തിരുവനന്തപുരം: ചുമരിൽ സമയംനിലച്ചൊരു ക്ലോക്കിനുകീഴെ സ്വപ്നങ്ങൾ ബാക്കിയാക്കി നിതിൻരാജ് നിശ്ശബ്ദനായി കിടന്നു. അരികിലായി പെറ്റവയറിന്റെ വേദന തിന്ന് ഒരമ്മയും ചേർത്തുപിടിച്ചൊരു അച്ഛനും അലമുറയിട്ടുകൊണ്ടേയിരുന്നു... ‘‘എന്റെ മക്കളെ കാണാതെ ഞാനെങ്ങനെ ജീവിക്കും. ഞാനിനി ആരെ കാത്തിരിക്കും’’ -ജാതി അധിക്ഷേപത്തിന്റെ പേരിൽ കണ്ണൂരിൽ മരിച്ച ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജിന്റെ വീട്ടിലെത്തിയവർക്കുമുന്നിൽ ഉള്ളുപൊട്ടി കരയുകയായിരുന്നു അമ്മ ലത.

To advertise here,

‘‘ഞാനെന്റെ മോനെ മണ്ണിന് വിട്ടുകൊടുക്കൂലാ... അവന് നീതി കിട്ടണം. അതിന് പ്രധാനമന്ത്രിയെ കാണേണ്ടിവന്നാൽ അതിനും പോകും’’ -മുറിയിൽനിന്ന് മകന്റെ ഐ.ഡി. കാർഡുകൾ ചേർത്തുപിടിച്ച് അച്ഛൻ രാജൻ പൊട്ടിക്കരഞ്ഞു. നിതിന്റെ മൃതദേഹവുമായി ആംബുലൻസ് റോഡിലെത്തിയപ്പോഴേക്കും സഹോദരിമാരായ നികിതയും രാഖിയും വീട്ടിൽനിന്ന് റോഡിലേക്ക് ഓടിയിറങ്ങി.

‘‘സാധാരണക്കാരന്റെ മക്കളെ മെഡിക്കൽ വിദ്യാഭ്യാസത്തിന് അയക്കരുത്, അല്ലെങ്കിൽ ഈ ഗതി വരും. സിദ്ധാർഥന്റെ അവസ്ഥ എന്തായി. നീതി കിട്ടിയോ? എന്റെ മോന് നീതി കിട്ടണം എല്ലാരും കൂടെ ദ്രോഹിച്ച് അവനെ കൊലയ്ക്കു കൊടുത്തതാ’’ -രാജൻ പറഞ്ഞു. പഠിച്ച് രക്ഷപ്പെടണമെന്നും കുടുംബത്തിന് നല്ലൊരു ജീവിതം ഉണ്ടാകണമെന്നുമായിരുന്നു നിതിന്റെ സ്വപ്നം.

ബി.ഡി.എസിന് കണ്ണൂർ അഞ്ചരക്കണ്ടിയിൽ പ്രവേശനം ലഭിച്ചത് മാസങ്ങൾക്ക് മുൻപാണ്. അന്ന് അച്ഛനോട് നിതിൻ പറഞ്ഞു: ‘‘മെറിറ്റിൽ കിട്ടിയതിനാൽ ട്യൂഷൻ ഫീസിൽ ഇളവുണ്ടാകും. ഹോസ്റ്റൽ ഫീസ് പോലുള്ള ചെലവുകളേ ഉണ്ടാവൂ. എനിക്ക് ഡോക്ടറാകണം, നമ്മുടെ കഷ്ടപ്പാടെല്ലാം മാറും’’ -മകന്റെ വാക്കുകളിന്നും ആ അച്ഛൻ ഓർത്തെടുക്കുന്നു.

‘‘കഴിഞ്ഞ ഞായറാഴ്ചയും ഞങ്ങളെ ചേർത്തുപിടിച്ച് കൈവീശി യാത്രപറഞ്ഞു പോയതാണ്. ഇങ്ങനെ വരാനാണെന്ന് അറിഞ്ഞില്ല’’ -ലത വിലപിച്ചു. പഠനം കഴിഞ്ഞ് യു.കെ.ക്ക്‌ പോകണമെന്നായിരുന്നു നിതിന്റെ ആഗ്രഹം. കുന്നുനടയിലെ വാടകവീട്ടിലാണ് കുടുംബം കഴിഞ്ഞിരുന്നത്. സ്വന്തമായി ഒരുവീട് വെക്കണമെന്നായിരുന്നു നിതിന്റെ മോഹം.