
വിഴിഞ്ഞം: അറബിക്കടലില്‍ മറ്റൊരു കപ്പലപകടം നടന്ന ദിവസം, വിഴിഞ്ഞം തുറമുഖം പുതിയ ചരിത്രം കുറിച്ചു. ലോകത്തെ ഏറ്റവും ശേഷികൂടിയ കപ്പലെന്ന ഖ്യാതിക്കുടമയായ എംഎസ്സി ഐറിന ദക്ഷ്യണേഷ്യയിലെ തുറമുഖത്ത് ആദ്യമായി നങ്കൂരമിട്ടു. ആഴം കൂടിയ തുറമുഖവും സുഗമമായ പ്രവേശനവുമെന്ന വിഴിഞ്ഞത്തിന്റെ പ്രത്യേകതയ്ക്ക് അടിവരയിടുന്നതായിരുന്നു കപ്പല്‍റാണിയുടെ വരവ്. ഈ ചരിത്രയാത്രയ്ക്കു നേതൃത്വം നല്‍കിയത് മലയാളിയായ കപ്പിത്താനാണെന്നത് മറ്റൊരു പ്രത്യേകത.
ഒരാഴ്ചയായി പുറംകടലില്‍ ഊഴംകാത്തു കിടക്കുകയായിരുന്ന ഐറിന, തിങ്കളാഴ്ച രാവിലെ 9.45-ഓടെയാണ് വിഴിഞ്ഞം െബര്‍ത്തിലെത്തിയത്. രാവിലെ ഏഴോടെ കപ്പലിനെ ആനയിക്കാനായി ടഗ്ഗുകള്‍ പുറപ്പെട്ടു. തുടര്‍ന്ന് തുറമുഖത്തെ ക്യാപ്റ്റന്‍ നിര്‍മല്‍ സക്കറിയ, ഐറിനയുടെ കപ്പിത്താന്‍ വില്ലി ആന്റണിയില്‍നിന്ന് കപ്പലിന്റെ നിയന്ത്രണമേറ്റെടുത്തു. ഇതോടെ കപ്പലിനു ചുറ്റുമുണ്ടായിരുന്ന ടഗ്ഗുകള്‍ പുറംകടലിൽവെച്ചുതന്നെ ആദരസൂചകമായി വാട്ടര്‍ സല്യൂട്ട് നല്‍കി.
9.45-ഓടെ ബെര്‍ത്തിലേക്ക് കപ്പല്‍ സമ്പൂര്‍ണമായി അടുപ്പിച്ചു. ഐറിനയില്‍നിന്ന് 2835 കണ്ടെയ്നറുകളാണ് ഇറക്കുക. തുടര്‍ന്ന് 3145 കണ്ടെയ്നറുകള്‍ കയറ്റി ബുധനാഴ്ച അര്‍ധരാത്രിയോ വ്യാഴാഴ്ച രാവിലെയോ സ്‌പെയിനിലേക്കു തിരിക്കും. ഈ മാസം മൂന്നിന് സിങ്കപ്പൂരില്‍നിന്നാണ് കപ്പല്‍ വിഴിഞ്ഞത്തേക്കു വന്നത്. തൃശ്ശൂര്‍ പുറനാട്ടുകര പാലോക്കാരന്‍ വീട്ടില്‍ വില്ലി ആന്റണിയാണ് എംഎസ്സി ഐറിനയുടെ കപ്പിത്താന്‍. ജീവനക്കാരായി 35 പേരുമുണ്ട്.
400 മീറ്റര്‍ നീളവും 61 മീറ്റര്‍ വീതിയുമുള്ള ഐറിനയ്ക്ക് 24,300 ടിയുഇ (ട്വിന്റി ഫൂട്ട് ഇക്വലന്റ് യൂണിറ്റ്) ആണ് ശേഷി. 16.2 മീറ്റര്‍ ഡ്രാഫ്റ്റിലാണ് (ജലനിരപ്പില്‍ നിന്നുള്ള കപ്പലിന്റെ ആഴം) ഐറിന വിഴിഞ്ഞത്തെത്തിയത്.
