
പാലക്കാട്: ‘ഇറച്ചിക്കടയ്ക്കുമുന്നിലെ പട്ടികളെപ്പോലെ’ എന്ന മാധ്യമപ്രവർത്തകർക്കെതിരായ പ്രസ്താവന തിരുത്തില്ലെന്ന് മുൻ എം.പി.യും സി.പി.എം. സംസ്ഥാനസമിതി അംഗവുമായ എൻ.എൻ. കൃഷ്ണദാസ് ശനിയാഴ്ച രാവിലെ മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ, അതെല്ലാം കഴിഞ്ഞദിവസം കഴിഞ്ഞുവെന്നും ഞങ്ങൾ പുതിയ കാര്യങ്ങളിലേക്കു കടന്നുവെന്നുമാണ് കൃഷ്ണദാസ് ശനിയാഴ്ച വൈകീട്ട് ‘മാതൃഭൂമി’യോടു പ്രതികരിച്ചത്. പുതിയ കാര്യങ്ങളുണ്ടെങ്കിൽ പറയൂ എന്നും അദ്ദേഹം പറഞ്ഞു.
പ്രസ്താവന പിൻവലിക്കണമെന്ന പത്രപ്രവർത്തക സംഘടനയുടെ ആവശ്യം നാലാക്കിമടക്കി ചാലിലേക്ക് വലിച്ചെറിഞ്ഞാൽ മതിയെന്ന് ശനിയാഴ്ച രാവിലെ ചില മാധ്യമങ്ങളോട് കൃഷ്ണദാസ് പറഞ്ഞു. പെട്ടെന്നു പറഞ്ഞതല്ലെന്നും ചിന്തിച്ചുറച്ച് ഉത്തമബോധ്യത്തിൽ പറഞ്ഞതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഭവത്തിൽ പരക്കെ പ്രതിഷേധമുയർന്നതോടെ സി.പി.എമ്മും പ്രതിരോധത്തിലായി. പ്രസ്താവന താൻ ശ്രദ്ധിച്ചിട്ടില്ലെന്നും അങ്ങനെയുണ്ടെങ്കിൽ മാപ്പുപറയുന്നുവെന്നും സ്ഥാനാർഥി പി. സരിൻ മാധ്യമങ്ങളോടു പ്രതികരിച്ചു. കൃഷ്ണദാസിനെ തള്ളാൻ തയ്യാറായില്ലെങ്കിലും മാധ്യമങ്ങളോട് എതിർപ്പില്ലെന്നും ഓരോരുത്തർക്കും ഓരോ ശൈലിയുണ്ടെന്നും സി.പി.എം. ജില്ലാസെക്രട്ടറി ഇ.എൻ. സുരേഷ് ബാബു പറഞ്ഞു. മാധ്യമങ്ങളാണ് കൃഷ്ണദാസിനെ പ്രാകോപിപ്പിച്ചതെന്ന് കേന്ദ്രകമ്മിറ്റിയംഗം എ.കെ. ബാലൻ പ്രതികരിച്ചു.
കൃഷ്ണദാസ് ഉപയോഗിച്ച ഭാഷ സി.പി.എമ്മുകാരുടെ ഇപ്പോഴത്തെ ഭാഷയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ മലപ്പുറത്ത് പറഞ്ഞു. പ്രസ്താവനയ്ക്കെതിരേ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ, ഷാഫി പറമ്പിൽ എം.പി., യു.ഡി.എഫ്. സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എന്നിവർ രംഗത്തെത്തി.
ഇതിനിടെ ഞായറാഴ്ച രാവിലെ മാധ്യമപ്രവർത്തകരുമായി സരിൻ നടത്തുന്ന പ്രാതൽ യോഗം അനിശ്ചിതത്വത്തിലായി. പരിപാടിക്കു പോകുമെങ്കിലും ഭക്ഷണം കഴിക്കില്ലെന്ന നിലപാടിലാണ് ഒരുവിഭാഗം മാധ്യമപ്രവർത്തകർ. ഈ വിഷയം സ്ഥാനാർഥിയുടെ മീഡിയാ വാട്‌സാപ്പ് ഗ്രൂപ്പിൽ ചർച്ചയാവുകയും സരിൻ വീണ്ടും മാപ്പുപറയുകയും ചെയ്തു. വ്യക്തികൾ അല്ല പാർട്ടിയെന്നും പാർട്ടി നിലപാട് പാർട്ടി സെക്രട്ടറി പറയുന്നതാണെന്നും ഡി.വൈ.എഫ്.ഐ. ജില്ലാ പ്രസിഡന്റ് ആർ. ജയദേവൻ പറഞ്ഞു.
സംഭവത്തിൽ കേരള പത്രപ്രവർത്തക യൂണിയൻ പാലക്കാട് ജില്ലാക്കമ്മിറ്റി പ്രതിഷേധിച്ചു. സംസ്ഥാന ഭാരവാഹികൾ തൃശ്ശൂരിൽ എം.വി. ഗോവിന്ദനെക്കണ്ട് പ്രതിഷേധമറിയിച്ചു.
Content Highlights: nn krishnadas controversial statement against media did not correct
Published: 27 Oct 2024, 07:14 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented