നിലമ്പൂർ: പന്നിക്കെണിയിൽ നിന്ന് വൈദ്യുതാഘാതമേറ്റ് വിദ്യാർഥി മരിച്ച സംഭവം ദാരുണവും വേദനാജനകുമാണെന്ന് മന്ത്രി എകെ ശശീന്ദ്രൻ. ഇത് നിലമ്പൂരിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വീണുകിട്ടിയ ഒരു അവസരമായി ഉപയോഗപ്പെടുത്തിയതാണോയെന്നും അവസരം ഉണ്ടാക്കിയതാണോയെന്നും സംശയം ഉയർന്നിട്ടുണ്ടെന്നും മന്ത്രി ആരോപിച്ചു.  അപകടം ആ പ്രദേശത്തുള്ളവർ അറിയുന്നതിന് മുൻപ് മലപ്പുറത്ത് പ്രകടനം നടന്നത് എങ്ങനെയാണെന്നും രാഷ്ട്രീയ ഗൂഢാലോചന സംശയിക്കുന്നതിൽ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.

To advertise here,

രാവിലെ അവിടെ അത്തരം ഒരു ഫെൻസിങ് ഇല്ലായിരുന്നു എന്നാണ് പരിസരവാസികളായ ആളുകൾ പറയുന്നത്. വൈകുന്നേരമാണ് അവിടെ ഫെൻസിങ്  കെട്ടിയത്. ഉടമസ്ഥന് വിഷയം അറിയില്ലെന്നും ഒരാൾ പറയുന്നു. അപ്പോൾ ആര് എങ്ങനെയാണ് ചെയ്തത്. എന്തായിരുന്നു അവരുടെ ലക്ഷ്യം. അതിനകത്ത് വളരെ വ്യക്തമായ രാഷ്ട്രീയ ഗൂഡാലോചന ഉണ്ട്.  ഗൂഡാലോചന ഉൾപ്പെടെയുള്ള കാര്യങ്ങൾ സമഗ്രമായ പരിശോധനയിൽ ഉൾക്കൊള്ളിക്കാനുള്ള നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. 

'തിരഞ്ഞെടുപ്പ് കാലമാണല്ലോ അപ്പോ ഇതിന്റെ ഗുണഭോക്താക്കൾ ആരാണെന്ന് എല്ലാവർക്കും അറിയാല്ലോയെന്നും മന്ത്രി ചോദിച്ചു. ഒരു വിഷയ ദാരിദ്ര്യം നിലമ്പൂരിലെ ഉപതിരഞ്ഞെടുപ്പിൽ ബിജെപിയും പ്രതിപക്ഷവും അനുഭവിക്കുന്നുണ്ട്. തണുത്തുറഞ്ഞുപോയ പ്രചരണത്തെ കൊഴിപ്പിക്കാനുള്ള സ്റ്റാർട്ടപ്പ് എന്നുള്ള നിലയിൽ ഇങ്ങനെ ഒരു സംഭവം ബോധപൂർവ്വം ഉണ്ടാക്കി എടുത്താൽ സാധിക്കുമല്ലോ. പാവപ്പെട്ട കർഷക ജനതയുടെ വികാരങ്ങളെ തട്ടിയുണർത്തി ആ വികാരം ഗവൺമെന്റിനെതിരായി മാറ്റാൻ കഴിയുമല്ലോയെന്ന് ആലോചിച്ചിട്ടുണ്ടാകാമെന്ന് ചിന്തിക്കുന്നതിൽ യുക്തിയില്ല എന്ന് പറയാൻ സാധിക്കില്ല.' മന്ത്രി പറ‍ഞ്ഞു. 

കേട്ട പാതി കേൾക്കാത്ത പാതി വിഷയം വനംവകുപ്പിന്റെയും ഗവൺമെന്റിന്റെയും വീഴ്ചയായി പ്രയോജനപ്പെടുത്താനും സമരങ്ങൾ നടത്താനുമാണ് ബിജെപിയും യുഡിഎഫും ശ്രമിക്കുന്നത്. വനംവകുപ്പ്  വൈദ്യുതി ഉപയോഗിച്ചുകൊണ്ടുള്ള ഫെൻസിങ് കെട്ടാറില്ല. കേരളത്തിൽ ഒരിടത്തും കെട്ടിയിട്ടില്ല. വൈദ്യുതി ബോർഡും ഉദ്യോഗസ്ഥന്മാരും അറിഞ്ഞിട്ടില്ല. പോലീസ് കേസ് രജിസ്റ്റർ രണ്ട് പേരെ കസ്റ്റഡിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. ചത്തത് കീചകനെങ്കിൽ കൊന്നത് ഭീമൻ തന്നെ എന്ന കേരളത്തിലെ പ്രതിപക്ഷത്തിന്റെയും ഏതാനും മാധ്യമങ്ങളുടെയും നിലപാട് പുനപരിശോധിക്കണം. എല്ലാ കുറ്റവും വനവകുപ്പിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾക്ക് ഈ ഒരു സംഭവം ഒരു പാഠമായി തീരട്ടെയെന്നും മന്ത്രി പറഞ്ഞു.