
തിരുവനന്തപുരം: സംസ്ഥാനത്ത് ഏറ്റവും വാശിയേറിയ പോരാട്ടം ഇത്തവണയും നേമം നിയോജകമണ്ഡലത്തിലാകുമെന്നുറപ്പായി. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച നേമത്ത് സിറ്റിങ് എംഎൽഎയും മന്ത്രിയുമായ വി.ശിവൻകുട്ടിയെ തന്നെ വീണ്ടും രംഗത്തിറക്കാനാണ് സിപിഎമ്മിന്റെ പദ്ധതി. പാർട്ടി തീരുമാനിക്കുന്നതനുസരിച്ച് കാര്യങ്ങൾ തീരുമാനിക്കുമെന്ന് വി.ശിവൻകുട്ടി ഇതിനോട് പ്രതികരിച്ചു. മൂന്ന് തവണ നേമത്ത് മത്സരിച്ചിട്ടുണ്ട്. സ്വയം സ്ഥാനാർഥിയായി പ്രഖ്യാപിക്കുന്ന രീതി സിപിഎം നേതാക്കൾക്കില്ല. പാർട്ടിയുടെ ഏത് തീരുമാനവും ഇതുവരെ അനുസരിച്ചിട്ടുണ്ടെന്നും ശിവൻകുട്ടി വ്യക്തമാക്കി.
2016-ൽ ബിജെപി അക്കൗണ്ട് തുറന്ന നേമം കഴിഞ്ഞ തവണ ശിവൻകുട്ടി തിരിച്ചുപിടിച്ചിരുന്നു. സ്ഥാനാർഥി പ്രഖ്യാപനം നേരത്തെ നടത്തി രാജീവ് ചന്ദ്രശേഖർ മണ്ഡലത്തിൽ സജീവമായ സാഹചര്യത്തിൽ ശിവൻകുട്ടിയോടും രംഗത്തിറങ്ങാൻ പാർട്ടി നിർദേശം നൽകിയതായാണ് സൂചന. ലോക്‌സഭാ തിരഞ്ഞെടുപ്പിലും അടുത്തിടെ നടന്ന തദ്ദേശ തിരഞ്ഞെടുപ്പിലും ബിജെപിക്ക് നേമത്തുണ്ടായ മുന്നേറ്റമാണ് രാജീവ് ചന്ദ്രശേഖറിന് ആത്മവിശ്വാസം നൽകുന്നത്.
2021-ലെ തിരഞ്ഞെടുപ്പിൽ കുമ്മനം രാജശേഖരനെ 3949 വോട്ടുകൾക്ക് ശിവൻകുട്ടി പരാജയപ്പെടുത്തിയെങ്കിലും പിന്നീട് നടന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നേമം ബിജെപിക്കൊപ്പം നിന്നു. രാജീവ് ചന്ദ്രശേഖറായിരുന്നു നേമം ഉൾക്കൊള്ളുന്ന തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തിലെ സ്ഥാനാർഥി. രാജീവ് ചന്ദ്രശേഖർ ഏറ്റവുംകൂടുതൽ വോട്ട് സമാഹരിച്ചതും നേമത്ത് നിന്നായിരുന്നു. എൽഡിഎഫ് മൂന്നാംസ്ഥാനത്തേക്ക് തള്ളപ്പെടുകയും ചെയ്തു. ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിലെ ഫലവും ബിജെപിയെ തുണക്കുന്നതായിരുന്നു. തിരുവനന്തപുരം കോർപ്പറേഷനിൽ നേമം മണ്ഡലത്തിൽ 25 വാർഡുകളാണ് ഉള്ളത്. ഇതിൽ 17 എണ്ണത്തിലും ബിജെപിയാണ് വിജയിച്ചത്. എൽഡിഎഫിന് അഞ്ചിടത്താണ് ജയിക്കാനായത്. അതേസമയം ബിജെപിയുടെ ശക്തികേന്ദ്രങ്ങളായിരുന്ന തൃക്കണ്ണാപുരവും പുന്നയ്ക്കാമുകളും തിരിച്ച് പിടിച്ചത് എൽഡിഎഫിന് ആശ്വാസിക്കാനുള്ള വകയായിരുന്നു.
ലോക്‌സഭാ,തദ്ദേശ തിരഞ്ഞെടുപ്പുകളിലെ തിരിച്ചടിയും രാജീവ് ചന്ദ്രശേഖർ സ്ഥാനാർഥി പ്രഖ്യാപനം നടത്തുകയും ചെയ്ത സാഹചര്യത്തിൽ മണ്ഡലം നിലനിർത്താൻ ശക്തായ പോരാളി തന്നെ വേണമെന്ന വിലയിരുത്തലാണ് സിപിഎമ്മിലുള്ളത്. മണ്ഡലത്തിൽ ഏറ്റവും ഉചിതനായ സ്ഥാനാർഥി വി.ശിവൻകുട്ടി തന്നെയാണെന്നും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. ആരോഗ്യകാരണങ്ങളാണ് ശിവൻകുട്ടിക്ക് തടസ്സമാകുന്നത്. എന്നാൽ അദ്ദേഹം മത്സരിക്കാൻ സന്നദ്ധനാണെങ്കിൽ പാർട്ടി മറിച്ചൊരു തീരുമാനം എടുത്തേക്കില്ല. പാർട്ടി പറഞ്ഞാൽ അനുസരിക്കുമെന്ന് ശിവൻകുട്ടി വ്യക്തമാക്കിയ സാഹചര്യത്തിൽ അദ്ദേഹംതന്നെ മത്സരത്തിനിറങ്ങാനാണ് സാധ്യത. 2021-ലേതിന് സമാനമായി കോൺഗ്രസും ശക്തനായ സ്ഥാനാർഥിയെ തന്നെ ഇത്തവണയും നിർത്തിയേക്കും. കഴിഞ്ഞ തവണ മത്സരിച്ച കെ.മുരളീധരൻ നേമത്തെ എത്താനുള്ള സാധ്യത കുറവാണ്. മണ്ഡലത്തിൽനിന്ന് തന്നെ സ്ഥാനാർഥിയെ കണ്ടെത്താനാണ് കോൺഗ്രസ് നീക്കം.
Content Highlights: Kerala Elections: Nemom Constituency Gears Up for a High-Octane Political Battle
Published: 05 Jan 2026, 09:34 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented