മലപ്പുറം: ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്കുള്ള മുസ്‌ലിം ലീഗ് നോമിനികളെ ഒരാഴ്‌ചയ്ക്കുള്ളിൽ അറിയാം. ലീഗിന് 20 അധ്യക്ഷപദവി നൽകാനാണ് യു.ഡി.എഫിൽ പ്രാഥമിക ധാരണ.

To advertise here,

ലീഗുമായുള്ള ചർച്ചകളും ബോർഡ്, കോർപ്പറേഷൻ വിഭജനവും നേരത്തേതന്നെ ധാരണയായിരുന്നു. 20-ൽ കൂടുതൽ അധ്യക്ഷസ്ഥാനം ലീഗ് ആവശ്യപ്പെട്ടിരുന്നു. ഒരു കാബിനെറ്റ് പദവിയും. എം.കെ. മുനീറിനെ ഭരണപരിഷ്‌കാര കമ്മിഷൻ അധ്യക്ഷനായി നിയമിച്ചതോടെ കാബിനെറ്റ് പദവി ഇതിനകം കിട്ടി.

വിവിധ സ്ഥാപനങ്ങളിലെ ഡയറക്ടർ ബോർഡ് അംഗങ്ങളായി അൻപതോളംപേരുടെ പട്ടികയും തയ്യാറാക്കിയിട്ടുണ്ട്. ന്യൂനപക്ഷ കമ്മിഷൻ, പിന്നാക്കവിഭാഗ കമ്മിഷൻ, വനിതാകമ്മിഷൻ തുടങ്ങിയവയിൽ ലീഗിന് പ്രാതിനിധ്യമുണ്ടാകും.

നിയമസഭാതിരഞ്ഞെടുപ്പിൽ പരിഗണിച്ചവരുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടും സ്ഥാനാർഥിത്വം ലഭിക്കാതെ പോയവർക്കായിരിക്കും അധ്യക്ഷസ്ഥാനങ്ങളിൽ മുൻഗണന.

മലപ്പുറത്തുനിന്നുള്ളവരാകും പട്ടികയിൽ മുന്നിൽ. മുൻ എം.എൽ.എ. പി. അബ്ദുൽഹമീദ്, സി.പി. സെയ്തലവി, മുൻ മലപ്പുറം നഗരസഭാധ്യക്ഷൻ മുജീബ് കാടേരി തുടങ്ങിയവർ പരിഗണനാപട്ടികയിൽ ഇടംകണ്ടെത്തിയിട്ടുണ്ടെന്നാണ് അറിയുന്നത്.

കോഴിക്കോട്ടുനിന്ന് ഷാഫി ചാലിയം, ഉമ്മർ പാണ്ടികശാല, സി.പി. ചെറിയ മുഹമ്മദ്, എം.സി. വടകര എന്നിവരുടെ പേരുകളുണ്ട്. വനിതാ ലീഗിൽനിന്ന് ജയന്തി രാജൻ, സുഹ്‌റ മമ്പാട് എന്നിവരുടെ പേരുകളും ഉയരുന്നുണ്ട്.

മുൻ എം.എൽ.എ.മാരിൽ പി. അബ്ദുൽഹമീദ് ഒഴികെയുള്ളവരെ ബോർഡ്, കോർപ്പറേഷൻ സ്ഥാനങ്ങളിലേക്ക് പരിഗണിച്ചേക്കില്ല. ഒരാൾക്ക്‌ ഒരു പദവി എന്നതാണ് സംഘടനാ തീരുമാനം. അതുകൊണ്ട് മന്ത്രിമാരും എം.എൽ.എ.മാരും സംഘടനാചുമതലകൾ ഒഴിയേണ്ടിവരും. ഇതിലേക്ക് മുൻ എം.എൽ.എ.മാരുടെ പേരുകൾ കടന്നുവരും. ദേശീയ ജനറൽസെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിക്ക് മാത്രമാണ് ഇക്കാര്യത്തിൽ ഇളവുള്ളത്.

വഖഫ് ബോർഡ് ചെയർമാൻ സ്ഥാനത്തേക്ക്‌ എം.സി. മായിൻ ഹാജിയുടെ പേര് കേൾക്കുന്നുണ്ട്.

സോപാനസംഗീതജ്ഞൻ ഞെരളത്ത് ഹരിഗോവിന്ദൻ, പി. സുരേന്ദ്രൻ, പി.എം. സാദിഖലി, ഷാഫി ചാലിയം തുടങ്ങിയവരെ പരിഗണിക്കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്.