തിരുവനന്തപുരം: കണ്ണൂർ മുൻ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ ഔദ്യോഗിക വിജ്ഞാപനമിറക്കി. കുടുംബം ഉന്നയിച്ച ദീർഘകാലത്തെ ആവശ്യം പരിഗണിച്ചാണ് ഈ സുപ്രധാന തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് കേസ് സിബിഐക്ക് വിടാനുള്ള അടിയന്തര തീരുമാനമെടുത്തത്. അന്വേഷണം സിബിഐക്ക് വിടുന്നതിനൊപ്പം തന്നെ നവീൻ ബാബുവിന്റെ മകൾ നിരഞ്ജന നായർക്ക് ആശ്രിത നിയമനം നൽകാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു.

To advertise here,

നവീൻ ബാബുവിന്റെ മരണത്തിന് പിന്നാലെ പോലീസ് നടത്തിയ അന്വേഷണത്തിൽ കുടുംബം തുടക്കം മുതൽക്കേ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. കഴിഞ്ഞ ദിവസം നവീൻ ബാബുവിന്റെ ഭാര്യ നിയമസഭാ മന്ദിരത്തിലെത്തി മുഖ്യമന്ത്രി വി.ഡി. സതീശനെ കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. യുഡിഎഫ് അധികാരത്തിൽ വന്നാൽ സിബിഐ അന്വേഷണം ഉറപ്പാക്കുമെന്ന് കോൺഗ്രസ് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. സിബിഐ കേസ് ഏറ്റെടുക്കുന്നതോടെ പി.പി. ദിവ്യ അടക്കമുള്ളവർക്കെതിരെ കൂടുതൽ ശക്തമായ അന്വേഷണം നടക്കുമെന്നാണ് കുടുംബത്തിന്റെ പ്രതീക്ഷ.

നവീൻ ബാബുവിന്റെ മരണം വലിയ രാഷ്ട്രീയ വിവാദങ്ങൾക്കാണ് വഴിവെച്ചിരിക്കുന്നത്. ആദ്യഘട്ടത്തിൽ നവീൻ ബാബുവിന്റെ കുടുംബത്തോടൊപ്പം നിൽക്കുകയും പി.പി. ദിവ്യയെ തള്ളിപ്പറയുകയും ചെയ്ത സി.പി.എം നേതൃത്വം സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ നിലപാട് മാറ്റി. സിബിഐ അന്വേഷണം കേന്ദ്രവുമായുള്ള ഒത്തുകളിയാണെന്ന് ഇ.പി. ജയരാജൻ അടക്കമുള്ള നേതാക്കൾ ആരോപിച്ചിരുന്നു. മുൻപ് റെവന്യൂ മന്ത്രിയായിരുന്ന കെ. രാജൻ അടക്കമുള്ളവർ സി.പി.എം നിലപാടിനെ തള്ളി നവീൻ ബാബുവിന്റെ കുടുംബത്തിന് പിന്തുണയുമായി രംഗത്തെത്തിയിരുന്നു.