
തിരുവനന്തപുരം: കെഎസ്ആർടിസി ബസ് പർച്ചേസിലെ വില വ്യത്യാസവുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ആരോപണങ്ങളിൽ മുൻ ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ നടത്തിയ വിശദീകരണങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണെന്ന് റിപ്പോർട്ടുകൾ. ബസുകളുടെ വിലയിൽ വന്ന വലിയ മാറ്റങ്ങൾക്ക് കാരണം ജിഎസ്ടി നിരക്കിലെ കുറവാണെന്നും രണ്ട് വ്യത്യസ്ത തരം വാഹനങ്ങളാണ് വാങ്ങിയതെന്നുമായിരുന്നു ഗണേഷ് കുമാറിന്റെ പ്രധാന വാദം. എന്നാൽ മോട്ടോർ വാഹന വകുപ്പിന്റെ ഔദ്യോഗിക 'പരിവാഹൻ' സൈറ്റിലെ വിവരങ്ങൾ പരിശോധിക്കുമ്പോൾ ഈ വാദങ്ങൾ നിലനിൽക്കില്ലെന്ന് വ്യക്തമാകുന്നു.
ഒരേ ദിവസം ഒരേ മോഡൽ ബസുകൾ വ്യത്യസ്ത വില നൽകി വാങ്ങിയതിലെ പൊരുത്തക്കേടുകളാണ് വിവാദത്തിന് ആധാരമായത്. 27 ലക്ഷം രൂപയ്ക്കും 30 ലക്ഷം രൂപയ്ക്കും കെഎസ്ആർടിസി വണ്ടി വാങ്ങിയിട്ടില്ലെന്നും മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ വ്യാജമാണെന്നും ഗണേഷ് കുമാർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചിരുന്നു. തങ്ങൾ 21 ലക്ഷത്തി അമ്പതിനായിരത്തോളം രൂപയ്ക്കാണ് വാങ്ങിയതെന്നായിരുന്നു അദ്ദേഹത്തിന്റെ അവകാശവാദം. എന്നാൽ പരിവാഹൻ സൈറ്റിലെ വിവരങ്ങൾ പ്രകാരം ഒരേ ദിവസം പല വിലയ്ക്കാണ് വണ്ടികൾ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ജിഎസ്ടി 28 ശതമാനത്തിൽ നിന്നും 18 ശതമാനമായി കേന്ദ്ര സർക്കാർ കുറച്ചതാണ് വില വ്യത്യാസത്തിന് കാരണമെന്നാണ് മുൻ മന്ത്രി വിശദീകരിച്ചത്. 2025 സെപ്റ്റംബർ 22-നാണ് പുതിയ ജിഎസ്ടി സ്ലാബ് നിലവിൽ വന്നത്. എന്നാൽ ഇതിനു മുൻപ് ജൂലൈ 11-ന് വാങ്ങിയ വാഹനങ്ങൾക്കും 18 ശതമാനം ജിഎസ്ടി മാത്രമേ ഈടാക്കിയിട്ടുള്ളൂ എന്ന് രേഖകൾ വ്യക്തമാക്കുന്നു. ഇതോടെ ജിഎസ്ടിയിലെ മാറ്റം മൂലമാണ് വില കൂടിയതെന്ന വാദം തകരുകയാണ്.
ബസുകളിലെ സസ്പെൻഷൻ സംവിധാനത്തിലുള്ള വ്യത്യാസമാണ് വിലയിൽ മാറ്റം വരാൻ കാരണമെന്ന മറ്റൊരു വാദവും ഗണേഷ് കുമാർ ഉയർത്തിയിരുന്നു. എയർ സസ്പെൻഷൻ ഉള്ള സൂപ്പർ ഫാസ്റ്റ് ബസുകളും സ്പ്രിങ് സസ്പെൻഷൻ ഉള്ള സാധാരണ ബസുകളും തമ്മിലുള്ള വില വ്യത്യാസമാണിതെന്നായിരുന്നു വിശദീകരണം. എന്നാൽ കെഎസ്ആർടിസിയുടെ ബില്ലുകൾ വിശദമായി പരിശോധിക്കുമ്പോൾ ഒരിടത്തുപോലും എയർ സസ്പെൻഷൻ ആണോ സ്പ്രിങ് സസ്പെൻഷൻ ആണോ എന്ന് വ്യക്തമാക്കിയിട്ടില്ല. എന്തുകൊണ്ട് വില കൂടി എന്നതിന് ബില്ലുകളിൽ കൃത്യമായ വിശദീകരണമില്ലാത്തത് ദുരൂഹത വർദ്ധിപ്പിക്കുന്നു.
മാധ്യമങ്ങൾ പുറത്തുവിട്ട കണക്കുകൾ കെഎസ്ആർടിസിയുടെ രേഖകളല്ലെന്നും പരിവാഹൻ സൈറ്റിലെ വിവരങ്ങൾ തെറ്റാണെന്നുമാണ് ഗണേഷ് കുമാർ പറയുന്നത്. പരിവാഹൻ സൈറ്റിലെ വിവരങ്ങൾ ക്രോഡീകരിച്ച ഗ്രാഫിക്സ് മാത്രമാണ് മാധ്യമങ്ങൾ കാണിച്ചതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ രാജ്യത്തെ മുഴുവൻ വാഹനങ്ങളുടെയും കൃത്യമായ വിവരങ്ങൾ അടങ്ങിയ ഔദ്യോഗിക പ്ലാറ്റ്‌ഫോമായ പരിവാഹനെ ഒരു മുൻ ഗതാഗത മന്ത്രി തന്നെ തള്ളിപ്പറയുന്നത് വിഷയത്തിൽ നിന്ന് ഒളിച്ചോടാനാണെന്ന വിമർശനം ശക്തമാണ്. ഈ ക്രമക്കേടുകളുമായി ബന്ധപ്പെട്ട് താൻ ഏത് അന്വേഷണത്തെയും നേരിടാൻ തയ്യാറാണെന്ന് ഗണേഷ് കുമാർ വെല്ലുവിളിച്ചിട്ടുണ്ട്. സിബിഐ വേണമെങ്കിൽ അന്വേഷിക്കട്ടെ എന്നും താൻ നേരിടാമെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlights: New Parivahan records expose flaws in Ganesh Kumar's claims regarding KSRTC bus purchase prices.
Published: 16 Jun 2026, 03:22 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented