ഇരിങ്ങാലക്കുട: സംസ്ഥാനത്തെ സ്പോർട്സ് കൗൺസിൽ കായിക വിദ്യാർഥികൾക്ക് നൽകിവരുന്ന ഭക്ഷണ ഗ്രാന്റ് ഒരു വർഷമായി മുടങ്ങി. ജില്ലാ സ്‌പോർട്ട്‌സ് കൗൺസിൽ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നൽകിവരുന്ന ഗ്രാന്റാണ് ഏപ്രിൽ മുതൽ തടസ്സപ്പെട്ടിരിക്കുന്നത്. ഗ്രാന്റ് വൈകുന്നത് ആയിരക്കണക്കിന് കായിക വിദ്യാർഥികളുടെ പഠനത്തെയും പരിശീലനത്തെയും പ്രതിസന്ധിയിലാക്കി.

To advertise here,

2023-24 അധ്യയനവർഷത്തിൽ രണ്ടുമാസവും 2024-25 വർഷത്തിൽ മുഴുവനായും തുക ലഭിക്കാനുണ്ടെന്നാണ് ഹോസ്റ്റലുകൾ പറയുന്നത്. മാർച്ച് ആയതോടെ ഹോസ്റ്റൽ കാന്റീൻ നടത്തിപ്പുകാർക്ക് പണം കൊടുക്കാൻ കഴിയാതെ പല കോളേജുകളും പ്രതിസന്ധിയിലായിരിക്കുകയാണ്.

ഒരു കുട്ടിക്ക് ദിവസം 250 രൂപ വീതം ഒരു മാസം 7500 രൂപയാണ് ഭക്ഷണ ഗ്രാന്റായി നൽകുന്നത്. നിലവിൽ സ്‌പോർട്സ് ഹോസ്റ്റലുകളുള്ള സ്‌കൂളുകളും കോളേജുകളും മുൻകൂർ പണമെടുത്താണ് ഭക്ഷണം നൽകുന്നത്. ലക്ഷക്കണക്കിന് രൂപയുടെ ബാധ്യതയാണ് ഇതിലൂടെ ഇവർക്കുണ്ടായിരിക്കുന്നത്. പല കോളേജുകളും സ്‌പോർട്ട്‌സ് ഹോസ്റ്റൽ നിർത്തി. ഇതര ജില്ലകളിൽനിന്നും എത്തിയാണ് കുട്ടികൾ മിക്കവരും കോളേജ് പ്രവേശനം നേടിയിരിക്കുന്നത്. ഇവരുടെ പഠനം തന്നെ പാതിവഴിയിൽ നിലയ്ക്കുമോയെന്ന ആശങ്കയുണ്ട്.

എന്നാൽ ഹോസ്റ്റലുകൾക്ക് ജൂൺ, ജൂലായ് മാസങ്ങളിലെ തുക പാസ്സാക്കി നൽകിയിട്ടുണ്ടെന്നാണ് സ്‌പോർട്ട്‌സ് കൗൺസിൽ പറയുന്നത്. ഓഗസ്റ്റ്, സെപ്റ്റംബർ മാസത്തെ തുക കൊടുക്കാൻ ബില്ല് ശരിയാക്കി വരുന്നു. പണം കിട്ടുന്ന മുറയ്ക്ക് ഹോസ്റ്റലുകൾക്ക് കൈമാറുമെന്നും സ്‌പോർട്സ് കൗൺസിൽ അധികൃതർ അറിയിച്ചു.