കാളികാവ്: വിവാഹംകഴിഞ്ഞ് മൂന്നാംമാസം ഭർത്തൃവീട്ടിൽ യുവതി ദുരൂഹസാഹചര്യത്തിൽ മരിച്ച സംഭവം ആസൂത്രിതമായ കൊലപാതകമെന്ന ആരോപണവുമായി കുടുംബം രംഗത്ത്.

To advertise here,

കാളികാവ് പള്ളിശ്ശേരി പൂതനാലി റഷീദയുടെയും അശ്‌റഫിന്റെയും മകൾ നാദിയ (20) ഭർത്തൃവീട്ടിലെ കിടപ്പുമുറിയിൽ ജനൽക്കമ്പിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിലാണ് ദുരൂഹത ഏറുന്നത്.

2025 ഒക്ടോബർ 20-നായിരുന്നു നാദിയയുടെ വിവാഹം. 2026 ജനുവരി 29-ന് പുലർച്ചെ നാദിയയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നൂവെന്ന് ഭർത്തൃവീട്ടുകാർ പറഞ്ഞു. മകൾ ഒരിക്കലും ആത്മഹത്യചെയ്യില്ലെന്നും ഇതൊരു കൊലപാതകമാണെന്നുംനാദിയയുടെ മാതാപിതാക്കൾ പത്രസമ്മേളനത്തിൽ ആരോപിച്ചു.

സംഭവത്തിലെ നിഗൂഢതകൾ പുറത്തുകൊണ്ടുവരാൻ നിലവിലെ അന്വേഷണം അപര്യാപ്തമാണെന്നും കേസ് എസ്.ഐ.ടി. അല്ലെങ്കിൽ ക്രൈംബ്രാഞ്ചിന് കൈമാറണമെന്നും ബന്ധുക്കൾ ആവശ്യപ്പെട്ടു.

മുഖ്യമന്ത്രി, ഡി.ജി.പി, എസ്.പി, മനുഷ്യാവകാശ-വനിതാ കമ്മിഷനുകൾ എന്നിവർക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

മകളുടെ അസ്വാഭാവിക മരണത്തിലെ സത്യം പുറത്തുവരുന്നതുവരെ നിയമപോരാട്ടം തുടരുമെന്ന് മാതാപിതാക്കൾ വ്യക്തമാക്കി. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ പ്രത്യേകിച്ച് ഒന്നുമില്ലെന്നും മാതാപിതാക്കളുടേത് വെറും ആരോപണങ്ങൾ മാത്രമാണെന്നുമാണ് പോലീസിന്റെ നിലപാട്.