ബോളിവുഡിലെ താരസംഘടനയായ സിനി ആൻഡ് ടി.വി. ആർട്ടിസ്റ്റ്‌സ് അസോസിയേഷനിൽ (സിന്റാ) 'അമ്മ' മോഡൽ പ്രതിസന്ധി. ആഭ്യന്തര പ്രതിസന്ധി രൂക്ഷമായതോടെ 21 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലെ 11 പേർ രാജിവെച്ചു. അസോസിയേഷന്റെ പ്രവർത്തനങ്ങളിൽ സുതാര്യതയില്ലെന്നും തീരുമാനങ്ങൾ ഏകപക്ഷീയമാണെന്നും ആരോപിച്ചാണ് രാജി.

To advertise here,

തിരഞ്ഞെടുക്കപ്പെട്ട എട്ടംഗങ്ങൾ ഉൾപ്പെടെയാണ് രാജി നൽകിയത്. അസോസിയേഷനിൽ പുതിയ തിരഞ്ഞെടുപ്പ് നടത്തണമെന്ന് ഇവർ ആവശ്യപ്പെട്ടു. അതേസമയം, ഭരണസമിതി പൂർണമായും പിരിച്ചുവിട്ടിട്ടില്ലെന്ന് സിന്റായുടെ അഭിഭാഷക അറിയിച്ചു.

ഹേമന്ത് പാണ്ഡെ, മുകേഷ് ഋഷി, സാഹില ഛദ്ദ, ഹേതൽ പർമാർ, പുനീത് ഇസ്സാർ, വിന്ദു ദാരാ സിങ്, വികാസ് വർമ്മ, ദീപക് പരാശർ എന്നിവരാണ് രാജിവെച്ച എട്ട് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. കൂട്ടായ തീരുമാനങ്ങൾ കൈക്കൊള്ളുന്നതിലും ഭരണഘടനാപരമായ തത്ത്വങ്ങൾ പാലിക്കുന്നതിലും തുടർച്ചയായി വീഴ്ച സംഭവിച്ചതിനാലാണ് തീരുമാനമെന്ന് രാജിവെച്ച അംഗങ്ങൾ സംയുക്ത രാജിക്കത്തിൽ വ്യക്തമാക്കി. സംഘടനയുടെ പ്രവർത്തനം സിന്റാ പ്രസിഡന്റ് പൂനം ധില്ലൻ, സീനിയർ വൈസ് പ്രസിഡന്റ് പദ്മിനി കോലാപ്പുരി എന്നിവരുടേയും മറ്റ് ചില എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളുടെയും കൈകളിൽ മാത്രം കേന്ദ്രീകരിക്കപ്പെടുകയാണെന്ന് കത്തിൽ ആരോപിക്കുന്നു.

എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അറിവോ അംഗീകാരമോ കൂടാതെ പൂനം ധില്ലൻ സ്വന്തം ഇമെയിൽ ഐഡിയിൽ നിന്ന് സർക്കാർ ഉദ്യോഗസ്ഥർക്കും മറ്റ് സംഘടനകൾക്കും ഔദ്യോഗിക സന്ദേശങ്ങൾ അയച്ചുവെന്ന് രാജിവെച്ചവർ ആരോപിച്ചു. എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ അനുമതിയില്ലാതെ സ്വകാര്യ അഭിഭാഷകരെ സിന്റായുടെ പ്രതിനിധികളായി അവതരിപ്പിച്ച് പൂനം ധില്ലനും പദ്മിനി കോലാപ്പുരിയും സർക്കാർ ഓഫീസുകൾ സന്ദർശിച്ചതായും ഇവർ ആരോപിച്ചു.

ആകെ 11 പേർ രാജിവെച്ചതായി ജനറൽ സെക്രട്ടറി ഉപാസന സിങ് സ്ഥിരീകരിച്ചു. പദ്മിനി കോലാപ്പുരിയും പൂനം ധില്ലനും തങ്ങളുടെ പദവികൾ ദുരുപയോഗം ചെയ്യുന്നുവെന്ന് കാട്ടി ഇവർ പരാതി നൽകിയിട്ടുണ്ടെന്നും ഉപാസന സിങ് പറഞ്ഞു.

സിന്റാ എക്‌സിക്യൂട്ടീവ് കമ്മിറ്റി പിരിച്ചുവിട്ടു എന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് സംഘടനയുടെ അഭിഭാഷക അഡ്വ. സുവിഗ്യ വിദ്യാർഥി വ്യക്തമാക്കി. സിന്റായുടെ ഭരണഘടന അനുസരിച്ച് തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളിൽ 50 ശതമാനത്തിലധികം പേർ രാജിവെച്ചാൽ മാത്രമേ ഭരണസമിതി പിരിച്ചുവിടപ്പെടുകയുള്ളൂവെന്നും അവർ അറിയിച്ചു.

അതേസമയം, കൂട്ടരാജിക്ക് പിന്നാലെ വിളിച്ചുചേർത്ത എക്‌സ്ട്രാ ഓർഡിനറി ജനറൽ മീറ്റിങ്ങിനെ സിന്റാ ജനറൽ സെക്രട്ടറി ഉപാസന സിങ് തള്ളിപ്പറഞ്ഞു. സംഘടനയുടെ ഭരണഘടന അനുസരിച്ച് സമിതിയിലെ പകുതിയോ അതിലധികമോ അംഗങ്ങൾ രാജിവെച്ചാൽ നിലവിലെ എക്‌സിക്യൂട്ടീവ് കമ്മിറ്റി റദ്ദാക്കപ്പെടും. പിന്നാലെ പുതിയ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കണം. ജനറൽ സെക്രട്ടറി എന്ന നിലയിൽ 11 അംഗങ്ങളുടെയും രാജി താൻ സ്വീകരിച്ചിട്ടുണ്ടെന്നും അവർ അറിയിച്ചു.

സമിതി റദ്ദായശേഷം ചിലർ സിന്റാ ഓഫീസിലെത്തി അനധികൃതമായി യോഗം ചേർന്നു. അഭിനേതാക്കളുടെ ക്ഷേമത്തിനായി പ്രവർത്തിക്കേണ്ട അസോസിയേഷൻ അവരുടെ ജോലി ഇല്ലാതാക്കുന്ന രീതിയിലാണ് പ്രവർത്തിക്കുന്നതെന്നും അവർ കുറ്റപ്പെടുത്തി.

സംഘടനയുടെ പ്രവർത്തനം തങ്ങളിൽ കേന്ദ്രീകരിക്കുന്നുവെന്ന ആരോപണം നിഷേധിച്ച് പൂനം ധില്ലൻ രംഗത്തെത്തി. താനും പദ്മിനിയും വ്യക്തിപരമായ നേട്ടങ്ങൾക്കായല്ല പ്രവർത്തിച്ചതെന്ന് അവർ അവകാശപ്പെട്ടു. തങ്ങളുടെ ബന്ധങ്ങൾ ഉപയോഗിച്ച് സംഘടനയുടെ നന്മയ്ക്കുവേണ്ടിയാണ് കഠിനാധ്വാനം ചെയ്യുന്നതെന്നും അവർ വ്യക്തമാക്കി.