തിരുവനന്തപുരം:  കേന്ദ്രസര്‍ക്കാരിന്റെ തൊഴിലാളിവിരുദ്ധ നയങ്ങള്‍ക്കെതിരേ വിവിധ ട്രേഡ് യൂണിയനുകള്‍ പ്രഖ്യാപിച്ച ദേശീയ പണിമുടക്ക് ജൂലായ് എട്ട് ചൊവ്വാഴ്ച അര്‍ധരാത്രി 12 മണിമുതല്‍ ആരംഭിക്കും. ബുധനാഴ്ച അര്‍ധരാത്രി 12 മണി വരെ 24 മണിക്കൂറാണ് പണിമുടക്ക്. 

To advertise here,

ലേബര്‍ കോഡുകള്‍ പിന്‍വലിക്കുക, വിലക്കയറ്റം തടയുക, പൊതുമേഖല ഓഹരിവില്‍പ്പന അവസാനിപ്പിക്കുക തുടങ്ങിയ 17 ആവശ്യങ്ങളുന്നയിച്ചാണ് സംയുക്ത ട്രേഡ് യൂണിയന്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇതില്‍ തൊഴിലാളിവിരുദ്ധമായ നാല് ലേബര്‍കോഡുകള്‍ പിന്‍വലിക്കണമെന്നതാണ് പ്രധാന ആവശ്യം. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, ഹിന്ദ് മസ്ദൂര്‍ സഭ, സംയുക്ത കിസാന്‍ മോര്‍ച്ച തുടങ്ങിയ പത്ത് തൊഴിലാളി സംഘടനകളാണ് ദേശീയ പണിമുടക്കില്‍ അണിചേരുക. അതേസമയം, ബിഎംഎസ് പണിമുടക്കില്‍ പങ്കുചേര്‍ന്നിട്ടില്ല. 

കേരളത്തില്‍ പൂര്‍ണമായേക്കും...

ജൂലായ് ഒന്‍പതിന് നടക്കുന്ന ദേശീയ പണിമുടക്ക് കേരളത്തില്‍ പൂര്‍ണമായേക്കും. പൊതുമേഖല സ്ഥാപനങ്ങളിലെ തൊഴിലാളികളും ബാങ്കിങ്, ഇന്‍ഷുറന്‍സ് മേഖലകളിലെ ജീവനക്കാരും പണിമുടക്കില്‍ പങ്കുചേര്‍ന്നേക്കും. മോട്ടോര്‍വാഹന തൊഴിലാളികളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ ബസ്, ടാക്‌സി അടക്കമുള്ള പൊതുഗതാഗതവും തടസപ്പെട്ടേക്കാം. 

അതേസമയം, കേരളത്തില്‍ കെഎസ്ആര്‍ടിസി പതിവുപോലെ സര്‍വീസ് നടത്തുമെന്നും തൊഴിലാളികള്‍ പണിമുടക്കില്ലെന്നും ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ ചൊവ്വാഴ്ച മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാല്‍, തൊഴിലാളിസംഘടനകള്‍ മന്ത്രിയെ തള്ളി രംഗത്തെത്തി. ബുധനാഴ്ചത്തെ പണിമുടക്കില്‍ കെഎസ്ആര്‍ടിസി സ്തംഭിക്കുമെന്നും തൊഴിലാളികള്‍ സമരത്തില്‍ പങ്കെടുക്കില്ലെന്ന് പറയാന്‍ മന്ത്രിക്ക് അധികാരമില്ലെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനും പ്രതികരിച്ചു. എന്നാല്‍, ഇതിനുപിന്നാലെ കെഎസ്ആര്‍ടിസി ഡയസ്‌നോണ്‍ പ്രഖ്യാപിച്ചു. 

സ്‌കൂളുകള്‍ക്ക് അവധിയുണ്ടോ?

ബുധനാഴ്ച നടക്കുന്ന പണിമുടക്കില്‍ സര്‍ക്കാര്‍ ജീവനക്കാരുടെയും അധ്യാപകരുടെയും സംഘടനകള്‍ പങ്കെടുക്കുന്നുണ്ട്. അതേസമയം, സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ബുധനാഴ്ച ഡയസ്‌നോണ്‍ പ്രഖ്യാപിക്കുകയുംചെയ്തു. 

ജീവനക്കാരുടെ മിക്കസംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നതിനാല്‍ സര്‍ക്കാര്‍ ഓഫീസുകളുടെയും സ്‌കൂളുകളുടെയും പ്രവര്‍ത്തനത്തെ ബാധിച്ചേക്കാം. എന്നാല്‍, ദേശീയ പണിമുടക്ക് കണക്കിലെടുത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കൊന്നും ഔദ്യോഗികമായി അവധി പ്രഖ്യാപിച്ചിട്ടില്ല. 

അവശ്യസര്‍വീസുകളെ ഒഴിവാക്കി...

പാല്‍, പത്രം, ശുദ്ധജലവിതരണം, ആശുപത്രി തുടങ്ങിയ അവശ്യസേവനങ്ങളെ ബുധനാഴ്ചത്തെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പണിമുടക്കിന്റെ ഭാഗമായി ബുധനാഴ്ച പ്രധാനനഗരങ്ങളിലെല്ലാം സംയുക്ത ട്രേഡ് യൂണിയന്റെ നേതൃത്വത്തില്‍ തൊഴിലാളികള്‍ പ്രകടനങ്ങളും സംഘടിപ്പിക്കും.