തിരുവനന്തപുരം: കേരളത്തിന് കോടികളുടെ ലാഭമുണ്ടാക്കുന്ന പാലക്കാട് ബ്രൂവറി പദ്ധതിയെ എതിര്‍ക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം.ബി. രാജേഷ്. കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗൂഢാലോചന നടത്തിയിട്ടുണ്ടോ എന്നും എം.ബി രാജേഷ് ചോദിച്ചു. സര്‍ക്കാര്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ക്യാബിനറ്റ് രേഖ താന്‍ കണ്ടെത്തിയ രഹസ്യരേഖയാക്കി അവതരിപ്പിച്ച് പ്രതിപക്ഷ നേതാവ് പരിഹാസ്യനാവുകയാണെന്നും എം.ബി. രാജേഷ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ബ്രൂവറി വിവാദത്തില്‍ വളരെ നിര്‍ഭാഗ്യകരമായ നിലപാടാണ് സ്വീകരിക്കുന്നത്. എഥനോള്‍ നിര്‍മ്മാണശാല അനുവദിക്കാനുള്ള തീരുമാനം കൂടിയാലോചനകളില്ലാതെയാണ് എടുത്തത് എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ക്യാബിനറ്റ് രേഖയാണ് പ്രതിപക്ഷ നേതാവ് വലിയ തെളിവായി പുറത്തുവിട്ടിരിക്കുന്നത്. കേരള സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച രേഖയാണ് അദ്ദേഹം വലിയ കണ്ടെത്തലായി രഹസ്യരേഖയെന്ന പേരില്‍ പുറത്തുവിടുന്നത്. ഇത്ര സുതാര്യമായി ഏത് സര്‍ക്കാരാണ് കാര്യങ്ങള്‍ ചെയ്യുന്നത്? മദ്യനയം സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ചതാണ്. പ്രതിപക്ഷ നേതാവ് ഉള്‍പ്പടെ ഇതിനോട് പ്രതികരിച്ചതുമാണ്. എന്നിട്ടിപ്പോള്‍ അവര്‍ പറയുകയാണ് ഈ നയം മാറ്റം ഒരു കമ്പനി മാത്രമേ അറിഞ്ഞുള്ളു എന്ന്. അവരവര്‍ പറഞ്ഞതെങ്കിലും ചെന്നിത്തലയ്ക്കും സതീശനും ഓര്‍മ്മ വേണ്ടേ. സംസ്ഥാനത്ത് ആവശ്യമായ എക്‌സ്ട്രാ ന്യൂട്രല്‍ ആല്‍ക്കഹോള്‍ കേരളത്തില്‍ തന്നെ നിര്‍മ്മിക്കുമെന്നന് 2022 ലെ മദ്യ നയത്തില്‍ തന്നെ പറഞ്ഞതാണ്. ഇതിന് തയ്യാറാവുന്ന ഡിസ്റ്റിലറികള്‍ക്ക് അനുമതി നല്‍കുമെന്നും ഇതില്‍ പറയുന്നുണ്ട്. ഇത് അറിഞ്ഞില്ലെന്നാണ് പ്രതിപക്ഷം പറയുന്നത്.
യാതൊരു അന്വേഷണവുമില്ലാതെയാണ് ഈ കമ്പനിക്ക് അനുമതി നല്‍കിയതെന്നാണ് മറ്റൊരു ആരോപണം. പത്ത് ഘട്ടമായുള്ള പരിശോധനകള്‍ നടത്തിയാണ് അനുമതി നല്‍കിയത്. അതും പ്രാരംഭാനുമതി മാത്രം. 14 മാസമെടുത്താണ് ഈ പ്രവൃത്തി പൂര്‍ത്തിയാക്കിയത്. മന്ത്രിയുടെ മുന്നില്‍ ഇതെത്തിയപ്പോള്‍ ജലലഭ്യത സംബന്ധിച്ച് വ്യക്തത വരുത്താന്‍ ആവശ്യപ്പെട്ട് തിരിച്ചയച്ചു. എക്‌സൈസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് പിന്നീട് അനുമതി നല്‍കിയത്.
വെള്ളത്തിന്റെ കാര്യത്തില്‍ തെറ്റായ പ്രചരണം പലരെയും തറ്റിദ്ധരിപ്പിച്ചത്. ഈ പദ്ധതിക്കായി ഒരു തുള്ളി ഭൂഗര്‍ഭജലമെടുക്കില്ല എന്നത് പല തവണ വ്യക്തമാക്കിയിട്ടുള്ളതാണ്. പക്ഷെ ഇക്കാര്യം പലരും മറച്ചുവെക്കുന്നു. വെള്ളത്തിന്റെ കണക്കും പലരും തെറ്റായ രീതിയിലാണ് പ്രചരിപ്പിക്കുന്നത്. പാലക്കാട് നഗരത്തിന് മൊത്തം വേണ്ടി വരുന്ന വെള്ളത്തിന്റെ 1.1ശതമാനം മാത്രമാണ് ഈ പ്ലാന്റിന് ആകെ വേണ്ടി വരുന്നത്. അതും ഫാക്ടറി പൂര്‍ണതോതില്‍ പ്രവര്‍ത്തന സജ്ജമാകുമ്പോള്‍ മാത്രം. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് കിന്‍ഫ്രയ്ക്ക് മലമ്പുഴയില്‍ നിന്ന് വ്യവസായ ആവശ്യത്തിന് വെള്ളം കൊടുക്കാന്‍ തീരുമാനിക്കുന്നത്.
പദ്ധതിയില്‍ മഴവെള്ള സംഭരണി ഉണ്ടെന്ന് ഉറപ്പുവരുത്തിയിട്ടുണ്ട്. ഇതിനേക്കാള്‍ ജലക്ഷാമമുള്ള അഹല്യയില്‍ 24 കോടി ലിറ്റര്‍ വെള്ളമാണ് സംഭരിക്കുന്നത്. കിന്‍ഫ്രയ്ക്കും ഇതേ മേഖലയില്‍ മഴവെള്ള സംഭരണിയുണ്ട്. രമേശ് ചെന്നിത്തലയെയും മാധ്യമങ്ങളെയും ഈ മഴവെള്ള സംഭരണി കാണാന്‍ ക്ഷണിക്കുകയാണ്. കര്‍ണാടകയിലെ മന്ത്രിമാരുടെയും കോണ്‍ഗ്രസ് നേതാക്കളുടെയും കമ്പനിയില്‍ നിന്നാണ് നിലവില്‍ കേരളത്തിലേക്ക് സ്പിരിറ്റ് വരുന്നത്. കേരളത്തിന് നൂറ് കണക്കിന് കോടികളുടെ നഷ്ടമാണ് ഉണ്ടാകുന്നത്. ഇതില്‍ മാറ്റമുണ്ടാക്കുന്ന കമ്പനിയെ കോണ്‍ഗ്രസ് എതിര്‍ക്കുന്നതില്‍ ദുരൂഹതയില്ലേ. മുന്‍ പ്രതിപക്ഷ നേതാവ് കേരളത്തിന് പുറത്തുള്ള സ്പിരിറ്റ് നിര്‍മ്മാണ കമ്പനികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ടോ എന്നും എം.ബി. രാജേഷ് ചേദിച്ചു.
Content Highlights: not even a drop of groundwater will be extracted for brewery says minister mb rajesh
Published: 29 Jan 2025, 04:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented