അബുദാബി : അൽബേനിയയിൽനിന്ന് ഇറ്റലിയിലേക്ക് കടലിനടിയിലൂടെ വൈദ്യുതി എത്തിക്കാൻ പദ്ധതി. ഇതുസംബന്ധിച്ച് യു.എ.ഇ.യുമായി ബില്യൺ ഡോളറിന്റെ കരാർ ഒപ്പിട്ടു.
അബുദാബി ഫ്യൂച്ചർ എനർജി സമ്മിറ്റിലാണ് പ്രഖ്യാപനം. ഹരിത ഊർജ മേഖലയിൽ സഹകരണം വർധിപ്പിക്കാനാണ് യു.എ.ഇ., ഇറ്റലി, അൽബേനിയ എന്നീ രാജ്യങ്ങൾ തമ്മിൽ കരാർ ഒപ്പിട്ടതിലൂടെ ലക്ഷ്യമിടുന്നത്. യു.എ.ഇ. പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലാനി, അൽബേനിയൻ പ്രധാനമന്ത്രി എദി റാമ എന്നിവരുടെ സാന്നിധ്യത്തിലാണ് ത്രികക്ഷി കരാർ ഒപ്പിട്ടത്.
യു.എ.ഇ. വ്യവസായ, നൂതന സാങ്കേതികവിദ്യമന്ത്രിയും മസ്ദാർ ചെയർമാനുമായ ഡോ. സുൽത്താൻ അൽ ജാബിർ, ഇറ്റാലിയൻ പരിസ്ഥിതി, ഊർജ സുരക്ഷാ മന്ത്രി ഗിൽബർട്ടോ പിഷെറ്റൊ, അൽബേനിയൻ ഉപ പ്രധാനമന്ത്രിയും അടിസ്ഥാന സൗകര്യ, ഊർജമന്ത്രിയുമായ ബെലിൻഡാ ബല്ലുകു എന്നിവരും സംബന്ധിച്ചു.
ഊർജ സുരക്ഷ വർധിപ്പിക്കാനും സുസ്ഥിരവികസനം പ്രോത്സാഹിപ്പിക്കാനും മെഡിറ്ററേനിയൻ മേഖലയിൽ ശുദ്ധ ഊർജ പരിവർത്തനം വേഗത്തിലാക്കാനുമുള്ള പ്രധാന നീക്കമാണിത്.
അൽബേനിയയിൽ ഗിഗാവാട്ട് സ്കെയിൽ പുനരുപയോഗ ഊർജപദ്ധതികൾ വിന്യസിക്കുക, സൗരോർജ പദ്ധതികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുക, അൽബേനിയയെയും ഇറ്റലിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന ക്രോസ് ബോർഡർ വൈദ്യുതി ട്രാൻസ്മിഷൻ ഇന്റർകണക്‌ഷൻ നടപ്പാക്കുക എന്നിവയാണ് സഹകരണ കരാറിന്റെ പ്രധാന ലക്ഷ്യങ്ങൾ.
ശുദ്ധ ഊർജലഭ്യത വർധിപ്പിക്കാനും സാമ്പത്തിക വളർച്ചയെ ഉത്തേജിപ്പിക്കാനും ആഗോള സഹകരണം ശക്തമാക്കേണ്ടത് അനിവാര്യമാണെന്ന് ഡോ. സുൽത്താൻ അൽ ജാബിർ പറഞ്ഞു.
ആഗോള ഊർജ പരിവർത്തനത്തിൽ നിർണായക സ്ഥാനം വഹിക്കാൻ മുൻനിരയിലെത്തിയതിൽ യു.എ.ഇ. അഭിമാനിക്കുന്നു.
അൽബേനിയയുടെ സമൃദ്ധമായ പ്രകൃതി വിഭവങ്ങളും ഇറ്റലിയുടെ അത്യാധുനിക ഊർജ വിപണിയും യു.എ.ഇ.യുടെ വൈദഗ്ധ്യവും പ്രയോജനപ്പെടുത്തികൊണ്ട് പുനരുപയോഗ ഊർജ വികസനത്തിൽ വമ്പിച്ച മുന്നേറ്റങ്ങൾ നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Agreement between UAE, Albania and Italy
Published: 17 Jan 2025, 02:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented