കോതമംഗലം: നേര്യമംഗലത്ത് വയോധികയെ കാട്ടാന കൊന്ന സംഭവത്തില്‍ തങ്ങളുടെ സമരരീതി മാറ്റാന്‍ നിര്‍ബന്ധിതരാക്കരുതെന്ന് എറണാകുളം ഡി.സി.സി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. ഇപ്പോള്‍ നടക്കുന്നത് ഗാന്ധിയന്‍ മാര്‍ഗത്തിലുള്ള സമരമാണെന്നും വേണ്ടിവന്നാല്‍ ഇരട്ടി ശക്തിയില്‍ തിരിച്ചടിക്കുമെന്നും സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കവേ ഷിയാസ് പറഞ്ഞു.

To advertise here,

പോലീസിനെ ഉപയോഗിച്ചുള്ള ഗുണ്ടായിസമാണ് സര്‍ക്കാര്‍ സമരത്തിനെതിരേ നടത്തിയത്. പോലീസും സര്‍ക്കാരും ആക്രമണ മാര്‍ഗം തുടര്‍ന്നാല്‍ തിരിച്ചടിക്കാനുള്ള കെല്‍പ് എറണാകുളത്തെ കോണ്‍ഗ്രസിനും യു.ഡി.എഫിനുമുണ്ട്. അതാണ് സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെങ്കില്‍ തെരുവില്‍ ഏറ്റുമുട്ടാമെന്നും ഡി.സി.സി പ്രസിഡന്റ് കൂട്ടിച്ചേര്‍ത്തു.  

ഷിയാസ് സമരപ്പന്തലില്‍ മാധ്യമങ്ങളോട് സംസാരിക്കുന്നു

അതേസമയം, ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തതിനെ തുടര്‍ന്നുള്ള നടപടികള്‍ക്കായി ഷിയാസും മാത്യു കുഴല്‍നാടന്‍ എം.എല്‍.എയും കോതമംഗലം കോടതിയില്‍ ഹാജരായി. എന്നാല്‍ പോലീസ് റിപ്പോര്‍ട്ട് എത്താത്തതിനാല്‍ കേസ് ഉച്ചയ്ക്ക് രണ്ടരയ്ക്ക് പരിഗണിക്കാന്‍ മാറ്റി. 

ജാമ്യമില്ലാ വകുപ്പുകള്‍ ഉള്‍പ്പെടെ ചുമത്തി ഇരുവരെയും ഇന്നലെ രാത്രി സമരപ്പന്തലില്‍നിന്നും പോലീസ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു. മജിസ്‌ട്രേറ്റിന് മുന്നില്‍ ഹാജരാക്കിയ ഇവരെ പുലര്‍ച്ചെ രണ്ടരയോടെ ഇടക്കാല ജാമ്യത്തില്‍ വിടുകയും ചെയ്തു.  

മാത്യു കുഴല്‍നാടനും മുഹമ്മദ് ഷിയാസും കോതമംഗലം കോടതിയില്‍ 

അതേസമയം, ഇന്നലെ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ട ഇന്ദിരയുടെ മൃതദേഹം സംസ്‌കരിച്ചു. കാഞ്ഞിരവേലിലെ വീട്ടുവളപ്പില്‍ വന്‍ജനാവലിയുടെ സാന്നിധ്യത്തിലായിരുന്നു സംസ്‌കാരം.