കണ്ണൂര്‍: തീവണ്ടി വേഗത്തിന് 'വേഗപ്പൂട്ടിടുന്ന' ധര്‍മടത്തെ പഴയ പാലത്തിന് പകരം പുതിയ റെയില്‍പ്പാലം ഒരുങ്ങി. കണ്ണൂര്‍ ഭാഗത്തേക്കുള്ള (ഡൗണ്‍ ലൈന്‍) റൂട്ടിലാണ് പുതിയപാലം. അനുബന്ധ പാളം കൂടി സജ്ജമായാല്‍ പാലം കമ്മിഷന്‍ചെയ്യും. പുതിയ റെയില്‍പ്പാലം പാളത്തോട് യോജിപ്പിക്കാന്‍ ഇരുഭാഗത്തും സ്ഥലം ഒരുക്കിക്കഴിഞ്ഞു. പാളം ഘടിപ്പിക്കല്‍, ലൈന്‍ കട്ട് ചെയ്ത് പാലത്തിനോട് ചേര്‍ക്കല്‍, വൈദ്യുതീകരണം എന്നിവ നടക്കാനുണ്ട്. പാളം ഇടുന്നതടക്കമുള്ള പ്രവൃത്തി നടന്നുവരികയാണെന്ന് അധികൃതര്‍ അറിയിച്ചു.

To advertise here,

പാലം പണി പൂര്‍ത്തിയായിട്ടും പാളം ഘടിപ്പിക്കാനുള്ള അനുബന്ധ സ്ഥലം കിട്ടാതെ റെയില്‍വേ വര്‍ഷങ്ങളോളം കാത്തിരുന്നു. ഭൂരിഭാഗവും സ്വകാര്യ ഭൂമിയായിരുന്നു. 2015-ല്‍ തുടങ്ങിയ സ്ഥലം ഏറ്റെടുപ്പ് ഒടുവില്‍ റവന്യൂ വകുപ്പ് പൂര്‍ത്തീകരിച്ച് റെയില്‍വേക്ക് കൈമാറി. ഷൊര്‍ണ്ണൂരില്‍നിന്ന് മംഗളൂരു ഭാഗത്തേക്കുള്ള ലൈനിലാണ് പഴയ പാലങ്ങള്‍ കൂടുതല്‍. പഴയ പാലങ്ങളിലൂടെ ലോക്കോ പൈലറ്റുമാര്‍ വേഗം നിയന്ത്രിച്ചാണ് വണ്ടി ഓടിക്കുന്നത്.

ധര്‍മടം കൂടക്കടവ് പുതിയ പാലമാണ് അവസാനമായി തുറന്നുകൊടുത്തത്. ഷൊര്‍ണൂര്‍ ഭാഗത്തേക്കുള്ള (അപ്പ് ലൈന്‍) റൂട്ടിലാണ് ഈ പാലം. തലശ്ശേരി കൊടുവള്ളി പാലം, വടകര മൂരാട് പാലം അടക്കം ഇനി മാറ്റാനുണ്ട്. റെയില്‍വേ ബ്രിഡ്ജസ് ആന്‍ഡ് റോഡ്സ് വിഭാഗത്തിനാണ് മേല്‍നോട്ടം.

വേഗം 130 കിമീ; അരിക് വീതികൂട്ടുന്നു

തീവണ്ടിയുടെ വേഗം 130 കിമീ ആയി വര്‍ധിപ്പിക്കുന്നതിനായി അരിക് വീതികൂട്ടല്‍ തുടങ്ങി. വളവുകള്‍ നിവര്‍ത്തുമ്പോള്‍ അധികം സ്ഥലം വേണം. അതിനുവേണ്ടിയാണ് നിവര്‍ത്തുന്ന വളവിലെ പാളത്തിനരികെ സ്ഥലം വീതികൂട്ടി മണ്ണിട്ടുയര്‍ത്തുന്നത്. രണ്ട് ലൈനിലും (അപ്പ് ആന്‍ഡ് ഡൗണ്‍) സെസ്സിന്റെ വീതി കൂട്ടും. റെയില്‍പാളത്തിന്റെ ജില്ലി കഴിഞ്ഞുള്ള ഭാഗമാണ് സെസ്സ്. പല സ്ഥലങ്ങളിലും മണ്ണിട്ട് ഉയര്‍ത്തി ജില്ലി നിറച്ചാണ് പാളം പോകുന്നത്. ഈ സ്ഥലങ്ങളില്‍ ചിലയിടത്ത് മണ്ണ് പോയിട്ടുണ്ട്. അവിടെയും മണ്ണിട്ട് ഉയര്‍ത്തും.