കൊച്ചി: കോവിഡ്-19 രോഗബാധയുടെ പശ്ചാത്തലത്തില്‍  മസ്‌ക്കറ്റില്‍ നിന്ന് കൊച്ചിയിലേക്കും തിരിച്ചുമുള്ള മൂന്ന് വിമാന സര്‍വീസുകള്‍ ഒമാന്‍ എയര്‍ റദ്ദാക്കിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. ഡബ്ല്യു.വൈ 223/224 ഒമാന്‍ എയര്‍ വിമാനത്തിന്റെ മാര്‍ച്ച് 11, 13,14 തീയതികളിലെ സര്‍വീസുകളാണ് റദ്ദാക്കിയത്.

To advertise here,

പരീക്ഷകള്‍ മാറ്റിവെച്ചു

കൊച്ചിന്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) മാര്‍ച്ച് 14 ന് സംസ്ഥാനത്തിന്റെ വിവിധ കേന്ദ്രങ്ങളില്‍ നടത്താനിരുന്ന പരീക്ഷ മാറ്റിവച്ചു. ജൂനിയര്‍ അസിസ്റ്റന്റ് ഗ്രേഡ് -2 തസ്തികയിലേക്ക് സംസ്ഥാനത്തിന്റെ വിവിധ ജില്ലകളിലെ അമ്പതോളം സ്‌കൂളുകളിലാണ് എഴുത്തുപരീക്ഷ നിശ്ചയിച്ചിരുന്നത്. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

കേരള പി.എസ്.സി മാര്‍ച്ച് 20 വരെ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചു. എന്നാല്‍ അഭിമുഖങ്ങള്‍ നേരത്തെ നിശ്ചയിച്ച തീയതികളില്‍ നടക്കുമെന്ന് പി.എസ്.സി അധികൃതര്‍ വ്യക്തമാക്കി.

നോര്‍ക്ക റൂട്ട്സില്‍ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, പരിശീലനം/സ്‌ക്രീനിംഗ് റദ്ദാക്കി

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ നോര്‍ക്ക റൂട്ട്സില്‍ 2020 മാര്‍ച്ച് 12 മുതല്‍ ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റേഷന്‍, നോര്‍ക്ക പുനരധിവാസ പദ്ധതി (NDPREM),  സാന്ത്വന പദ്ധതി എന്നിവയുമായി ബന്ധപ്പെട്ട് എല്ലാ ജില്ലകളിലും നടത്താന്‍ നിശ്ചയിച്ചിരുന്ന പരിശീലനം/സ്‌ക്രീനിംഗ് എന്നിവ ഉണ്ടായിരിക്കുന്നതല്ലെന്ന് ചീഫ് എക്സിക്ക്യൂട്ടീവ് ഓഫീസര്‍ അറിയിച്ചു.

ഇറ്റലിയില്‍ നിന്നെത്തിയ 26 പേരെ മെഡിക്കല്‍ കോളേജിലേയ്ക്ക് അയച്ചു

ഇറ്റലിയില്‍ നിന്ന് ഗള്‍ഫിലെ വിവിധ വിമാനത്താവളങ്ങളില്‍ വഴി കൊച്ചിയിലെത്തിയ 26 യാത്രക്കാരെ മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി. പ്രാഥമിക പരിശോധനയില്‍ രോഗലക്ഷണങ്ങള്‍ കണ്ടവരെയാണ് തുടര്‍ പരിശോധനകള്‍ക്കായി കൊച്ചി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റിയത്.

Content Highlights: Oman air cancelled three days up and down service to Kochi