
ന്യൂഡൽഹി: നവകേരള സർവേ റദ്ദാക്കിയ ഹൈക്കോടതി ഉത്തരവ് അടിയന്തരമായി സ്റ്റേചെയ്യണമെന്നാവശ്യപ്പെട്ട് കേരളം സുപ്രീം കോടതിയെ സമീപിച്ചു. സംസ്ഥാന സർക്കാരിന്റെ ഭരണനിർവഹണാധികാരത്തിൽ കൈകടത്തിയ ഹൈക്കോടതിക്ക് ഗുരുതരമായ പിഴവ് സംഭവിച്ചുവെന്നും കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഒരു രാഷ്ട്രീയ നേതാവ് കത്തെഴുതിയത് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ പദ്ധതി റദ്ദാക്കാനാകില്ലെന്ന് സർക്കാർ സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടി.
നവകേരള സർവേ സംബന്ധിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കുന്നതിന് മുമ്പുതന്നെ സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പാർട്ടി കേഡർമാർക്ക് കത്തെഴുതിയിരുന്നുവെന്ന് ഹൈക്കോടതി വിധിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ഒരു രാഷ്ട്രീയ നേതാവ് പാർട്ടി അംഗങ്ങൾക്ക് കത്തെഴുതി എന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന സർക്കാരിന്റെ ക്ഷേമ, വികസന പദ്ദതി റദ്ദാക്കാനാകില്ലെന്നാണ് കേരളം സുപ്രീം കോടതിയിൽ ഫയൽചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നത്.
എക്സിക്യൂട്ടീവ് നയത്തിലും പൊതുചെലവിലും ജുഡീഷ്യൽ പരിശോധനയ്ക്കുള്ള അധികാരം സംബന്ധിച്ച സുപ്രധാനമായ വിഷയമാണിതെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടുന്നു. 2025 ഒക്ടോബർ 10-ന് ചേർന്ന മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം അനുസരിച്ചാണ് സർവേ നടപ്പാക്കുന്നത്. ഈ സർവേ നടത്തുന്നത് സംസ്ഥാന ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസൻസ് വകുപ്പ് ആണ്. ഈ വകുപ്പിന് ബജറ്റിൽ നീക്കിവെച്ച 20 കോടി രൂപ ചെലവഴിച്ചാണ് സർവേ നടത്തുന്നത്.
ഇതിൽ റൂൾസ് ഓഫ് ബിസിനസ്സിന്റെ ഒരു ലംഘനവും ഉണ്ടായിട്ടില്ലെന്ന് കേരളം സുപ്രീം കോടതിയിൽ ഫയൽ ചെയ്ത ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു. ഇത് ഒരു വികസന ക്ഷേമ സർവ്വേയാണ്. അതിനാൽ ജുഡീഷ്യൽ പരിശോധനനയ്ക്ക് അധികാരമില്ലെന്നാണ് കേരളം ചൂണ്ടിക്കാട്ടുന്നത്. നവകേരള സർവെയ്ക്കായി ചെലവഴിച്ച തുകയിൽ ഒരു ക്രമക്കേടും ആരും കണ്ടെത്തിയിട്ടില്ലെന്നും സംസ്ഥാന സർക്കാർ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സ്റ്റാൻഡിങ് കോൺസൽ സി.കെ. ശശിയാണ് സുപ്രീം കോടതിയിൽ ഹർജി ഫയൽചെയ്തത്.
സംസ്ഥാന സർക്കാർ നടത്തിവന്ന നവകേരള സർവേ കേരള ഹൈക്കോടതി ഇടപെട്ട് റദ്ദാക്കിയിരുന്നു. സർവേക്ക് ആവശ്യമായ ധനകാര്യ അനുമതിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് സർവേ റദ്ദാക്കിയത്. നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കേ സർക്കാരിന് ലഭിച്ച വലിയ തിരിച്ചടിയായാണ് ഈ കോടതി വിധി വിലയിരുത്തപ്പെടുന്നത്.
കെ.എസ്.യു സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ, കോൺഗ്രസിന്റെ എറണാകുളം ജില്ലാ പഞ്ചായത്ത് അംഗം മുബാസ് ഓണക്കാലി എന്നിവരാണ് സർവേക്കെതിരെ കോടതിയെ സമീപിച്ചത്. സർക്കാർ ചെലവിൽ നടത്തുന്ന ഈ സർവേ യഥാർഥത്തിൽ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎം നടത്തുന്ന വിവരശേഖരണമാണെന്നായിരുന്നു ഹർജിക്കാരുടെ പ്രധാന ആരോപണം. ജനങ്ങളിൽനിന്ന് വിവരങ്ങൾ ശേഖരിക്കാൻ സർക്കാർ പണം ദുരുപയോഗം ചെയ്യുന്നുവെന്നും ഇതിലൂടെ പാർട്ടിക്കുവേണ്ടി വോട്ടർമാരുമായി ബന്ധം സ്ഥാപിക്കാനാണ് ശ്രമിക്കുന്നതെന്നും അവർ വാദിച്ചു. തുടർന്നാണ് ഹൈക്കോടതി സർവേ റദ്ദാക്കിയത്.
സർക്കാർ ചെലവിൽ ഇത്തരമൊരു സർവേ നടത്തുമ്പോൾ ധനകാര്യ വകുപ്പിന്റെ മുൻകൂർ അനുമതി ആവശ്യമാണെന്ന് കോടതി നിരീക്ഷിച്ചു. എന്നാൽ, ഈ സർവേയുടെ കാര്യത്തിൽ അത്തരം അനുമതികൾ ഉണ്ടായിട്ടില്ലെന്ന് കോടതി കണ്ടെത്തി. ഈ മാസം 22-ാം തീയതിവരെ തുടരാൻ നിശ്ചയിച്ചിരുന്ന സർവേ നടപടികളാണ് നിയമവിരുദ്ധമാണെന്ന് കണ്ട് കോടതി തടഞ്ഞത്.
സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സർക്കാരിന് നൽകിയ ഒരു കത്തിന്റെ അടിസ്ഥാനത്തിലാണ് സർവേ നടപടികളുമായി സർക്കാർ മുന്നോട്ടുപോയതെന്ന് ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദീകരണത്തിനായി എം.വി. ഗോവിന്ദനെ കോടതി ഈ കേസിൽ കക്ഷിചേർക്കുകയും ചെയ്തിരുന്നു.
മന്ത്രിസഭാ തീരുമാനപ്രകാരമാണ് സർവേ നടത്തുന്നതെന്നായിരുന്നു സർക്കാർ കോടതിയിൽ സ്വീകരിച്ച നിലപാട്. സർക്കാർ പദ്ധതികൾ ജനങ്ങൾ എങ്ങനെ സ്വീകരിക്കുന്നുവെന്നും നാടിന്റെ പുരോഗതിക്കായി ഇനി എന്തൊക്കെ വേണമെന്നും മനസ്സിലാക്കാനുള്ള ഒരു വിവരശേഖരണം മാത്രമാണിതെന്ന് സർക്കാർ വാദിച്ചെങ്കിലും കോടതി ഇത് അംഗീകരിച്ചില്ല.
Content Highlights: Kerala Govt Approaches Supreme Court Over Navakerala Survey Verdict
Published: 18 Feb 2026, 09:13 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented