പാലക്കാട്: പൂരന​ഗരിയിൽ ആംബുലൻസിൽ വന്നിറങ്ങിയിട്ടില്ല എന്ന വിഷയവുമായി ബന്ധപ്പെട്ട് സുരേഷ് ​ഗോപി നടത്തിയ വെല്ലുവിളിക്കും അസഭ്യവാക്കുകളോടും പ്രതികരിക്കാനില്ലെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.​ഗോവിന്ദൻ. സുരേഷ് ​ഗോപിക്കുള്ള മറുപടി വി.ഡി. സതീശൻ പറഞ്ഞാൽ മതിയെന്നും അദ്ദേഹം പറഞ്ഞു. മുരളീധരനെ നിയമസഭയിലേക്കെത്തിക്കുക എന്നത് വി.ഡി. സതീശൻ ഉദ്ദേശിക്കുന്ന കാര്യമേയല്ലെന്നും അദ്ദേഹം ആരോപിച്ചു. 

To advertise here,

ഇവിടെ നിരവധി മുഖ്യമന്ത്രി സ്ഥാനാർത്ഥികളാണുള്ളതെന്ന് എം.വി.​ഗോവിന്ദൻ പരിഹസിച്ചു. സ്ഥാനാർത്ഥികളുടെ എണ്ണം പരിശോധിച്ചാൽ കോൺ​ഗ്രസിൽ മുഖ്യമന്ത്രിയാകാൻ കൊതിച്ചുനടക്കുന്നവർതന്നെ അഞ്ചോ ആറോ പേരുണ്ടാവും. അതിലൊരാളാണ് മുരളീധരൻ. അതുകൊണ്ട് മുരളീധരൻ നിയമസഭയിലേക്ക് വരുന്നത് സതീശനിഷ്ടമല്ല. ഇവിടെയുള്ള കോൺ​ഗ്രസ് കമ്മിറ്റി ഏകകണ്ഠമായി തീരുമാനിച്ച്, ശ്രീകണ്ഠനുൾപ്പെടെയുള്ളവർ ഒപ്പിട്ട് കത്തയച്ചിട്ടും അത് പരി​ഗണിക്കാതെയും കൃത്യമായി യോ​ഗം ചേരാതെയും രാഹുലിനെ സ്ഥാനാർത്ഥിയാക്കിയതാണ്. അതിനുപിന്നിലെ രാഷ്ട്രീയം ചൂണ്ടിക്കാണിച്ചെന്നേ ഉള്ളൂവെന്നും എം.വി.​ഗോവിന്ദൻ പറഞ്ഞു.

"കൽപ്പാത്തി രഥോത്സവം കലങ്ങാൻ ഒരുതരത്തിലും അനുവദിക്കില്ല. സുരേഷ് ​ഗോപിയുടെ അസഭ്യത്തിന് മറുപടിയില്ല. ആ പ്രയോ​ഗത്തിന് അതിന്റെ അപ്പുറത്തെ അസഭ്യമാണ് പറയേണ്ടത്. അത് സതീശൻ പറഞ്ഞാൽ മതി. ഇ.ശ്രീധരന് കിട്ടിയ വോട്ട് ഇവിടെ ബി.ജെ.പിക്ക് കിട്ടുമെന്ന് നിങ്ങൾക്കാർക്കെങ്കിലും തോന്നുന്നുണ്ടോ? അന്ന് ഷാഫിക്ക് കിട്ടിയ വോട്ട് കോൺ​ഗ്രസിന് കിട്ടുമെന്നും ആർക്കെങ്കിലും തോന്നുന്നുണ്ടോ? പാലക്കാട്ട് യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. ബി.ജെ.പി മൂന്നാംസ്ഥാനത്തേ എത്തൂ." അദ്ദേഹം അഭിപ്രായപ്പെട്ടു.

പാലക്കാട് സി.പി.എം വിജയിക്കുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. സരിൻ പാലക്കാട് വമ്പിച്ച രീതിയിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. നല്ല മുന്നേറ്റമാണ്. വിജയിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.