തിരുവനന്തപുരം: പാര്‍ട്ടി വനിതാ നേതാവ് കെ.ജെ. ഷൈനിന് എതിരായ സൈബര്‍ ആക്ഷേപത്തില്‍ പ്രതികരണവുമായി സിപിഎം. കേരളത്തിലെ വലതുപക്ഷ ശക്തികള്‍ സ്ത്രീകള്‍ക്കെതിരേ നടത്തിക്കൊണ്ടിരിക്കുന്ന പ്രചരണങ്ങള്‍ ആധുനിക സമൂഹത്തിന് ഒട്ടും യോജിക്കുന്ന ഒന്നല്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
മുന്‍പ് കെ.കെ. ശൈലജയ്‌ക്കെതിരേയും വീണാ ജോര്‍ജിനെതിരേയും തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ക്കെതിരേയുമൊക്കെ ഈ സൈബര്‍ ആക്രമണങ്ങള്‍ നടന്നിട്ടുണ്ട്. സൈബര്‍ ഇടങ്ങളെ രാഷ്ട്രീയ പ്രചാരണത്തിന് ഉപയോഗിക്കുന്നതില്‍ തെറ്റില്ല. എന്നാല്‍, സ്ത്രീകളെ തേജോവധം ചെയ്യാന്‍ നടത്തുന്ന ഇത്തരം പരിശ്രമങ്ങള്‍ക്കെതിരേ നിലപാട് സ്വീകരിച്ച് നിയമപോരാട്ടംവരെ നടത്തേണ്ടതുണ്ട്. നാല് എംഎല്‍എമാരെയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്താന്‍ ശ്രമിച്ച ചില വിഭാഗങ്ങളുണ്ട്. അതിനെതിരേയും നിയമപരമായ നിലപാട് സ്വീകരിക്കണം എന്നുതന്നെയാണ് സിപിഎമ്മിന്റെ അഭിപ്രായമെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു.
ഷൈനിനെതിരായ സൈബര്‍ ആക്രമണത്തിന് പിന്നില്‍ സിപിഎമ്മിലെ ആഭ്യന്തര പ്രശ്‌നങ്ങളാണെന്ന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്റെ പരാമര്‍ശത്തോടും എം.വി. ഗോവിന്ദന്‍ പ്രതികരിച്ചു. സിപിഎമ്മിന്റെ ഒരു ആഭ്യന്തര പ്രശ്‌നവും ഇതിലില്ല. വിഡി സതീശന്‍ ഉള്‍പ്പെടെ പ്രതിപക്ഷ നേതൃനിരയിലുള്ളവര്‍ ആസൂത്രിതമായി ചെയ്തുകൊണ്ടിരിക്കുന്ന ഇത്തരം ചെയ്തികളെ തുറന്നെതിര്‍ക്കുന്നു എന്നുവരുമ്പോഴാണ് ഇത്തരം തടിതപ്പുന്നതിന് വേണ്ടിയുള്ള നിലപാട് സ്വീകരിക്കുന്നത്. പ്രതിപക്ഷ നേതാവിന്റെ അറിവില്ലാതെ കോണ്‍ഗ്രസ് സൈബര്‍ വിഭാഗം ഇത്തരമൊരു നിലപാട് സ്വീകരിക്കുമോ എന്നും സിപിഎം സംസ്ഥാന സെക്രട്ടറി ആരാഞ്ഞു.
കോണ്‍ഗ്രസ് ജീര്‍ണമായ അവസ്ഥയിലെത്തിയിരിക്കുകയാണെന്നും എം.വി. ഗോവിന്ദന്‍ പറഞ്ഞു. രാഹുല്‍ മാങ്കൂട്ടത്തിലിന് അനുകൂലമായ നിലപാട് സ്വീകരിക്കുന്നത് എന്തുകൊണ്ടാണ്. കോണ്‍ഗ്രസിനെ രക്ഷപ്പെടുത്താന്‍ ആര്‍ക്കും ഇനി സാധിക്കില്ല. രാഹുല്‍ മാങ്കൂട്ടത്തില്‍ ശനിയാഴ്ച പാലക്കാട്ട് എത്തുമ്പോള്‍ സിപിഎം തടയുമോ എന്ന ചോദ്യത്തിന്, ഞങ്ങള്‍ തടയാനൊനും ഉദ്ദേശിക്കുന്നില്ല എന്നായിരുന്നു ഗോവിന്ദന്റെ മറുപടി. കേരളത്തിലെ സാംസ്‌കാരിക ജീര്‍ണതയുടെ പ്രതീകമായി രാഹുല്‍ മാറിയിട്ടുണ്ട്. ആ മുഖം ഇങ്ങനെ തന്നെ തുടര്‍ന്നുപോകുന്നതാണ് കേരളത്തെ സംബന്ധിച്ചിടത്തോളം ജനങ്ങള്‍ക്ക് ഓര്‍മിക്കാന്‍ നല്ലത് എന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: mv govindan on cyber attack against kj shine
Published: 19 Sept 2025, 05:48 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented