മൂവാറ്റുപുഴ: നാലര പതിറ്റാണ്ടിന്റെ പഴക്കമുള്ള മൂവാറ്റുപുഴ ജില്ലയെന്ന സ്വപ്നം വീണ്ടും തളിരിടുമ്പോൾ മുന്നിലുള്ളത് ഒട്ടേറെ കടമ്പകളാണ്. മുഖ്യമന്ത്രി വി.ഡി. സതീശൻ ഞായറാഴ്ച മൂവാറ്റുപുഴയിൽ നടത്തിയ പ്രഖ്യാപനത്തിലൂടെ ജില്ലാ ചർച്ച സക്രിയമായിക്കഴിഞ്ഞു.

To advertise here,

1982-ൽ പത്തനംതിട്ട ജില്ലയുടെ പ്രഖ്യാപനത്തിനിടെയാണ് ഇനിയൊരു ജില്ലയുണ്ടെങ്കിൽ അത് മൂവാറ്റുപുഴയായിരിക്കുമെന്ന് അന്നത്തെ മുഖ്യമന്ത്രി കെ. കരുണാകരൻ പ്രസ്താവന നടത്തിയത്. 1984-ൽ കാസർകോട് ജില്ല വന്നെങ്കിലും മൂവാറ്റുപുഴക്കാർ ലീഡറുടെ വാക്കിൽ വിശ്വസിച്ചു. എന്നാൽ ഇനിയത് വി.ഡി. സതീശന്റെ പ്രഖ്യാപനത്തിലേക്ക് മാറും. ജില്ലാ പുനർനിണയത്തിന് പുതിയ കമ്മിഷനെ നിയമിക്കുമെന്നു മാത്രമല്ല, തനിക്ക് പ്രിയങ്കരരായ മൂവാറ്റുപുഴക്കാർ തന്റെ പറവൂരുൾപ്പെടുന്ന ജില്ലയിൽനിന്ന് പോകുമല്ലോ എന്നത് സങ്കടകരമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. മുഖ്യമന്ത്രി വെറുതേ ഒരു കമ്മിഷനെക്കുറിച്ച് പറഞ്ഞതല്ലെന്ന് വ്യക്തം. മാത്രമല്ല, മണ്ഡല പുനർനിർണയ കമ്മിഷൻ കേവലം മൂവാറ്റുപുഴയ്ക്കുവേണ്ടി മാത്രമല്ലെന്നുള്ള സൂചനയും അതിനുള്ളിലുണ്ട്. മുസ്ലിം ലീഗ് അതിശക്തമായി ആവശ്യപ്പെടുന്ന മലബാറിലെ പുതിയ ജില്ലയെന്ന (തിരൂർ) ആവശ്യവും ഇതോടൊപ്പം പരിഗണിക്കപ്പെട്ടേക്കും. ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിൽ മൂവാറ്റുപുഴ ജില്ല മാത്രമായി പ്രഖ്യാപിക്കാനും സാധിക്കില്ല. അത്തരത്തിൽ നോക്കുമ്പോൾ കമ്മിഷനെ നിയമിക്കുന്നത് ഒന്നിലേറെ പുതിയ ജില്ലകളെ മുന്നിൽ കണ്ടുകൊണ്ടാവും.

1982-ൽ മുഖ്യമന്ത്രി കെ. കരുണാകരനാണ് മുൻ അഡീഷണൽ ചീഫ് സെക്രട്ടറി ഡി. ബാബുപോളിനെ മൂവാറ്റുപുഴ ജില്ലയ്ക്കുവേണ്ടി പഠിക്കാൻ കമ്മിഷനായി നിയമിച്ചത്. ജനസംഖ്യാ അനുപാതത്തിൽ വലിയ വ്യതിയാനം വരാതെ സമഗ്രമായി തയ്യാറാക്കിയ റിപ്പോർട്ടായിരുന്നു ബാബു പോൾ കമ്മിഷന്റേതെങ്കിലും രാഷ്ട്രീയമായി മുന്നോട്ടുപോയില്ല.

വ്യാവസായിക ജില്ലയോട് ചേർന്നിരിക്കാൻ ഇഷ്ടം

മൂവാറ്റുപുഴ: വ്യാവസായിക ജില്ലയായ എറണാകുളത്തോട് ചേർന്നുനിൽക്കാനാണ് പല പ്രദേശത്തുള്ളവരും മുൻപേ തുടങ്ങി ഇഷ്ടപ്പെട്ടത്. മൂവാറ്റുപുഴ എന്ന കാർഷികജില്ല വേണമെന്ന് പറയുമ്പോഴും അതിനോടുചേരാൻ വ്യവസായ പ്രദേശമെന്ന നിലയിൽ കുന്നത്തുനാട്, വിശേഷിച്ചും പെരുമ്പാവൂർ മേഖലയിലുള്ളവർ തയ്യാറായില്ലെന്നതും ചരിത്രമാണ്. വ്യവസായനഗരത്തിന് കിട്ടുന്ന ആനുകൂല്യങ്ങൾ പരിഗണിച്ചാണ് വ്യവസായികളും വലിയ വ്യാപാരികളും രാഷ്ട്രീയ നേതൃത്വവും ഈ നിലപാട് സ്വീകരിച്ചത്.

