
ന്യൂഡൽഹി: ജന്തർ മന്തറിൽ അനിശ്ചിതകാല നിരാഹാര സമരത്തിനിടെ സോനം വാങ്ചുക്കിന്റെ ആരോഗ്യനില വഷളാകുന്നു. അദ്ദേഹത്തെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കേന്ദ്രത്തിനും ഡൽഹി സർക്കാരിനും അടിയന്തര നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചു. നിരാഹാര സമരം 18-ാം ദിവസം പ്രവേശിച്ചതിനിടെ, കൂടുതൽ ഗുരുതരാവസ്ഥയിലേക്കു എത്തുമെന്നുള്ള ആശങ്കയിലാണ് വാങ്ചുക്കിന്റെ അഭിഭാഷകനായ രാകേഷ് കുമാർ സെയ്‌നി ആണ് ഹർജിയുമായി ഹൈക്കോടതിയെ സമീപിച്ചത്. രണ്ട് ദിവസം കൂടി സമരം തുടർന്നാൽ വാങ്ചുക്കിന് മരണം സംഭവിക്കാമെന്ന് ഹർജിയിൽ പറയുന്നു.
സോനം വാങ്ചുക്കിനെ സർക്കാർ ആശുപത്രിയിലേക്ക് മാറ്റാൻ കോടതി അടിയന്തരമായി ഇടപെടണമെന്നാണ് ഹർജിക്കാരന്റെ ആവശ്യം. വാങ്ചുക്കിന്റെ ആരോഗ്യാവസ്ഥ വഷളാകുന്നത് തടയാനായി ആവശ്യമെങ്കിൽ പോഷകാഹാരങ്ങൾ അടങ്ങിയ പാനീയം നൽകണമെന്നും ഹർജിയിൽ പറഞ്ഞു. അദ്ദേഹം മരണപ്പെട്ടാൽ രാജ്യത്തിനും ലോകത്തിനും അത് വലിയൊരു നാണക്കേടായിരിക്കും. സർക്കാർ കുപ്രസിദ്ധ കുറ്റവാളിയെ പോലെയോ ഭീകരനെ പോലെയോ അല്ലെങ്കിൽ രാജ്യദ്രോഹിയെ പോലെയോ ആണ് പരിഗണിക്കുന്നത്. അധികൃതർ വാങ്ചുക്കിന് ചികിത്സ ഉറപ്പാക്കണം. സമാധാനപരമായ പ്രതിഷേധങ്ങളും നിരാഹാര സമരങ്ങളും ജനാധിപത്യത്തിന്റെ ഭാഗമാണ്, ഓരോ പൗരന്റെയും ജീവനും ആരോഗ്യവും സംരക്ഷിക്കാൻ സർക്കാരിന് ഭരണഘടനാപരമായ ചുമതലയുണ്ടെന്നും ഹർജിയിൽ ചൂണ്ടിക്കാട്ടി.
വിഷയത്തിൽ ഡൽഹി സർക്കാരും കേന്ദ്രസർക്കാരും ഒട്ടും ആശങ്കാകുലരല്ല എന്നത് അങ്ങേയറ്റം ഞെട്ടിപ്പിക്കുന്നതും വേദനാജനകവുമാണെന്ന് പറയുന്നു.
സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പരാജയം ആത്മഹത്യാ പ്രേരണയ്ക്കുള്ള കമ്മീഷന് തുല്യമാകുമെന്ന് ഹർജിക്കാരൻ വാദിച്ചു. കോക്രോച്ച് ജനതാ പാർട്ടി സംഘടിപ്പിച്ച പ്രതിഷേധങ്ങളിൽ പങ്കെടുത്തതിന് ശേഷം ജൂൺ 28 മുതൽ വാങ്ചുക്ക് അനിശ്ചിതകാല നിരാഹാര സമരത്തിലാണ്. ജൂൺ 28 മുതൽ നിരാഹാര സമരം തുടരുന്ന വാങ്ചുക്കിന്റെ ശരീരഭാരം 8.5 കിലോയോളം കുറഞ്ഞതായി സിജെപി അറിയിച്ചു. പ്രതിപക്ഷ നേതാക്കളും സാമൂഹ്യപ്രവർത്തകരും ഉൾപ്പെടെ നിരാഹാര സമരം അവസാനിപ്പിക്കാനായി സോനം വാങ്ചുക്കിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
Content Highlights: Sonam Wangchuk's health is critical after 18 days of fasting., A petition filed in Delhi High Court seeks urgent medical transfer to a government hospital., The petition argues the government has a constitutional duty to protect the life of a protesting citizen., Wangchuk has lost 8.5 kg since the hunger strike began on June 28., Legal counsel warns of potential fatal consequences if immediate action is not taken.
Published: 15 Jul 2026, 06:22 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..


Most Commented