തിരുവനന്തപുരം: തൊണ്ടിമുതൽ തിരിമറി കേസിൽ താൻ നിരപരാധിയാണെന്ന് ആന്റണി രാജു എംഎൽഎ. തനിക്കെതിരെ തെളിവുകൾ ഒന്നുമില്ലെന്നും കേസ് രാഷ്ട്രീയപ്രേരിതമാണെന്നും മുൻമന്ത്രി പറഞ്ഞു. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാം എന്നതിന്റെ തെളിവാണ് ഇതെന്നും അതിനെ നിയമപരമായി തന്നെ നേരിടാനാണ് തീരുമാനമെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

'വിശദമായി അന്വേഷിച്ച് വേറെ മൂന്ന് പ്രതികളാണ് ഈ കേസിലെ കുറ്റക്കാരെന്ന് കണ്ടെത്തി ഹൈക്കോടതിക്ക് റിപ്പോർട്ട് സമർപ്പിച്ചതാണ്. ആ റിപ്പോർട്ട് ഹൈക്കോടതി അംഗീകരിച്ചതാണ്. അതിനുശേഷം എ.കെ. ആന്റണി സർക്കാരിന്റെ കാലഘട്ടത്തിൽ 2002-ൽ മൂന്ന് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിൽ എട്ട് പോലീസ് ഉദ്യോഗസ്ഥന്മാർ ഈ കേസ് അന്വേഷിക്കുകയും ഞാൻ നിരപരാധിയാണെന്ന് തെളിയിച്ചിട്ടുള്ളതുമാണ്.' ആന്റണി രാജു പറഞ്ഞു.

'കേസിൽ വേറെ ആളുകളാണ് കുറ്റക്കാരെന്നുള്ള റിപ്പോർട്ട് കോടതിക്ക് സമർപ്പിച്ചിരുന്നു. ആ റിപ്പോർട്ട് കോടതി അംഗീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ടുതന്നെ എന്നെ സംബന്ധിച്ചിടത്തോളം ഞാൻ ഈ കേസിൽ പൂർണായും നിരപരാധിയാണ്. ആ ആത്മവിശ്വാസം എനിക്കുണ്ട്. ആ ആത്മവിശ്വാസമാണ് എന്നെ നയിക്കുന്നത്. കോടതിയിൽ നിരപരാധികളും ശിക്ഷിക്കപ്പെടാം എന്നുള്ളതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് ഈ കേസ്.' അദ്ദേഹം പറഞ്ഞു.

'എനിക്കെതിരെ യാതൊരു തെളിവും ഇല്ല എന്നതാണ് എന്റെ ആത്മവിശ്വാസം. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഒരു ഇന്ത്യൻ പൗരനാണ് ഞാൻ, നിയമത്തിൽ വിശ്വസിക്കുന്ന ആളാണ്. നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. കേസ് രാഷ്ട്രീയ പ്രേരിതമാണ്. അതിനെ നിയമപരമായി നേരിടാനാണ് തീരുമാനം.' ആന്റണി രാജു വ്യക്തമാക്കി. 1990 ഏപ്രിലിൽ തിരുവനന്തപുരം വിമാനത്താവളത്തിൽ ലഹരിമരുന്ന് കേസിൽ പിടിയിലായ ഓസ്‌ട്രേലിയൻ പൗരനെ ശിക്ഷയിൽനിന്ന് രക്ഷപ്പെടുത്താൻ തൊണ്ടിമുതലായ അടിവസ്ത്രത്തിൽ കൃത്രിമം കാട്ടി എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.