലയങ്ങളിൽ ഭക്ഷണ വിതരണം എന്നിവയുണ്ടാകും. സ്കൂളുകൾക്ക് സൈക്കിളുകൾ ക്രിക്കറ്റ് കിറ്റുകൾ ഫുട്ബോളുകൾ എന്നിവ വിതരണം ചെയ്യും.