തിരുവനന്തപുരം: സംസ്ഥാനത്തെ യൂത്ത് കോൺഗ്രസ് നേതാക്കളുടെ ഫോൺ പോലീസ് ചോർത്തുന്നുവെന്ന് ആരോപണം. മുഖ്യമന്ത്രിക്കെതിരെ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിക്കാന്‍ തയ്യാറെടുക്കുന്നുവെന്ന സംശയത്തിൽ എൻഎസ്.യു.ഐ ദേശീയ സെക്രട്ടറി എറിക് സ്റ്റീഫനെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിന് പിന്നാലെയാണ് ഫോൺ ചോർത്തൽ ആരോപണമുയര്‍ത്തിയത്‌.

To advertise here,

എറിക് സ്റ്റീഫൻ ബംഗളൂരുവിലുള്ള കമ്പനിയിൽ വിളിച്ച് ഡ്രോണിന്റെ വിവരങ്ങളും അതിന്റെ പേലോഡ് ശേഷിയുമൊക്കെ അന്വേഷിച്ചിരുന്നു. ഇതിന് പിന്നാലെ അടുത്ത ദിവസം പോലീസ് എറിക് സ്റ്റീഫനെ കസ്റ്റഡിയിലെടുക്കുകയും ഡ്രോൺ വാങ്ങുന്നതെന്തിനാണെന്ന് അന്വേഷിക്കുകയും ചെയ്തിരുന്നു. 

ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് പോലീസിന്റെ വിശദീകരണം. എന്നാൽ താൻ ഫോണിൽ സംസാരിച്ച വിവരങ്ങൾ തിരിച്ച് പോലീസ് തന്നോട് തന്നെ അന്വേഷിച്ചത് ഫോൺ ചോർത്തൽ നടന്നുവെന്ന് ഉറപ്പിക്കുന്നുണ്ടെന്ന് എറിക് സ്റ്റീഫൻ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു. 

കെ.എസ്.യുവിന്റെ ഡി.ജി.പി. ഓഫീസ് മാർച്ചിന് മുമ്പാണ് ചൊവ്വാഴ്ച രാത്രി എറിക്കിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. പുലർച്ചെ നാലുവരെ സ്റ്റേഷനിൽ ഇരുത്തി. എറിക് ബെംഗളൂരുവിൽ വിളിച്ച് അന്വേഷിച്ച നാല് ഏജൻസികൾക്കും ഡ്രോൺ എറിക്കിന് വിൽക്കാൻ പാടില്ല എന്ന് നോട്ടീസ് നൽകുകയും ചെയ്തു. 

എന്നാൽ മാർ ഇവാനിയോസ് കോളേജിന്റെ ഒരു പരിപാടിയുടെ ചിത്രീകരണത്തിന് വേണ്ടിയാണ് ഡ്രോൺ വാങ്ങാൻ തീരുമാനിച്ചതെന്നാണ് എറിക് പറയുന്നത്.  ക്രിമിനൽ പശ്ചാത്തലമില്ലാത്ത തന്റെ ഫോൺ ചോർത്തിയത് എന്തിനാണെന്ന എറിക്കിന്റെ ചോദ്യത്തിന് പക്ഷെ പോലീസിന് മറുപടിയില്ല. താൻ ഡ്രോൺ വാങ്ങാൻ തീരുമാനിച്ചത് ഒരു ക്രിമിനൽ കുറ്റമല്ല. വാങ്ങിയ ഡ്രോൺ ഉപയോഗിച്ച് നിയമലംഘനം നടത്തിയാൽ മാത്രമേ അത് കുറ്റമാകുകയുള്ളു. ഒരു കുറ്റം ചെയ്യുമെന്ന് മുൻകൂട്ടി അനുമാനിച്ച് കേസെടുക്കാൻ എങ്ങനെ സാധിക്കുന്നുവെന്ന് എറിക് ചോദിക്കുന്നു.

ഫോൺ ചോർത്തിയെന്ന് പോലീസുകാർ തന്നെ സമ്മതിച്ചു. ഒരാൾ മാത്രമേ കേൾക്കൂവെന്ന് ഉദ്യോഗസ്ഥർ തന്നോട് വെളിപ്പെടുത്തിയെന്നും എറിക് സ്റ്റീഫൻ പറയുന്നു. തന്റെ ഫോൺ ചോർത്തിയിട്ടുണ്ടെങ്കിൽ യൂത്ത് കോൺഗ്രസിന്റെയും കോൺഗ്രസിന്റെയും കെ.എസ്.യുവിന്റെയും നേതാക്കളുടെ ഉൾപ്പെടെ ഫോണുകൾ ചോർത്തുന്നുണ്ടെന്ന് ഉറപ്പാണെന്ന് എറിക് സ്റ്റീഫൻ പറയുന്നു. 

പോലീസിന് ഫോൺ ചോർത്താം

കേസന്വേഷണത്തിന്റെ ഭാഗമായി പോലീസിന് ഫോൺ ചോർത്താം. സംശയിക്കുന്നവരുടെ ഫോൺ വിളിയുടെ വിശദാംശങ്ങൾ സൈബർ സെൽ വഴി സർവീസ് പ്രൊവൈഡർമാർ മുഖേനെ ശേഖരിക്കാൻ എല്ലാ എസ്.എച്ച്.ഒമാർക്കും അനുവാദമുണ്ട്. എന്നാൽ സംശയിക്കുന്നവരുടെ ഫോൺ വിളി ചോർത്താൻ അനുവാദം ഐ.ജി. മുതൽ മുകളിലോട്ടുള്ള ഉദ്യോഗസ്ഥർക്കാണ് അനുവാദം. അതും ഏഴ് ദിവസങ്ങൾ മാത്രം. എന്നാൽ ആഭ്യന്തര സെക്രട്ടറിയുടെ അനുമതി ഉണ്ടെങ്കിൽ രണ്ട് മാസം വരെ ഫോൺ വിളി നിരീക്ഷിക്കാനും ചോർത്താനും പറ്റും.

മുഖ്യമന്ത്രിക്ക് റോബോ ഫോബിയ

കുറ്റകൃത്യങ്ങൾ തടയാൻ ഫോൺ ചോർത്താമെന്ന് ഇവർ തന്നെ പറയുന്നു. ഞാൻ ഫോൺ വിളിച്ച് അടുത്ത ദിവസം പോലീസ് വീട്ടിൽ വന്നു. അടുത്തിടെയാണ് ഒരു കുട്ടിയെ കാണാതായത്. ആ കുട്ടിയെ കണ്ടുപിടിക്കാൻ എത്ര ദിവസം വേണ്ടി വന്നു. ഈ സംവിധാനമൊക്കെ മാതൃകാപരമായി വേണം ഉപയോഗിക്കാൻ. ക്രിമിനൽ പശ്ചാത്തലമില്ലാത്ത എന്റെ ഫോൺ ചോർത്തുന്നു. എന്നാൽ വലിയ ക്രൈം നടക്കുമ്പോൾ ചെയ്‌തോ. ഞാൻ ഒരു ഉപകരണം വാങ്ങുന്നു എന്നതിന്റെ പേരിൽ എന്റെ സ്വകാര്യതയിലേക്ക് ഒളിഞ്ഞുനോക്കുന്നത് ഒട്ടും സ്വീകാര്യമല്ല. 

മുഖ്യമന്ത്രിക്കും സംഘത്തിനും മാനസിക വിഭ്രാന്തിയാണ്. ഞാൻ ഡ്രോൺ വാങ്ങുന്നത് കരിങ്കൊടി കെട്ടി പ്രതിഷേധിക്കാനാണെന്ന് ഇവരെന്തിനാണ് സംശയിക്കുന്നത്. യൂത്ത് കോൺഗ്രസുകാരെയും കെ.എസ്.യുക്കാരെയും ഡിവൈഎഫ്‌ഐക്കാർ തല്ലുന്നു. അതൊന്നും തടയാൻ പോലീസിന് സമയമില്ല. ഒരു ഡ്രോൺ ഓർഡർ ചെയ്തതിനാണ് ഇത്രയും പ്രശ്‌നങ്ങൾ. ഇത്തരം ഭയങ്ങളെ റോബോ ഫോബിയ എന്നാണ് വിളിക്കുന്നത്. മുഖ്യമന്ത്രിക്ക് റോബോ ഫോബിയ ആണെന്ന് സംശയിക്കണം- എറിക് സ്റ്റീഫൻ കുറ്റപ്പെടുത്തി.