ഡൽഹി: കേന്ദ്രസർക്കാരിന് അധികകാലം തുടരാനുള്ള രാഷ്ട്രീയ സാഹചര്യമല്ല രാജ്യത്തുള്ളതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. രാജ്യം കടുത്ത സാമ്പത്തിക മാന്ദ്യത്തിലൂടെയാണ് കടന്നുപോകുന്നത്. വിലക്കയറ്റവും തൊഴിലില്ലായ്മയും കാർഷിക പ്രതിസന്ധിയും വിദ്യാഭ്യാസരംഗത്തെ പ്രശ്‌നങ്ങളും ജനങ്ങളെ ദുരിതത്തിലാഴ്ത്തി. ഈ അവസരം മറ്റെല്ലാം മറന്ന് ഐക്യത്തോടെ ഉപയോഗിക്കണമെന്നും ഇന്ത്യസഖ്യം യോഗത്തിൽ കോൺഗ്രസിനെതിരേയുള്ള വിമർശനത്തിന് മറുപടിയായി രാഹുൽ പറഞ്ഞു.

To advertise here,

ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ ഇപ്പോഴും രാജ്യത്തിനുവേണ്ടി ജീവൻ നൽകാൻ തയ്യാറാണെന്നും മുൻനിരയിൽ താനുണ്ടാവുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കഴിഞ്ഞകാല പ്രവർത്തനങ്ങളുടെ പോസ്റ്റ് മോർട്ടത്തിനുള്ള സമയമല്ല ഇതെന്നും രാജ്യത്തിന്റെ ഭാവിക്കായി ഒറ്റക്കെട്ടായി മുന്നോട്ടുപോവണമെന്നും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു. മോദി സർക്കാരിന്റെ ദുർഭരണംകാരണം രാജ്യം നേരിടുന്ന ഒട്ടേറെ രാഷ്ട്രീയ, സാമ്പത്തിക, സാമൂഹിക, വിദേശനയ വെല്ലുവിളികളെ നേരിടാൻ ഐക്യമനോഭാവത്തെ കൂടുതൽ ശക്തിപ്പെടുത്തുകയും കെട്ടിപ്പടുക്കുകയും വേണം. -ഗാർഗെ പറഞ്ഞു. ബി.ജെ.പി.ക്കെതിരേ പ്രതിപക്ഷനിര ശക്തമാക്കേണ്ട സമയമാണിതെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജി ഓർമ്മപ്പെടുത്തി.

ധാരാളം ഉത്തരവാദിത്വം നിറവേറ്റാൻ കഴിയുന്ന പാർട്ടിയാണ് കോൺഗ്രസെന്നും എന്നാൽ, അവശ്യം വേണ്ടുന്ന ഏകോപനം കോൺഗ്രസിന്റെ ഭാഗത്തുനിന്നുണ്ടാവുന്നില്ലെന്നും സമാജ് വാദി പാർട്ടിയധ്യക്ഷൻ അഖിലേഷ് യാദവ് പറഞ്ഞു.

കോൺഗ്രസ് ദേശീയ നേതൃത്വം ഐക്യത്തിന്റെ ആവശ്യകത പ്രാദേശിക നേതാക്കൾക്കും പകർന്നുനൽകണമെന്ന് ആർ.ജെ.ഡി. നേതാവ് തേജസ്വി യാദവ് പറഞ്ഞു. കൂടിയിരിക്കുന്നത് കുറ്റങ്ങളും കുറവുകളും കണ്ടുപിടിക്കാനാവരുത്. ചെയ്യേണ്ടതിനെക്കുറിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണം. മുന്നിലുള്ള ശത്രു നിസ്സാരക്കാരനല്ല, ഒമർ അബ്ദുള്ള പറഞ്ഞു