ന്യൂഡല്‍ഹി: ബിജെപിക്കെതിരായ പ്രതിപക്ഷ മഹാസഖ്യത്തില്‍ ആം ആദ്മി പാര്‍ട്ടി പങ്കാളികളായെങ്കിലും പഞ്ചാബില്‍ അവരുമായി സഖ്യംവേണ്ടെന്ന് കോണ്‍ഗ്രസില്‍ നിര്‍ദേശം. എഎപിയുമായി തിരഞ്ഞെടുപ്പ് സഖ്യമുണ്ടാക്കരുതെന്ന് പഞ്ചാബ് പ്രതിപക്ഷ നേതാവ് പ്രതാപ് സിങ് ബജ്‌വ കോണ്‍ഗ്രസ് അധ്യക്ഷന്‍ മലികാര്‍ജുന്‍ ഖാര്‍ഗെയോടും സോണിയ ഗാന്ധിയോടും ആവശ്യപ്പെട്ടു.

To advertise here,

കഴിഞ്ഞ വര്‍ഷം നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പരാജയപ്പെടുത്തിയാണ് എഎപി പഞ്ചാബില്‍ അധികാരത്തിലേറിയത്.

കേരള മോഡല്‍ വേണമെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് നേതൃത്വം ഹൈക്കമാന്‍ഡിനോട് നിര്‍ദേശിച്ചിരിക്കുന്നത്. ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസും വിശാല പ്രതിപക്ഷ മുന്നണിയായ 'ഇന്ത്യ'യില്‍ സഖ്യകക്ഷികളാണെങ്കിലും കേരളത്തില്‍ രണ്ട് മുന്നണികളായിട്ടാണ് പാര്‍ട്ടികള്‍ മത്സരിക്കുന്നത്. സമാനമായ മോഡലാണ് പഞ്ചാബിലും വേണ്ടതെന്നാണ് പഞ്ചാബ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.

എഎപിയെ പ്രതിപക്ഷ സഖ്യത്തില്‍ ഉള്‍പ്പെടുത്തുന്നതിനെതിരെ നേരത്തെ തന്നെ പഞ്ചാബ്,ഡല്‍ഹി കോണ്‍ഗ്രസ് ഘടകങ്ങള്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. തുടര്‍ന്ന്‌ ഡല്‍ഹി ഓര്‍ഡിനന്‍സില്‍ കോണ്‍ഗ്രസ് ദേശീയ നേതൃത്വം പാര്‍ട്ടിക്കുള്ളില്‍ സമവായം ഉണ്ടാക്കിയാണ് എഎപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നത്. ഇതേ തുടര്‍ന്നാണ് ബെംഗളൂരുവില്‍ നടന്ന പ്രതിപക്ഷ യോഗത്തില്‍ എഎപി പങ്കെടുത്തതും.

'പഞ്ചാബില്‍ ആം ആദ്മി പാര്‍ട്ടിക്കെതിരെ 'കേരള മോഡലില്‍' പോരാടണമെന്നാണ് ആഗ്രഹിക്കുന്നത്' ബജ്‌വ ഒരു ഇംഗ്ലീഷ് മാധ്യമത്തോട് പറഞ്ഞു.

പഞ്ചാബില്‍ എഎപിയുമായി സഖ്യത്തില്‍ മത്സരിക്കുന്നത് സംസ്ഥാനത്ത് പാര്‍ട്ടിയെ കൂടുതല്‍ ക്ഷയിപ്പിക്കുമെന്നും നേതാക്കള്‍ ഹൈക്കമാന്‍ഡിന് മുന്നറിയിപ്പ് നല്‍കി. ലോക്‌സഭയിലും നിയമസഭയിലും പഞ്ചാബില്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് തന്നെ മത്സരിക്കണം. അല്ലാതിരുന്നാല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് അധികാരത്തില്‍ തിരിച്ചെത്തുക അസാധ്യമായിരിക്കുമെന്നും ബജ്‌വ വ്യക്തമാക്കി.