
തിരുവനന്തപുരം: ഭൂരിപക്ഷ വർഗീയതയെ ന്യൂനപക്ഷ വർഗീയത കൊണ്ട് നേരിടുന്നത് ആത്മഹത്യാപരമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിരവധി വർഗീയസംഘർഷങ്ങളുണ്ടായിരുന്ന നാടായിരുന്നു കേരളം. എന്നാൽ കഴിഞ്ഞ പത്തുവർഷത്തിനിടെ ഒരു വർഗീയസംഘർഷം പോലുമുണ്ടായിട്ടില്ലെന്നും കാന്തപുരത്തിന്റെ കേരളയാത്ര സമാപനസമ്മേളനത്തിൽ സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു. പ്രസംഗത്തിനിടെ മാറാട് കലാപവും മുഖ്യമന്ത്രി പരാമർശിച്ചു.
‘കേരളം എന്നത് വർഗീയസംഘർഷം ഒരുകാലത്തും ഇല്ലാതിരുന്ന ഒരു നാടല്ല. വിവിധഘട്ടങ്ങളിൽ വർഗീയസംഘർഷമുണ്ടായിട്ടുണ്ട്. ആ നാട്ടിൽ ഇപ്പോൾ വർഗീസംഘർഷം തീർത്തും മാറ്റി നിർത്താൻ നമുക്ക് കഴിഞ്ഞിട്ടുണ്ട്. എന്തുകൊണ്ട് വർഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം സ്വീകരിക്കണം?. ഒരു വർഗീയതയെയും പ്രീണിപ്പിക്കുന്ന നിലപാട് സ്വീകരിക്കരുത്. എല്ലാ വർഗീയതയോടും കർക്കശമായ നിലപാട് സ്വീകരിക്കണം, മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം മറ്റുള്ളവരെ കാറിൽ സൂക്ഷിച്ചുകയറ്റണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ അതേവേദിയിൽ മുഖ്യമന്ത്രി ഇരിക്കവേ പറഞ്ഞു. അവർ വിദ്വേഷം പ്രസംഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണം. മതേതരത്വത്തെ തൊട്ടുകളിച്ചാൽ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണമെന്നും അദ്ദേഹം കേരളയാത്രാ സമാപന സമ്മേളനത്തിൽ സംസാരിക്കവേ കൂട്ടിച്ചേർത്തു. അയ്യപ്പസംഗമ പരിപാടിക്കിടെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ മുഖ്യമന്ത്രി പിണറായി വിജയൻ കാറിൽ കയറ്റിയതിനെ പരോക്ഷമായി പരാമർശിക്കുകയായിരുന്നു സതീശൻ.
നമുക്ക് മതേതരത്വം പറയാൻ എളുപ്പമാണ്. പ്രസംഗിക്കാനും എളുപ്പമാണ്. നമുക്കൊരുപാട് കാര്യങ്ങൾ പറയാം. മതേതരത്വം ഒരുവശത്ത് പറഞ്ഞുകൊണ്ട് മറ്റൊരുവശത്ത് വിദ്വേഷപ്രസംഗം നടത്തുന്നവരെ നമ്മൾ പൊന്നാടയിട്ട് സ്വീകരിക്കരുത്. നമ്മൾ കാറിൽ കയറ്റിയാലൊന്നും കുഴപ്പമില്ല. പക്ഷേ കാറിൽ കയറ്റുന്നവരെ നമ്മൾ സൂക്ഷിച്ചുവേണം (കയറ്റാൻ), സതീശൻ പറഞ്ഞു.
Content Highlights: no communal conflict in ten years says chief minister pinarayi vijayan beware when give lift to people in car says vd satheesan
Published: 16 Jan 2026, 09:44 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented