
കൊച്ചി: 'ആദ്യത്തെ കണ്മണി ആണായാലും പെണ്ണായാലും പ്രസവസമയത്ത് ഞാന്‍ കൂടെയുണ്ടാകും...' കേരളത്തിലെ ഭര്ത്താക്കന്മാരില് പലരും ഇത്തരത്തില്‍ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നതായി ആരോഗ്യരംഗത്തെ കാഴ്ചകള്‍ തെളിയിക്കുന്നു. കേരളത്തില്‍ പ്രസവസമയത്ത് ലേബര്റൂമില് നില്ക്കുന്ന ഭര്ത്താക്കന്മാരുടെ എണ്ണം കൂടിവരുന്നു.
ഭാര്യക്കൊപ്പം ലേബര്റൂമില് നില്‍ക്കാനുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനത്തോളം പ്രസവങ്ങളിലും ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇത്തരം സൗകര്യമുള്ള സര്‍ക്കാര്‍ ആശുപത്രികളില്‍ 25 ശതമാനത്തോളം ഭര്ത്താക്കന്മാര് പ്രസവസമയത്ത് ലേബര്‍റൂമിലേക്ക് എത്തുന്നുണ്ടെന്നും കണക്കുകള്‍ പറയുന്നു.
തിരുവനന്തപുരത്തെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കിയ 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി വിജയകരമായിരുന്നു ആശുപത്രിയില്‍ പ്രസവസമയത്ത് ലേബര്റൂമില് ഉള്‍പ്പെടെ ബന്ധുവായ ഒരു സ്ത്രീയെ മുഴുവന്‍സമയം അനുവദിക്കുന്നതാണ് 'അമ്മയ്ക്കൊരു കൂട്ട്' പദ്ധതി.
പ്രസവസമയത്ത് സ്വകാര്യത ഉറപ്പാക്കിക്കൊണ്ട് ഗര്‍ഭിണിക്ക് ആത്മവിശ്വാസം കൂട്ടുന്ന ഈ പദ്ധതി 90 ശതമാനത്തോളംപേരും ഉപയോഗിച്ചിരുന്നു. ഈ പദ്ധതിയില്‍ അടുത്തബന്ധുവായ സ്ത്രീക്ക് പകരം ഭര്‍ത്താവിനെത്തന്നെ പ്രസവസമയത്ത് ഭാര്യയുടെ അടുക്കല്‍ നിര്‍ത്തുന്നതിനുള്ള ശ്രമങ്ങളുണ്ടായിരുന്നു.
ലേബര്‍റൂമിലേക്ക് ഭര്ത്താക്കന്മാര് കടന്നുവരാനുള്ള ആരോഗ്യകരവും മാനസികപരവുമായ നല്ല അന്തരീക്ഷം സൃഷ്ടിക്കണമെന്നും പ്രത്യേക നിര്‍ദേശവുമുണ്ടായിരുന്നു. സ്വകാര്യ ആശുപത്രികളില്‍ പ്രത്യേക ലേബര്‍ റൂം ഒരുക്കിയാണ് ഭര്ത്താക്കന്മാര്ക്ക് കൂടെനില്ക്കാനുള്ള അവസരം സൃഷ്ടിക്കുന്നത്. ഇതിന് സാധാരണ ആശുപത്രിച്ചെലവിനെക്കാള് കൂടുതല്‍ തുക നല്കേണ്ടിവരുന്നുണ്ട്.
എന്നാല്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ അധികതുക വാങ്ങാതെ തന്നെയാണ് പ്രസവസമയത്ത് ഒപ്പംനില്ക്കാന് ആഗ്രഹിക്കുന്ന ഭര്ത്താക്കന്മാര്ക്കായി പ്രത്യേക ലേബര്‍റൂം ഒരുക്കിയിരിക്കുന്നതെന്ന് എറണാകുളം ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. ആര്. ഷാഹിര്‍ ഷാ പറഞ്ഞു.
ഭര്‍ത്താവിന്റെ സാമീപ്യം പ്രധാനമാണ് - ഡോ. എസ്. മായാദേവി കുറുപ്പ്
ഒരു സ്ത്രീയെ സംബന്ധിച്ചിടത്തോളം ജീവിതത്തിലെ ഏറ്റവും വേദനയുള്ളതും അതേസമയം സന്തോഷം നല്‍കുന്നതുമായ കാര്യമാണ് പ്രസവം. ആ സമയത്ത് തന്റെ ഭര്‍ത്താവ് കൂടെയുള്ളത് ഗര്‍ഭിണിയുടെ മാനസികപിരിമുറുക്കം കുറയ്ക്കാന്‍ ഏറെ സഹായകരമാകും - ഡോ. എസ്. മായാദേവി കുറുപ്പ്, ആസ്റ്റര്‍ മെഡ്സിറ്റി.
Content Highlights: number of husbands stand with wife in labour room increases in kerala resport
Published: 15 May 2024, 09:31 am IST
ABOUT THE AUTHOR
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented