കോഴിക്കോട്: നേപ്പാളിൽനിന്നുള്ള പഴങ്ങൾ കോഴിക്കോട്ടെത്തിച്ച് ഗുണനിലവാരപരിശോധന നടത്തി ഇനി വിദേശത്തേക്ക് കയറ്റുമതിചെയ്യും. ഇതിനുള്ള ധാരണാപത്രം നേപ്പാൾ വ്യവസായമന്ത്രി മിത്രലാൽ ബസ്യാലിന്റെ സാന്നിധ്യത്തിൽ ബുധനാഴ്ച ഒപ്പുവെച്ചു.

To advertise here,

നേപ്പാളിലെ പൊഖാറ ചേംബർ ഓഫ് കൊമേഴ്‌സും കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറവുമായാണ് കരാർ.

നേപ്പാളിലെ ഉയർന്ന ഭൂപ്രകൃതിയിലും തണുപ്പുകാലാവസ്ഥയിലും വിളയുന്ന ബ്ലാക്ക്‌ബെറി, ബ്ലൂബെറി, മൾബെറി, പ്ലം, ഫിഗ്, അവൊക്കാഡോ, പ്രൊമേഗ്രനാട്ടെ, ഡ്രാഗൺ ഫ്രൂട്ട്, സബർജിൽ തുടങ്ങിയവയാണ് കേരളത്തിലെത്തി ഇനി സിങ്കപ്പൂർ, മലേഷ്യ, ഖത്തർ, ഒമാൻ, യുഎഇ, സൗദി അറേബ്യ എന്നിവിടങ്ങളിലേക്ക് വിമാനമേറുക. നേപ്പാളിൽ വിലക്കുറവുള്ള ഈ പഴങ്ങൾക്ക് വിദേശങ്ങളിൽ മോഹവിലയാണ്. വിമാനക്കൂലിയും കൈകാര്യച്ചെലവും പത്തുശതമാനം മാർജിനും കഴിഞ്ഞാലും ഇവ കയറ്റുമതിചെയ്യുന്നത് നല്ലലാഭം നൽകും. ഗുണനിലവാരം കൂടുതലുള്ളതിനാലും ഇന്ത്യൻ രൂപയുമായി താരതമ്യംചെയ്യുമ്പോൾ നേപ്പാളിലെ കറൻസിക്ക് മൂല്യംകുറവായതും ദിർഹം, റിയാൽ തുടങ്ങി വിൽക്കുന്ന നാടുകളിലെ കറൻസിക്ക് വിനിമയമൂല്യം കൂടുതലായിരിക്കുന്നതും ലാഭം വർധിപ്പിക്കുന്നു.

കോഴിക്കോട് വിമാനത്താവളത്തിലെ സ്റ്റേറ്റ് ഇൻഡസ്ട്രീസ് കാർഗോ കോംപ്ലക്സിലും കാലിക്കറ്റ് സർവകലാശാലയിലെ ഹെൽത്ത് സയൻസ് വിഭാഗം ലബോറട്രിയിലുമാണ് ഗുണനിലവാരപരിശോധന നടത്തുക. ഇതിന് കേന്ദ്രസർക്കാരിന്റെയും പ്ലാന്റ് ക്വാറന്റൈൻ ഡിപ്പാർട്ട്‌മെന്റിന്റെയും അനുമതിയുണ്ട്. പഴങ്ങൾ നേപ്പാളിൽനിന്ന് ശേഖരിച്ച് അയക്കുന്നത് അവിടുത്തെ ചേംബറാണ്.

ഫെഡറേഷൻ ഓഫ് ഇന്ത്യൻ എക്സ്‌പോർട്ടേഴ്‌സ് അസോസിയേഷന്റെ സഹകരണത്തോടെ കേരള എക്സ്‌പോർട്ടേഴ്‌സ് ഫോറമാണ് കയറ്റുമതി നടത്തുന്നത്.

ഫോറം സെക്രട്ടറി ജനറൽ സി.ടി. മുൻഷിദ് അലിയും പൊഖാറ ചേംബർ പ്രസിഡന്റ് ഗോകർണ കാർക്കിയുമാണ് കരാറിൽ ഒപ്പിട്ടത്.