കരിവെള്ളൂര്‍: രണ്ടുവര്‍ഷമായി സര്‍ക്കാര്‍സഹായം കിട്ടാതായതോടെ കേരള പൂരക്കളി അക്കാദമിയുടെ പ്രവര്‍ത്തനം പ്രതിസന്ധിയിലായി. അക്കാദമിക്ക് ഭരണസമിതിയും ഓഫീസും ഉണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിമൂലം പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല.

To advertise here,

ഉമ്മന്‍ ചാണ്ടി സര്‍ക്കാരില്‍ കെ.സി. ജോസഫ് സാംസ്‌കാരികമന്ത്രിയായിരിക്കുമ്പോഴാണ് കേരളാ നാടന്‍കലാ അക്കാദമിയുടെ കീഴില്‍ പൂരക്കളി അക്കാദമി വന്നത്. പൂരക്കളി, മറുത്തുകളി കലാകാരന്മാര്‍ക്ക് ആവശ്യമായ പ്രോത്സാഹനം നല്‍കുക, പൂരക്കളിയില്ലാത്ത മേഖലകളില്‍ കലയെ പരിചയപ്പെടുത്തുക തുടങ്ങിയവയായിരുന്നു ലക്ഷ്യം.

ഒന്നാം പിണറായിസര്‍ക്കാരിന്റെ കാലത്ത് എ.കെ. ബാലന്‍ സാംസ്‌കാരികമന്ത്രിയായിരിക്കുമ്പോള്‍ കേരള പൂരക്കളി അക്കാദമിയെ സാംസ്‌കാരിവകുപ്പിന്റെ കീഴിലാക്കുകയും 58 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു. അക്കാലത്തുള്ള ഭരണസമിതിക്ക് പല പ്രവര്‍ത്തനങ്ങളും നടത്താന്‍ കഴിഞ്ഞു. കേരളത്തിലുടനീളം 105 കേന്ദ്രങ്ങളില്‍ പൂരക്കളിയും 45 കേന്ദ്രങ്ങളില്‍ മറുത്തുകളിയും 12 സെമിനാറുകളും അവതരിപ്പിച്ചിരുന്നു.

പൂരക്കളി, മറുത്തുകളി കലാകാരന്മാര്‍ക്ക് പുരസ്‌കാരങ്ങളും നല്‍കി. പൂരക്കളി അക്കാദമിക്ക് ആസ്ഥാനമന്ദിരം പണിയുന്നതിന് എം.എല്‍.എ. ആയിരുന്ന സി. കൃഷ്ണന്‍ ആസ്തിവികസന ഫണ്ടില്‍നിന്ന് രണ്ടുകോടി രൂപ അനുവദിച്ചിരുന്നു. വെള്ളൂര്‍ കുടക്കത്ത് കൊട്ടണച്ചേരി ദേവസ്വം സൗജന്യമായി നല്‍കിയ സ്ഥലത്ത് നിര്‍മാണം അവസാനഘട്ടത്തിലാണ്.

രണ്ടാം പിണറായിസര്‍ക്കാര്‍ പുതിയ ഭരണസമിതിയെ നിയമിച്ചെങ്കിലും പിന്നീട് സഹായമൊന്നും നല്‍കിയില്ല. പയ്യന്നൂര്‍ നഗരസഭയുടെ കെട്ടിടത്തില്‍ ഓഫീസ് ഉണ്ടെങ്കിലും ജീവനക്കാരില്ലാത്തതുമൂലം സ്ഥിരമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നില്ല. ദൈനംദിന പ്രവര്‍ത്തനങ്ങള്‍ക്കാവശ്യമായ പണം ഭരണസമിതി അംഗങ്ങള്‍ക്ക് സ്വന്തം കൈയില്‍നിന്നെടുക്കേണ്ടിവരുന്നു.പൂരക്കളി, മറുത്തുകളി കലാകാരന്മാര്‍ക്ക് നല്‍കുന്ന അവാര്‍ഡിന് അപേക്ഷ സ്വീകരിച്ചുവെങ്കിലും സാമ്പത്തിക പ്രതിസന്ധി മൂലം രണ്ടുവര്‍ഷമായി പുരസ്‌കാരം നല്‍കിയിട്ടില്ല.

നാലുമാസം മുന്‍പ് പൂരക്കളി അക്കാദമിക്ക് 15 ലക്ഷം രൂപ അനുവദിച്ച് ഉത്തരവിറങ്ങിയെങ്കിലും ഇതുവരെ അക്കാദമിക്ക് കിട്ടിയിട്ടില്ല. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി മൂവായിരത്തിലധികം പൂരക്കളി, മറുത്തുകളി കലാകാരന്മാരുണ്ട്.