തൃശ്ശൂർ: തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് സ്ഥാനാർഥിയാവുമെന്ന് ഏതാണ്ടുറപ്പായി. ലോക്‌സഭാ തിരഞ്ഞെടുപ്പ് വിജയത്തിന്റെ പശ്ചാത്തലത്തിൽ അനുകൂലഘടകങ്ങളുണ്ടെന്ന് ബിജെപി കരുതുന്ന സീറ്റിൽ രമേശ്തന്നെ മത്സരിക്കട്ടെയെന്ന നിലപാടിലാണ് നേതൃത്വം. രമേശ് വ്യക്തിപരമായി താത്പര്യം പ്രകടിപ്പിച്ചതായും വിവരമുണ്ട്.
നടനെന്നനിലയിൽ സുരേഷ് ഗോപി നേടിയ സ്വീകാര്യതയ്ക്കപ്പുറം തൃശ്ശൂരിലുണ്ടായത് ബിജെപിയുടെ വിജയമാണെന്ന് തെളിയിക്കാൻ പാർട്ടി നേതാവിന്റെ വിജയം അനിവാര്യമാണെന്നാണ് വിലയിരുത്തൽ. ലോക്‌സഭാ തിരഞ്ഞെടുപ്പുവിജയത്തിന് ചുക്കാൻപിടിച്ച നേതാവെന്നനിലയിൽ തൃശ്ശൂരിലെ പാർട്ടി സംവിധാനവുമായി രമേശിന് മികച്ചബന്ധമുണ്ട്. പാർട്ടിയിൽ പൊതുവേ സ്വീകാര്യനുമാണ്. തൃശ്ശൂരിലേക്ക് താമസംമാറുന്നതുൾപ്പെടെയുള്ള കാര്യങ്ങളിൽ തീരുമാനമെടുത്തതായാണ് സൂചന.
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തൃശ്ശൂർ നിയമസഭാമണ്ഡലത്തിൽ 14,117 വോട്ടിന്റെ ഭൂരിപക്ഷമുണ്ടായിരുന്നു. എല്ലാവിഭാഗം സമുദായനേതാക്കളുമായും മികച്ചബന്ധമുള്ള രമേശിന് സംഘപരിവാർ സംഘടനകളുടെ വലിയപിന്തുണയുമുണ്ട്.
എൽഡിഎഫ്, യുഡിഎഫ് സ്ഥാനാർഥികൾ മണ്ഡലത്തിൽനിന്നായിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. രമേശ് കോഴിക്കോട് സ്വദേശിയാണ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിൽ ബിജെപിക്ക് മണ്ഡലത്തിലുണ്ടായ തിരിച്ചടി, ലോക്‌സഭാ തിരഞ്ഞെടുപ്പുപട്ടികയിലുണ്ടായിരുന്ന 34,000 വോട്ടർമാർ എസ്ഐആർ പട്ടികയിലില്ലാത്തത് തുടങ്ങിയ എതിർഘടകങ്ങളുമുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പുറത്തുനിന്നുള്ള വോട്ടുകൾ ബിജെപി വ്യാപകമായി ചേർത്തുവെന്ന ആരോപണമുണ്ടായിരുന്നു.
Content Highlights: BJP likely to field State Gen Sec MT Ramesh for Thrissur Assembly. Learn about his prospects and the political landscape.
Published: 21 Jan 2026, 06:37 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented