പത്തനംതിട്ട: കണ്ണൂർ എ.ഡി.എം. ആയിരുന്ന അന്തരിച്ച നവീൻ ബാബുവിന്റെ മകൾ നിരഞ്ജന എസ്.നായർക്ക് സർക്കാർജോലിക്കുള്ള നിയമന ഉത്തരവ് ലഭിച്ചു. സമാശ്വാസ തൊഴിൽദാന പദ്ധതിപ്രകാരം ജോലി നൽകാൻ പുതിയ സർക്കാർ നേരത്തേ തീരുമാനമെടുത്തിരുന്നു. നിയമന ഉത്തരവ് വ്യാഴാഴ്ച മുഖ്യമന്ത്രി വി.ഡി.സതീശൻ അദ്ദേഹത്തിന്റെ ഓഫീസിൽവെച്ച് നിരഞ്ജനയ്ക്കു കൈമാറി.

To advertise here,

ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഭക്ഷ്യസുരക്ഷാ ഓഫീസറായി എറണാകുളത്താണ് നിയമനം. ജോലിയിൽ ചേരാൻ രണ്ടാഴ്ച സമയമുണ്ട്. ബി.ടെക് ഫുഡ് ടെക്‌നോളജി പാസായ ആളാണ് നിരഞ്ജന. യോഗ്യത കണക്കിലെടുത്തുള്ള തസ്തികയിലാണ് നിയമനം. ഉത്തരവു കൈമാറുമ്പോൾ ആരോഗ്യവകുപ്പുമന്ത്രി കെ.മുരളീധരൻ, പഴകുളം മധു എം.എൽ.എ., നവീൻ ബാബുവിന്റെ ഭാര്യ കെ.മഞ്ജുഷ എന്നിവരും സന്നിഹിതരായിരുന്നു.

2024 ഒക്ടോബർ 15-നാണ് കണ്ണൂർ പള്ളിക്കുന്നിലെ ക്വാർട്ടേഴ്‌സിൽ നവീൻ ബാബുവിനെ മരിച്ചനിലയിൽ കണ്ടെത്തിയത്. പത്തനംതിട്ടയിലേക്ക് സ്ഥലംമാറ്റം കിട്ടിയിരുന്നു. ഇതിന്റെ ഭാഗമായി കളക്ടറേറ്റിൽനടന്ന യാത്രയയപ്പ് യോഗത്തിലേക്ക് അപ്രതീക്ഷിതമായി ചെന്ന അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ നവീൻബാബുവിനെ പരസ്യമായി അധിക്ഷേപിച്ച് സംസാരിച്ചിരുന്നു. ഇതിനുപിന്നാലെയാണ് അദ്ദേഹത്തിന്റെ മരണം. ഇതെക്കുറിച്ചുള്ള അന്വേഷണം സർക്കാർ സി.ബി.ഐ.ക്ക്‌ വിട്ടിരിക്കുകയാണ്.