കോട്ടയം: ശബരിമല യുവതി പ്രവേശത്തിൽ സർക്കാർ നിലപാട് മാറ്റിയത് കൊണ്ടാണ് ആഗോള അയ്യപ്പസംഗമത്തിൽ പങ്കെടുത്തതെന്ന് ആവർത്തിച്ച് എൻഎസ്എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ. മന്നം ജയന്തിയോട് അനുബന്ധിച്ച് പെരുന്നയിൽ നടന്ന അഖില കേരള നായർ പ്രതിനിധി സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

അയ്യപ്പസംഗമത്തിൽ നിന്ന് വിട്ടുനിന്ന രാഷ്ട്രീയ പാർട്ടികൾ എൻഎസ്എസ് നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുവെന്ന് സുകുമാരൻ നായർ കുറ്റപ്പെടുത്തി. ശബരിമല വിഷയത്തിൽ എൻഎസ്എസിനെ കരുവാക്കാമെന്ന് ആരും വിചാരിക്കേണ്ടെന്നും സുകുമാരൻ നായർ പറഞ്ഞു.

സ്വർണക്കൊള്ള കേസിൽ രാഷ്ട്രീയ താത്പര്യങ്ങൾ വച്ചുകൊണ്ടുള്ള ദുഷ്പ്രചരണങ്ങൾ തെറ്റാണ്. അന്വേഷണത്തിൽ പാളിച്ച സംഭവിച്ചാൽ എൻഎസ്എസ് ഇടപെടുമെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പുകളിൽ സംഘടനയ്ക്ക് രാഷ്ട്രീയമില്ലെന്നും സമുദായ അംഗങ്ങൾക്ക് സ്വന്തം നിലയിൽ രാഷ്ട്രീയ തീരുമാനങ്ങൾ എടുക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമല വിഷയത്തിൽ എൻഎസ്എസ് സ്വീകരിച്ച നിലപാട് മാറ്റം സംഘടനയ്ക്കുള്ളിൽ തന്നെ സുകുമാരൻ നായർക്കെതിരേ വിമർശനങ്ങളുയരാൻ ഇടയാക്കിയിരുന്നു. പല കരയോഗങ്ങളിലും പ്രതിഷേധങ്ങൾ ഉയരുകയും രാജിക്കായി മുറവിളി കൂട്ടുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മന്നം ജയന്തി വേദിയിൽ തന്റെ നിലപാട് ന്യായീകരിച്ച് സുകുമാരൻ നായർ രംഗത്തെത്തിയത്.