തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ ഭാഗ്യക്കുറിയുടെ ഒന്നാംസമ്മാനമായ 25 കോടി രൂപ TJ 750605 നമ്പറിന്. തിരുവനന്തപുരം ആറ്റിങ്ങല്‍ ഭഗവതി ലോട്ടറി ഏജന്‍സി വിറ്റ ടിക്കറ്റാണിത്. തങ്കരാജ് എന്ന ഏജന്റാണ് 25 കോടിയുടെ ഭാഗ്യടിക്കറ്റ് വിറ്റത്.
രണ്ടാംസമ്മാനമായ അഞ്ചുകോടി രൂപ ലഭിച്ച ടിക്കറ്റ്- TG 270912. കോട്ടയം മീനാക്ഷി ലോട്ടറി ഏജന്‍സി വഴി വിറ്റ ടിക്കറ്റാണിത്. പാലായിലെ ഏജന്റായ പാപ്പന് എന്നയാളാണ് ഈ ടിക്കറ്റ് വിറ്റത്.
മൂന്നാംസമ്മാനം- ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്
TA 292922, TB 479040, TC 204579, TD 545669, TE 115479, TG 571986, TH 562506, TJ 384189, TK 395507,TL 555868
തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ ധനമന്ത്രി കെ.എന്‍. ബാലഗോപാലാണ് ഓണം ബമ്പറിന്റെ ഒന്നാംസമ്മാനം നറുക്കെടുത്തത്.
25 കോടി രൂപയാണ് ഈവര്‍ഷത്തെ ഒന്നാംസമ്മാനം. ഒന്നാം സമ്മാനം നേടുന്ന വ്യക്തിക്ക് നികുതികള്‍ കഴിച്ച് കിട്ടുക 15.75 കോടിയാണ്. ടിക്കറ്റിന് പിറകില്‍ ഒപ്പിടുന്നയാളിനാണ് സമ്മാനത്തിന് അര്‍ഹത.
അഞ്ചുകോടി രൂപയാണ് രണ്ടാംസമ്മാനം. മൂന്നാംസമ്മാനം ഒരു കോടി രൂപ വീതം പത്തുപേര്‍ക്ക്. 90 പേര്‍ക്ക് നാലാംസമ്മാനമായി ഒരുലക്ഷം രൂപ വീതവും ലഭിക്കും. ആകെ 126 കോടി രൂപയാണ് ഇത്തവണ സമ്മാനമായി നല്‍കുന്നത്.
66.5 ലക്ഷം ടിക്കറ്റുകളാണ് ശനിയാഴ്ച വൈകുന്നേരംവരെ വിറ്റത്. കഴിഞ്ഞവര്‍ഷം ഓണത്തിന് വിറ്റത് 54 ലക്ഷം ടിക്കറ്റായിരുന്നു. ഇത്തവണ ആദ്യം 65 ലക്ഷം അച്ചടിച്ചു. ആവശ്യക്കാര്‍ ഏറിയതിനാല്‍ രണ്ടരലക്ഷംകൂടി അച്ചടിച്ചു. ഞായറാഴ്ച ഉച്ചവരെ ടിക്കറ്റുകള്‍ വിറ്റിരുന്നു. 90 ലക്ഷം ടിക്കറ്റുകള്‍വരെ അച്ചടിക്കാന്‍ ഇത്തവണ ഭാഗ്യക്കുറിവകുപ്പിന് സര്‍ക്കാര്‍ അനുമതിനല്‍കിയിരുന്നു.
500 രൂപയായിരുന്നു ടിക്കറ്റിന്റെ വില. ചെറിയ ഏജന്റുമാര്‍ക്ക് 95 രൂപയും 1000 ടിക്കറ്റില്‍ക്കൂടുതല്‍ വില്‍ക്കുന്ന വലിയ ഏജന്റുമാര്‍ക്ക് 99.69 രൂപയും കമ്മിഷനായി നല്‍കും. ഏകദേശം 400 രൂപയാണ് ടിക്കറ്റൊന്നിന് ഖജനാവില്‍ എത്തുന്നത്.
ഓണം ബമ്പര്‍ വില്‍പ്പനയിലൂടെ 270 കോടി രൂപ ഇതിനകം എത്തി. സമ്മാനത്തുകയും 28 ശതമാനം ജി.എസ്.ടിയും വകുപ്പിന്റെ നടത്തിപ്പ് ചെലവും എല്ലാം കഴിച്ചുള്ള തുകയാണ് സര്‍ക്കാരിന് കിട്ടുന്നത്. കഴിഞ്ഞ വര്‍ഷം ഓണം ബമ്പര്‍ ടിക്കറ്റ് വില്‍പ്പന വഴി സര്‍ക്കാരിനു കിട്ടിയത് 124.5 കോടി രൂപയാണ്. 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. അന്നു ടിക്കറ്റു വില 300 രൂപയായിരുന്നു.
25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെയുള്ള ലോട്ടറി ഏജന്റുമാര്‍ തുടക്കത്തില്‍ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നല്കി ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍ വില്പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ബമ്പര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. ടിക്കറ്റു വില്‍പ്പന കൂടിയതോടെ ചില്ലറ വില്‍പ്പന ഏജന്റുമാര്‍ക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടര്‍ ഘട്ടങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീര്‍ക്കുകയായിരുന്നു ലോട്ടറി വകുപ്പ്. 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും കൂടിയിട്ടുണ്ട്. 1,08 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. അതെല്ലാം വിറ്റുപോകുകയും ചെയ്യുന്നു.
കഴിഞ്ഞ ഒരു വര്‍ഷത്തെ ബമ്പര്‍ ടിക്കറ്റുകളുടെ പേര്, വില, ഒന്നാം സമ്മാനത്തുക, വിറ്റ ടിക്കറ്റുകളുടെ എണ്ണം എന്ന കണക്ക് വേര്‍തിരിച്ച് താഴെ
പൂജാ ബമ്പര്‍- 200 രൂപ 5 കോടി 37 ലക്ഷം
ക്രിസ്മസ് ബമ്പര്‍- 200 രൂപ 6 കോടി 31.62 ലക്ഷം
വിഷു ബമ്പര്‍- 250 രൂപ 10 കോടി 43.63 ലക്ഷം
മണ്‍സൂര്‍ ബമ്പര്‍- 250 രൂപ 10 കോടി 24.45 ലക്ഷം
Content Highlights: onam bumper result,onam bumper 2022,onam bumper result 2022,kerala lottery result
Published: 18 Sept 2022, 02:15 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented