ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടത്തിപ്പിൽ ക്രമക്കേടേറുന്നു. കോൺക്രീറ്റ് റോഡുനിർമാണത്തിന് സിമന്റിന്റെ അളവു കുറച്ചതു മുതൽ മരിച്ചയാളുടെ പേരിൽ കൂലി തട്ടിയെടുക്കുന്നതുവരെ ഒട്ടേറെ ക്രമക്കേടുകളാണു നടക്കുന്നത്. ഓംബുഡ്‌സ്മാനു ലഭിച്ച പരാതികളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റക്കാരായ ഉദ്യോഗസ്ഥരിൽനിന്ന് ലക്ഷക്കണക്കിനു രൂപയാണ് ഓരോവർഷവും തിരിച്ചുപിടിക്കുന്നത്.

To advertise here,

കഴിഞ്ഞ സാമ്പത്തികവർഷം 67 ലക്ഷം രൂപ തിരിച്ചുപിടിക്കാൻ ഓംബുഡ്‌സ്‌മാൻ ഉത്തരവിട്ടു. അതിൽ 11 ലക്ഷം രൂപ തിരികെയടച്ച് ഉദ്യോഗസ്ഥർ നടപടികളിൽനിന്ന് ഒഴിവായി. 1400-ലേറെ പരാതികൾ പരിശോധിച്ചായിരുന്നു നടപടി.

ഈ സാമ്പത്തികവർഷം ഇതുവരെ 286 പരാതികൾ ലഭിച്ചു. അതിൽ 187 എണ്ണത്തിൽ അന്വേഷണം പൂർത്തിയാക്കി 5.77 ലക്ഷം രൂപ തിരിച്ചടയ്ക്കാൻ ഓംബുഡ്‌സ്‌മാൻ നിർദേശിച്ചിട്ടുണ്ട്.

തോടു പുനരുദ്ധാരണ പദ്ധതിയിൽ കയർഭൂവസ്ത്രം വിരിക്കാതെ പണമെഴുതിയെടുക്കൽ, ആട്ടിൻകൂടു നിർമാണപദ്ധതിയിൽ അനർഹരെ ഉൾപ്പെടുത്തൽ, കൊരുപ്പുകട്ട വാങ്ങാൻ ഇരട്ടിയിലേറെ പണം എഴുതിയെടുക്കൽ, ‌മരിച്ചയാളുകളെ കൂലി തട്ടിയെടുക്കാനായി മസ്റ്റർ റോളിൽ നിലനിർത്തൽ തുടങ്ങി ഒട്ടേറെ ക്രമക്കേടുകളാണ് വിവിധ ജില്ലകളിൽ ഓംബുഡ്‌സ്മാൻ കണ്ടെത്തിയിട്ടുള്ളത്.

പദ്ധതി നിരീക്ഷിക്കാനായി കേന്ദ്രസർക്കാർ നിർദേശങ്ങൾ നൽകിയിരുന്നു. എന്നാൽ, പലതും കാര്യക്ഷമമായി നടത്താൻ സംസ്ഥാനത്തിനു കഴിഞ്ഞില്ല. പ്രാദേശിക രാഷ്ട്രീയ ഇടപെടലുകളും അതിനു തടസ്സമായി. തൊഴിലുറപ്പ് കാര്യക്ഷമമാക്കാൻ പ്രവൃത്തികൾ തത്സമയം നിരീക്ഷിക്കാനായി ഡ്രോൺ ഏർപ്പെടുത്തണമെന്നായിരുന്നു ഒടുവിലത്തെ നിർദേശം. അതും യാഥാർഥ്യമായിട്ടില്ല.

പരാതിയിൽ രണ്ടാമത് ആലപ്പുഴ

ക്രമക്കേടുമായി ബന്ധപ്പെട്ട് കൂടുതൽ പരാതികൾ ലഭിച്ചത് തലസ്ഥാനത്താണ്. കഴിഞ്ഞവർഷം 364-ഉം ഈ വർഷം ഇതുവരെ 90-ഉം പരാതി ലഭിച്ചു. കഴിഞ്ഞവർഷം ഇടുക്കിയായിരുന്നു പരാതിയിൽ രണ്ടാമത്. 305 എണ്ണം. ഇത്തവണ ആലപ്പുഴയാണ് രണ്ടാമത്-40 പരാതികൾ. കാസർകോടും എറണാകുളവുമാണ് ഇക്കുറി പരാതി കുറവുള്ള ജില്ലകൾ. കാസർകോട്ടുനിന്ന് ഒന്നും എറണാകുളത്തുനിന്നു മൂന്നു പരാതിയുമാണ് ലഭിച്ചത്. സാമ്പത്തികവർഷം തീരാൻ ഏഴുമാസം ബാക്കിയിരിക്കേ പരാതികൾ ഇനിയും കൂടിയേക്കും.