തിരുവനന്തപുരം: എ.ഐ ക്യാമറകൾ ഉപയോഗിച്ച് മോട്ടോർ വാഹനവകുപ്പിലെ ചില ഉദ്യോഗസ്ഥർ വിജിലൻസ് നീക്കം ചോർത്തുന്നുവെന്ന സംശയത്തെത്തുടർന്ന് വിജിലൻസ് പരിശോധന നടന്നത് കൊട്ടാരക്കര എൻഫോഴ്‌സ്‌മെന്റ് കൺട്രോൾ റൂം, കൊല്ലം, കരുനാഗപ്പള്ളി ആർ.ടി. ഓഫീസുകളിൽ.

To advertise here,

തിരുവനന്തപുരം വിജിലൻസ് സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിലെ ഉദ്യോഗസ്ഥരാണ് ജൂലായ് 24 -ന് പരിശോധന നടത്തിയത്. ഇവർക്കൊപ്പം സൈബർ വിഭാഗവുമുണ്ടായിരുന്നു. വകുപ്പിന്റെ എ.ഐ. ക്യാമറയ്ക്ക് തൽസമയ നിരീക്ഷണ സംവിധാനമില്ലെന്ന് ഇപ്പോൾ പറയുന്ന മോട്ടോർവാഹനവകുപ്പ് ജൂലായ് 24-ന് വിജിലൻസ് നടത്തിയ പരിശോധനയെക്കുറിച്ച് മിണ്ടുന്നില്ല.

Related News: വിജിലൻസ് റെയ്ഡ് പൊളിക്കാൻ എഐ ക്യാമറകൾ ദുരുപയോഗം ചെയ്ത് മോട്ടോർവാഹന വകുപ്പ് ഉദ്യോഗസ്ഥർ

എ.ഐ ക്യാമറകൾവഴി വിജിലൻസ് നീക്കം ചോർത്തുന്നുണ്ടെന്ന് കൊല്ലം വിജിലൻസ് യൂണിറ്റ് നൽകിയ റിപ്പോർട്ടിനെ തുടർന്നായിരുന്നു പരിശോധന. കെൽട്രോൺ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ ക്യാമറ സംവിധാനം പരിശോധിച്ചു. ക്യാമറകളുടെ പ്രവർത്തനത്തിൽ മാറ്റം വരുത്തിയിട്ടുണ്ടോ എന്നറിയാനായിരുന്നു പരിശോധന. പ്രാഥമകാന്വേഷണം പൂർത്തിയായതായും തുടർ‍അന്വേഷണം നടക്കുകയാണെന്നും വിജിലൻസ് അറിയിച്ചു.

എ.ഐ. ക്യാമറ സ്ഥാപിച്ചതിന് തൊട്ടുപിന്നാലെ പോലീസ്, വിജിലൻസ് ഉൾപ്പെടെയുള്ള വകുപ്പുകളുടെ വാഹനങ്ങൾ പരിശോധനയിൽ നിന്നും ഒഴിവാക്കിയിരുന്നു. വിവാദമാകാതിരിക്കാൻ ഇത് രേഖയാക്കിയില്ല. പിഴ ഒഴിവാക്കേണ്ട വാഹനങ്ങളുടെ പട്ടിക സാങ്കേതിക വിദഗ്ധർക്ക് കൈമാറുകയായിരുന്നു. ഈ സംവിധാനം ഉപയോഗിച്ച് നിരീക്ഷിക്കുന്നുണ്ടോ എന്നായിരുന്നു വിജിലൻസിന്റെ സംശയം.

‘അന്വേഷണം സ്വാഭാവികം’

പരാതികളിൽ വിജിലൻസ് അന്വേഷണം സ്വാഭാവിക നടപടി മാത്രമാണെന്ന് ഗതാഗത കമ്മിഷണർ നാഗരാജു ചകിലം വ്യക്തമാക്കി. ഒരു വകുപ്പിന്റെയും വാഹനങ്ങൾ പരിശോധനയിൽ നിന്നും ഒഴിവാക്കിയിട്ടില്ല. നിയമം ലംഘിക്കുന്നവർക്കെല്ലാം പിഴ ചുമത്തുന്നുണ്ട്. ക്രമക്കേട് നടന്നതായി വിജിലൻസ് റിപ്പോർട്ട് ചെയ്തിട്ടില്ല.

‘നിരീക്ഷിക്കാനാകില്ല’

വകുപ്പിന്റെ എ.ഐ. ക്യാമറകൾക്ക് തത്‌സമയ നിരീക്ഷണ സംവിധാനമോ അലർട്ട് വീഡിയോ റെക്കോഡിങ് സംവിധാനമോയില്ലെന്നാണ് മോട്ടോർവാഹനവകുപ്പ് പറയുന്നത്. നിയമലംഘനങ്ങളുള്ള വാഹനങ്ങളുടെ നിശ്ചലചിത്രം മാത്രമാണ് റെക്കോഡ് ചെയ്യപ്പെടുന്നത്. ഇത് ആദ്യം സ്റ്റേറ്റ് സെൻട്രൽ ഡേറ്റാ സെന്ററിലേക്കാണ് എത്തുന്നത്.