
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ കൈമാറുന്ന ഫെയ്സ് ഒന്നിലെ ഗുണഭോക്താക്കൾക്കുള്ള വീടുകൾ താമസത്തിന് സജ്ജമായി. മൂന്നാം സോണിലെ എ ക്ലസ്റ്ററിലെ ഏഴുവീടുകളിൽ ഗുണഭോക്താക്കളെ ഉൾപ്പെടുത്തി കിഫ്കോൺ-ഊരാളുങ്കൽ കോ-ഒാപ്പറേറ്റീവ് കോൺട്രാക്ട് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരുടെ നേതൃത്വത്തിൽ പരിശോധന പൂർത്തിയാക്കി. ഇതോടെ ഈ വീടുകളിൽ മൂന്നുഘട്ട പരിശോധനകളും പൂർത്തിയായി. ഈ വീടുകളിൽ അതിജീവിതർക്ക് ഇനി ഏപ്പോൾ വേണമെങ്കിലും താമസം തുടങ്ങാം. താമസത്തിനായി എത്തുമ്പോൾ നടപടികൾ പൂർത്തിയാക്കി താക്കോൽ കൈമാറും. എന്നാൽ, ഒറ്റയ്ക്ക് ഒറ്റയ്ക്കായി താമസിക്കാനില്ലെന്നും ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 കുടുംബങ്ങളും ഒരുമിച്ചാണ് ഗൃഹപ്രവേശം നടത്തുകയെന്നും അതിജീവിതർ പറഞ്ഞു.
വല്ലിയമ്മ, കദീസ, സെയ്തലവി, ജെയ്സൽ, അബ്‌ദുൾ റഹ്‌മാൻ, മുത്തുകുമാരൻ, സി. അലി എന്നിവരുടെ വീടുകളാണ് ചൊവ്വാഴ്ച താമസസജ്ജമാക്കിയത്. പരിശോധനയ്ക്കുശേഷം ഏഴുകുടുംബങ്ങളെയും ടൗൺഷിപ്പിലെ ഒരു വീട്ടിൽ ഒന്നിച്ചിരുത്തി വീടിന്റെ നിർമാണത്തെക്കുറിച്ചും ഗുണമേന്മയെക്കുറിച്ചുമെല്ലാം വിശദീകരിച്ചു. മഴപെയ്താൽ ചെളിതെറിക്കുന്നത് ഒഴിവാക്കാൻ മുറ്റത്ത് ബേബി മെറ്റൽ പതിച്ചുനൽകണമെന്ന ആവശ്യം അതിജീവിതർ ഉന്നയിച്ചു. ഈ ആവശ്യം പരിഗണിക്കാമെന്ന് അധികൃതർ പറഞ്ഞു.
ഫെയ്സ് ഒന്നിലെ 178 വീടുകളുടെയും നിർമാണപ്രവൃത്തികൾ പൂർത്തിയായതായി അധികൃതർ പറഞ്ഞു. ചെറിയ മിനുക്കുപണികൾ ബാക്കിയുണ്ട്. വരുംദിവസങ്ങളിൽ ക്ലസ്റ്റർ അടിസ്ഥാനത്തിൽ കൂടുതൽ ഗുണഭോക്താക്കളെ വിളിച്ച് മൂന്നാംഘട്ട പരിശോധന നടത്തും. പരിശോധന രണ്ടാഴ്ചകൊണ്ട് പൂർത്തിയാക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് യു.എൽ.സി.സി.എസ്. ചീഫ് ഓപ്പറേറ്റിങ് ഓഫീസർ അരുൺ ബാബു പറഞ്ഞു.
178 വീടുകളിൽ വൈദ്യുതിയും വെള്ളവുമെത്തി
മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിനായി നിർമിക്കുന്ന ടൗൺഷിപ്പിൽ ആദ്യഘട്ടത്തിൽ കൈമാറുന്ന 178 വീടുകളിലും വൈദ്യുതിയും വെള്ളവുമെത്തി. 9.5 ലക്ഷം ലിറ്റർ സംഭരണശേഷിയുള്ള വാട്ടർടാങ്കിലേക്ക് ജലഅതോറിറ്റിയുടെ കണക്‌ഷനും നൽകി.
എല്ലാ വീടുകളിലേക്കും വൈദ്യുതി കണക്‌ഷൻ നൽകുന്ന പ്രവൃത്തിയും പൂർത്തിയായി. സിവിജ് ട്രീറ്റ്മെന്റ് പ്ലാന്റിലേക്ക് വീടുകളിൽനിന്ന് കണക്‌ഷൻ നൽകുന്ന പ്രവൃത്തിയും പൂർത്തിയായി. ഇതോടൊപ്പം ക്ലസ്റ്റർറോഡുകളുടെ നിർമാണവും പുരോഗമിക്കുകയാണ്. സിമന്റ് ട്രീറ്റഡ് ബേസിന്റെ പ്രവൃത്തിയും ഇത് പൂർത്തിയായ റോഡുകളിൽ ഇന്റർ ലോക്ക് പതിക്കുന്ന പ്രവൃത്തികളുമാണ് ഇപ്പോൾ നടക്കുന്നത്. ഇതോടൊപ്പം വെള്ളം ഒഴുകിപ്പോകുന്നതിനുള്ള സംവിധാനങ്ങൾ ഒരുക്കുന്ന പ്രവൃത്തിയും പുരോഗമിക്കുകയാണ്. ആദ്യഘട്ടം കൈമാറുന്ന 178 വീടുകളുടെ മറ്റു അനുബന്ധ പ്രവൃത്തികളും ഭൂരിഭാഗവും പൂർത്തിയായിട്ടുണ്ട്.
ഇവ ഗുണഭോക്താക്കൾക്ക് താമസസജ്ജമാക്കി നൽകുന്നതിനുള്ള നടപടികൾ ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാംഘട്ട, മൂന്നാംഘട്ട പരിശോധനകളാണ് ഇപ്പോൾ പുരോഗമിച്ചുകൊണ്ടിരിക്കുന്നത്. കിഫ്കോണും ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ-ഓപ്പറേറ്റീവ് സൊസൈറ്റി (യു.എൽ.സി.സി.എസ്.) അധികൃതരും ചേർന്നുള്ളതാണ് രണ്ടാംഘട്ട പരിശോധന. ഗുണഭോക്താക്കളെ ഉൾപ്പെടുത്തിയുള്ള മൂന്നാംഘട്ട പരിശോധന ചൊവ്വാഴ്ച തുടങ്ങി.
Content Highlights: 178 homes in Phase 1 are now ready for occupancy., Electricity and water connections fully functional for all 178 units., Third-phase inspections with beneficiaries currently underway., Sewage treatment and road infrastructure work in progress., Survivors plan for a collective housewarming ceremony.
Published: 29 Apr 2026, 10:13 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented