ഒറ്റപ്പാലം: സംസ്ഥാനത്ത് നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം കൂടുന്നു. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 2024-ൽ കേരളത്തിൽ 19,626 വാഹനങ്ങൾ അധികമായി രജിസ്റ്റർ ചെയ്തു. 2025-ൽ ഇതുവരെ 1.10 ലക്ഷം വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്.

To advertise here,

കേന്ദ്ര ഉപരിതല ഗതാഗതമന്ത്രാലയത്തിന്റെ ‘പരിവാഹൻ’ സംവിധാനത്തിലെ കണക്കുപ്രകാരം 2023-ൽ 7.59 ലക്ഷം വാഹനങ്ങളാണ് സംസ്ഥാനത്തെ 87 ട്രാൻസ്‌പോർട്ട് ഓഫീസുകളിൽ രജിസ്റ്റർ ചെയ്തത്. 2024-ൽ ഇത് 7.78 ലക്ഷമായി. 2.59 ശതമാനമാണ് ഉയർന്നത്.

കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തത് 2022-ലായിരുന്നു. കോവിഡ് ഭീതിയകന്നുതുടങ്ങിയ വർഷം 7.84 ലക്ഷം വാഹനങ്ങളാണ് നിരത്തിലിറങ്ങിയത്. 2023-ൽ വാഹന രജിസ്‌ട്രേഷനിൽ ഇടിവുണ്ടായി.

രാജ്യത്തുതന്നെ കഴിഞ്ഞവർഷം ഏറ്റവും കൂടുതൽ വാഹനങ്ങൾ രജിസ്റ്റർ ചെയ്തതിലെ വരുമാനത്തിൽ അഞ്ചാം സ്ഥാനത്താണ് കേരളം. നികുതിയും ഫീസും ഉൾപ്പെടെ 6099 കോടി രൂപയാണ് ഈയിനത്തിൽ ലഭിച്ചത്. 2023-നേക്കാൾ 8.76 ശതമാനം വർധന. കഴിഞ്ഞ നാലുവർഷത്തിനിടെ ഏറ്റവും കൂടുതൽ വരുമാനം നേടിയതും 2024-ലാണ്.

കൂടുതലും ഇരുചക്രവാഹനങ്ങൾ

സംസ്ഥാനത്ത് കഴിഞ്ഞവർഷം നിരത്തിലിറങ്ങിയതിൽ ഭൂരിഭാഗവും ഇരുചക്രവാഹനങ്ങളാണ്. 7.78 ലക്ഷം വാഹനങ്ങളിൽ 5.08 ലക്ഷവും മോട്ടോർ ബൈക്കുകളും സ്‌കൂട്ടറുകളുമാണ്. 4.90 ലക്ഷം ഇരുചക്രവാഹനങ്ങളാണ് 2023-ൽ രജിസ്റ്റർ ചെയ്യപ്പെട്ടത്.

രണ്ടുലക്ഷം കാറുകളും 2024-ൽ നിരത്തിലിറങ്ങി. പെട്രോൾ വാഹനങ്ങൾ തന്നെയാണ് ഏറെയും. പെട്രോൾ ഇന്ധനമായുള്ള 5.42 ലക്ഷം വാഹനങ്ങളും 56,494 ഡീസൽ വാഹനങ്ങളും നിരത്തിലിറങ്ങി. വൈദ്യുതിമാത്രം ഇന്ധനമാക്കി 60,339 വാഹനങ്ങളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്യപ്പെട്ടത്.