വിഴിഞ്ഞം: മത്സ്യത്തൊഴിലാളികളുടെ ജീവിതത്തത്തെ നശിപ്പിക്കുന്ന വിധത്തിൽ കടൽകുഴിക്കൽ (ഡ്രെഡ്ജിങ്) നടത്തുവെന്നാരോപിച്ച് അടിമലത്തുറ മേഖലയിലെ നൂറോളം മത്സ്യത്തൊഴിലാളികൾ കടലിൽ ഉപരോധം നടത്തി.

To advertise here,

അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണനിർമാണവുമായി ബന്ധപ്പെട്ട് വിഴിഞ്ഞം മുതൽ ആഴിമലതീരം വരെയുളള രണ്ടര കിലോമീറ്റർ ദൂരത്തിലാണ് നിർമാണം നടത്തുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് കടൽകുഴിക്കൽ നടത്തുന്നത്.അടിമലത്തുറ ഭാഗത്ത് കടൽക്കുഴിക്കൽ നടത്തിയ ഡ്രെഡ്ജിങ്ങ് യന്ത്രത്തെയും ജീവനക്കാരെയുമാണ് 30- ലധികം വളളങ്ങളിലെത്തിയ നൂറോളം മത്സ്യത്തൊഴിലാളികൾ വളഞ്ഞുവച്ച് ഉപരോധിച്ചത്. വെളളിയാഴ്ച രാവിലെ 10 മണിയോടെയാണ് ഉപരോധത്തിന് തുടക്കമിട്ടത്.

തുറമുഖത്ത് നിന്ന് പുറപ്പെട്ട ചരക്കുകപ്പലുകളെയും ഉപരോധിക്കുമെന്ന വിവരത്തെ തുടർന്ന് ഫോർട്ട് അസി. കമ്മീഷണർ കെ. പ്രദീപിന്റെ നേത്യത്വത്തിൽ വൻപോലീസ് സംഘം അടിമലത്തുറയിലെത്തി. തുടർന്ന് വിഴിഞ്ഞം സി.ഐയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്ന കോവളം സി.ഐ. വി.എം. ശ്രീകുമാർ, വിഴിഞ്ഞം കോസ്റ്റൽ പോലീസ് അടക്കമുളള സംഘം കടലിലെ ഉപരോധ സ്ഥലത്തെത്തി. ഡ്രെഡ്ജിങ് യന്ത്രത്തെ വളഞ്ഞ മൽസ്യത്തൊഴിലാളികളെ സമരത്തിൽ നിന്ന് പിൻമാറാൻ സി.ഐ. വി.എം. ശ്രീകുമാർ സംസാരിച്ചുവെങ്കിലും തൊഴിലാളികൾ പിൻമാറിയില്ല.

തുറമുഖത്തിനുവേണ്ടി ആവശ്യമായ സ്ഥലങ്ങളും സ്വത്തുക്കളും വിട്ടുകൊടുത്തിട്ടും വീണ്ടും കടൽ കുഴിച്ച് കടലിനെ നശിപ്പിക്കാൻ സമ്മതിക്കില്ലെന്നും മീൻപിടിത്തം ഉപജീവനമാക്കിയ കഴിയുന്ന തങ്ങളുടെ ജീവിതം നശിപ്പിക്കാൻ അനുവദിക്കില്ലെന്നും തൊഴിലാളികൾ നിലപാടെടുത്തതോടെ ജില്ലാകളക്ടർക്ക് വിവരം കൈമാറി. ഇതേ തുടർന്ന് ഫോർട്ട് അസി. കമ്മീഷണർ കെ. പ്രദീപ് അടിമലത്തുറ ഇടവികാരി ഫാ. ഷാബീൻ ലീനുമായി സംസാരിച്ചു. സംഘർഷം ഒഴിവാക്കണമെന്നും ആവശ്യമായ ചർച്ചനടത്തി പ്രശ്നപരിഹാരം നടത്താമെന്നും ഉറപ്പുനൽകി. ഇതോടെ തൊഴിലാളികൾ കടലിലെ ഉപരോധം പിൻവലിച്ചു. തുടർന്ന് അടിമലത്തുറയിലെ ആനിമേഷൻ സെന്ററിൽ ചർച്ച നടത്താനുളള സാഹചര്യമുണ്ടാക്കിയെങ്കിലും കഴിഞ്ഞില്ല.

ചർച്ച പരാജയപ്പെട്ട സാഹചര്യത്തിൽ ശനിയാഴ്ച രാവിലെ കളക്ടറുടെ ചേംബറിൽ വീണ്ടും ചർച്ച നടത്തും. തുറമുഖ നിർമാണത്തിന് തങ്ങൾ എതിരല്ലെന്നും അതേ സമയം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തെ നശിപ്പിക്കുന്ന തരത്തിലുളള കടൽക്കുഴിക്കൽ അനുവദിക്കില്ലെന്നും ഫാ. ഷാബീൻലീൻ വ്യക്തമാക്കി. അടിമലത്തുറ ഭാഗം ഒഴിവാക്കിയുളള ഡ്രെഡ്ജിങ് ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.