തിരുവനന്തപുരം: ലോൺ ആപ്പിന്റെ പേരിൽ നിതിന്റെ ആത്മഹത്യ തള്ളിക്കളയാനാവില്ലെന്ന് കുടുംബം. അന്വേഷണം ലോൺ ആപ്പിലേക്ക് ചുരുക്കാൻ അനുവദിക്കില്ലെന്ന് നിതിന്റെ സഹോദരി നിഖിത മാധ്യമങ്ങളോട് പറഞ്ഞു.

To advertise here,

അധ്യാപികയായ ലതയുടെ പേരിലല്ല ആപ്പിൽനിന്നു വായ്പയെടുത്തത്. അധ്യാപികയുടെ നമ്പർ ഹാക്ക് ചെയ്ത് എടുത്തതാവാനാണ് സാധ്യത. സാധാരണക്കാർക്ക് വായ്പയെടുക്കാതെ ജീവിക്കാനാവില്ല. അച്ഛനും അമ്മയും മൂന്ന് മക്കളെ വളർത്തിയതും പഠിപ്പിച്ചതും കടം വാങ്ങിയും വായ്പയെടുത്തുമാണ്. ലോൺ ആപ്പിന്റെ പേരിൽ നിതിൻ ജീവനൊടുക്കില്ലെന്നും നിഖിത ഉറപ്പിച്ച് പറയുന്നു.

''അവന് നീതി കിട്ടിയില്ലെങ്കിൽ ഞങ്ങളും ഈ ലോകത്ത് ഉണ്ടാവില്ല. നീതിക്കായി ഏതറ്റംവരെയും പോകും. അവനോട് സംസാരിക്കാതെ ഒരു ദിവസംപോലും ഉറങ്ങിയിട്ടില്ല. അവിടെ എന്തോ നടന്നിട്ടുണ്ട്. ലോൺ ആപ്പിന്റെ ഭീഷണിയല്ല അവന്റ മരണത്തിന് കാരണം. എല്ലാവരും കൂടി ചേർന്ന് അവനെ കൊന്നതാണ്. മൂന്ന് മാസം സിക്ക് റൂമിൽ ഒറ്റപ്പെട്ടിട്ടും അവനെ അത് ബാധിച്ചിട്ടില്ല'' -നിഖിത പറയുന്നു.

നിതിന്റെ മരണം സംബന്ധിച്ച് കോളേജ് മാനേജ്മെന്റിൽനിന്നു ഇതുവരെ ആരും ബന്ധപ്പെട്ടിട്ടില്ലെന്ന് സഹോദരീഭർത്താവ് അശോകൻ പറയുന്നു. ആപ്പിൽനിന്നു വായ്പയ്ക്കായി അധ്യാപികയുടെ നമ്പർ രജിസ്റ്റർ ചെയ്തിരുന്നോയെന്നറിയില്ല. അധ്യാപികയ്ക്ക് ഭീഷണിസന്ദേശം പോയതായും അറിയില്ല. അങ്ങനെയെങ്കിൽ ഒ.ടി.പി. പോലുള്ളവ ആ നമ്പറിലേക്ക് വരേണ്ടതല്ലേയെന്നും അശോകൻ ചോദിക്കുന്നു.അധ്യാപികയ്ക്ക് ലഭിച്ച അതേ സന്ദേശം ഈ മാസം ഒൻപതിന് സഹോദരിയുടെ നമ്പറിലേക്കും വന്നിട്ടുണ്ട്. ഇതുവരെയുള്ള അന്വേഷണത്തിൽ തൃപ്തിയുണ്ട്. ഡി.ജി.പി. അന്വേഷണത്തിൽ ഉറപ്പ് നൽകിയിട്ടുണ്ടെന്നും അശോകൻ പറഞ്ഞു.

കർശന നടപടിയെന്ന് വി.സി.

തിരുവനന്തപുരം കണ്ണൂർ ഡെന്റൽ കോളേജ് ബി.ഡി.എസ്. വിദ്യാർഥി നിതിൻരാജ് ജീവനൊ ടുക്കുന്നതിലേക്ക് നയിച്ച സംഭവങ്ങളെപ്പറ്റി ആരോഗ്യസർവകലാശാലയും അന്വേഷണം തുടങ്ങി. ചാൻസലറായ ഗവർണർ രാജേന്ദ്ര ആർലേക്കറെ സന്ദർശിച്ച് വി.സി. മോഹനൻ കുന്നുമ്മൽ സർവകലാശാല സ്വീകരിച്ച പ്രാഥ മികനടപടികൾ വിശദീകരിച്ചു.

സർവകലാശാലാ ഗവേണിങ് കൗൺസിൽ അംഗം ലെഫ്റ്റനന്റ്‌റ് ജനറൽ അജിത് ഗോവിന്ദ ന്റെ നേതൃത്വത്തിലാണ് അന്വേഷണം. കോളേ ജിനോ അധ്യാപകർക്കോ വീഴ്ചയുണ്ടായെന്ന് കണ്ടാൽ കർശന നടപടിയെടുക്കും. ഇത്തരം കോളേജുകൾ ഇനിയും തുടരണോയെന്നും സർവകലാശാല ആലോചിക്കുമെന്ന് മോഹ നൻ കുന്നുമ്മൽ പറഞ്ഞു.

സ്വാശ്രയ കോളേജുകൾ സർവകലാശാലാ സ്റ്റാറ്റിയൂട്ടിലില്ല

തിരുവനന്തപുരം: സ്വാശ്രയസ്ഥാപനങ്ങളിലെ വിദ്യാർഥികളെയും അധ്യാപകരെയും സർവകലാശാലാ സ്റ്റാറ്റിയൂട്ടിന്റെ ഭാഗമായി ഇതുവരെ ഉൾപ്പെടുത്താത്തതും അഞ്ചരക്കണ്ടി കോളേജിലെ വിദ്യാർഥി നിതിൻരാജ് മരിച്ചതുപോലുള്ള ദാരുണസംഭവങ്ങളിലേക്ക് നയിക്കുന്നതായി വിമർശനം. സ്വാശ്രയ കോളേജുകൾക്ക് അഫിലിയേഷൻ നൽകുന്നതിൽ മാത്രമേ സർവകലാശാലകൾക്ക് ഉത്തരവാദിത്വമുള്ളൂ. കൂടാതെ, പരീക്ഷകളും സർട്ടിഫിക്കറ്റ് വിതരണവും നടത്തും. എസ്.സി.-എസ്.ടി. സെല്ലു പോലുള്ളവ സ്വാശ്രയ സ്ഥാപനങ്ങളിൽ പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സംവിധാനമില്ല.

സർവകലാശാലാ സ്റ്റാറ്റിയൂട്ടിൽ സ്വാശ്രയ കോളേജുകളെ ഉൾപ്പെടുത്താത്തത് ഇതിനു കാരണമാണെന്ന് സെൽഫ് ഫിനാൻസിങ് കോളേജ് ടീച്ചേഴ്സ് ആൻഡ് സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ഡോ. എ. അബ്ദുൾ വഹാബ് പറഞ്ഞു.

എ.ഐ.സി.ടി.ഇ.-യു.ജി.സി. മാനദണ്ഡപ്രകാരം നിർബന്ധമായും ഒരു ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിൽ ഉണ്ടാകേണ്ട ആന്റി റാഗിങ് സെൽ, എസ്.സി.-എസ് .ടി. സെൽ, വിദ്യാർഥി - അധ്യാപകപരാതിപരിഹാര സെൽ എന്നിവയൊന്നും ഒരു സ്വാശ്രയ കോളേജ് സ്ഥാപനങ്ങളിലും കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ല. ഈ സെല്ലുകൾ പ്രവർത്തിക്കുന്നുണ്ടോയെന്നു പരിശോധിക്കാൻ അതത് സർവകലാശാലകളും തയ്യാറാവുന്നില്ല. വിദ്യാർഥി യൂണിയൻ പ്രവർത്തനത്തിനുള്ള സാഹചര്യവും സ്വാശ്രയകോളേജുകളിൽ ഇല്ല.

മിക്ക സ്വാശ്രയസ്ഥാപനങ്ങളിലും അധ്യാപകർ താത്കാലിക ജീവനക്കാരായതിനാൽ, വിദ്യാർഥി ക്ഷേമത്തിലുപരി മാനേജ്മെന്റ് ഇംഗിതമനുസരിച്ചാണ് അവരുടെ പ്രവർത്തനം. 2021-ൽ സർക്കാർ കൊണ്ടുവന്ന സ്വാശ്രയ നിയമവും സർവകലാശാലകൾ നടപ്പാക്കിയിട്ടില്ല.