ജില്ലയിലെ വികസനപദ്ധതികൾ വലിയ തോതിൽ പിറവം മേഖലയിലേക്ക് വന്നുതുടങ്ങിയതോടെ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകാൻ പിറവം നിവാസികൾക്കും താത്പര്യം കുറഞ്ഞു. ആമ്പല്ലൂർ, മുളന്തുരുത്തി ഭാഗത്തേക്ക് ഐ.ടി. അധിഷ്ഠിത വികസന പദ്ധതികൾക്കായി സ്ഥലമെടുപ്പും അന്വേഷണവും വന്നു.

കാർഷികജില്ലയേക്കാൾ വ്യാവസായികജില്ലയോട് ചേർന്നിരിക്കാനുള്ള താത്പര്യം എല്ലാവർക്കും വർധിച്ചുവന്നു. പുതിയ ജില്ലാ രൂപവത്കരണത്തിന് ഇത് വെല്ലുവിളിയാണ്.

ജില്ല പ്രഖ്യാപനം: കരുണാകരന് ശേഷം ആദ്യം

മൂവാറ്റുപുഴ: 1982-ൽ മുൻ മുഖ്യമന്ത്രി കെ. കരുണാകരന് ശേഷം മൂവാറ്റുപുഴ ജില്ലയെക്കുറിച്ച് ഒരു മുഖ്യമന്ത്രി പരസ്യമായി പ്രഖ്യാപനം നടത്തുന്നത് ഇപ്പോഴാണ്.

ജില്ല രൂപവത്കരണം സംബന്ധിച്ച മുഖ്യമന്ത്രിയുടെ വാക്കുകൾ ആവേശം പകരുന്നതിനൊപ്പം ജില്ലയോടൊപ്പം നിൽക്കാൻ ഏതൊക്കെ പ്രദേശങ്ങളുണ്ടാകുമെന്ന ആശങ്കകളും നിലനിൽക്കുന്നുണ്ട്. 1982-ൽ ഡോ. ബാബുപോൾ കമ്മിഷൻ മുന്നോട്ടുവെച്ച അതിർത്തികളോ പ്രദേശങ്ങളോ പുതിയ സാഹചര്യത്തിൽ മൂവാറ്റുപുഴ ജില്ലയുടെ ഭാഗമാകുമോ എന്ന കാര്യത്തിൽ പല കോണുകളിൽ നിന്നും സംശയങ്ങളുണ്ട്. ഇത് പരിഹരിക്കുകയെന്നതാണ് ജില്ലാ രൂപവത്കരണത്തിൽ നേരിട്ടേക്കാവുന്ന വലിയ വെല്ലുവിളികളിലൊന്ന്. ഇടുക്കിയിലെ ഭാഷാ ന്യൂനപക്ഷ പ്രശ്നങ്ങൾ, മുല്ലപ്പെരിയാർ തർക്കം, തൊടുപുഴയ്ക്ക് ഇടുക്കിയോട് ചേർന്ന് നിൽക്കാനുള്ള താത്പര്യം എന്നിവ ഒരുവശത്തുണ്ട്. വ്യാവസായിക നഗരമായ കൊച്ചിയിൽ നിന്ന് വിട്ടുപോരുന്നതടക്കമുള്ള പ്രതിസന്ധിയാണ് മറുവശത്ത്. ഇതുമായി ബന്ധപ്പെട്ടുള്ള രാഷ്ട്രീയ പ്രശ്നങ്ങളെയും അതിജീവിക്കേണ്ടി വരും. ജില്ലാ രൂപവത്കരണവുമായി ബന്ധപ്പെട്ട് വേണ്ടിവരുന്ന ഭാരിച്ച സാമ്പത്തിക ചെലവ് സംസ്ഥാനത്തിന്റെ ഇപ്പോഴത്തെ ധനസ്ഥിതിയിൽ മുഖ്യ പരിഗണന അർഹിക്കുന്ന ഒന്നായിത്തീരും. 36-ഓളം സർക്കാർ വകുപ്പുകളുടെ ജില്ലാ ആസ്ഥാനം അടക്കം മൂവാറ്റുപുഴയിൽ ഒരുക്കേണ്ടിവരും.

എന്നാൽ, ജില്ലയുടെ കിഴക്കൻ മേഖലയ്ക്കുണ്ടാകാവുന്ന കാർഷിക-കാർഷികേതര പുരോഗതി, സുലഭമായ കുടിവെള്ളം, ജില്ലാ ആശുപത്രി അടക്കമുള്ള വലിയ ആരോഗ്യ കേന്ദ്രങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, പാർപ്പിട നഗരമെന്ന നിലയിലെ മേൻമ, മൂന്നാറിന്റെ കവാട നഗരം, നെടുമ്പാശ്ശേരിയുമായുള്ള അടുത്ത ബന്ധം, ഹൈക്കോടതി കഴിഞ്ഞാൽ ഏറ്റവും വലിയ കോടതി സമുച്ചയം, പൈനാപ്പിൾ കൃഷിയുടെ കേന്ദ്രം തുടങ്ങി നിരവധി സാധ്യതകൾ മൂവാറ്റുപുഴ ജില്ലയ്ക്കുണ്ട്. ഇവ പ്രധാനമായി കണ്ടാൽ മുഖ്യമന്ത്രിയുടെ പ്രഖ്യാപനം യാഥാർഥ്യമാക്കുന്നതിൽ തടസ്സങ്ങളില്ല.