ഈ ആദരവും സ്‌നേഹവും മറക്കില്ലെന്ന് കപ്പിത്താന്‍
ലോകത്തെ ശേഷികൂടിയ കപ്പലായ എംഎസ്സി ഐറിനയുടെ കപ്പിത്താന്‍ വില്ലി ആന്റണിക്കും ജീവനക്കാര്‍ക്കും വലിയ വരവേല്‍പ്പ് നല്‍കി വിഴിഞ്ഞം തുറമുഖ അധികൃതര്‍. മലയാളിയായ തനിക്ക് സ്വന്തം നാട്ടില്‍നിന്നു ലഭിച്ച വലിയ ആദരവിന് മനംനിറഞ്ഞ് നന്ദിയര്‍പ്പിച്ച് കപ്പിത്താന്‍ വില്ലി ആന്റണി.
കപ്പലിനെ ബെര്‍ത്തിലടുപ്പിച്ചശേഷം വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീപോര്‍ട്ട് പ്രൈവറ്റ് ലിമിറ്റഡ് എംഡി ഡോ. ദിവ്യ എസ്.അയ്യര്‍ കപ്പിത്താന്റെ ഓഫീസിലെത്തിയാണ് അദ്ദേഹത്തെ സ്വീകരിച്ചത്. തുറമുഖത്തെ മലയാളി ക്യാപ്റ്റനായ നിര്‍മല്‍ സക്കറിയ, ജിതീഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു.
'പിടിച്ചുകെട്ടി'യത് വിഴിഞ്ഞത്തെ യുവാക്കള്‍
തുറമുഖത്തെ ബെര്‍ത്തില്‍ തിങ്കളാഴ്ച രാവിലെ അടുത്ത കൂറ്റന്‍ ചരക്കുകപ്പല്‍ ഐറിനയെ ബെര്‍ത്തില്‍ പിടിച്ചുകെട്ടിയത് കടലിന്റെ മക്കളായ വിഴിഞ്ഞത്തെ യുവാക്കളുടെ സംഘം. തിരുവനന്തപുരം കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന വാട്ടര്‍ ലൈന്‍ ഷിപ്പിങ് ആന്‍ഡ് ലോജിസ്റ്റിക് എന്ന കമ്പനിയാണ് തുറമുഖത്തെ മൂറിങ്ങിന് നേതൃത്വം നല്‍കുന്നത്. ഇതിലെ ജീവനക്കാരും വിഴിഞ്ഞം പ്രദേശവാസികളുമായ 14 പേരടങ്ങുന്ന സംഘമാണ് ബെര്‍ത്തിലടുക്കുന്ന ചെറുതും വലുതുമായ ചരക്കുകപ്പലുകളെ ബൊള്ളാര്‍ഡുകളില്‍ കെട്ടിനിര്‍ത്തുക.
കണ്ടെയ്നറുകള്‍ കയറ്റുകയും ഇറക്കുകയും ചെയ്യുന്ന സമയങ്ങളില്‍ ബെര്‍ത്തില്‍നിന്ന് കപ്പലിന്റെ സ്ഥാനം മാറാതിരിക്കുന്നതിനുള്ള സുരക്ഷിതത്വത്തിനാണ് ബൊള്ളാര്‍ഡുകളില്‍ ബലമുള്ള പോളി പ്രൊപ്പലൈന്‍, സിന്തറ്റിക് ഫൈബര്‍ എന്നിവ സംയോജിപ്പിച്ച കയറുപയോഗിച്ചു കെട്ടിനിര്‍ത്തുന്നത്. നാലു മുതല്‍ ആറുപേര്‍ വരെയുള്ള സംഘമാണ് കപ്പലില്‍നിന്ന് എറിഞ്ഞുനല്‍കുന്ന ബലമുള്ള കയറിനെ അതത് ബൊള്ളാര്‍ഡുകളില്‍ ക്രമമായി കെട്ടിയുറപ്പിക്കുന്നത്.
ടഗ്ഗുകളുപയോഗിച്ചു നിയന്ത്രിച്ച് ബെര്‍ത്തിലടുപ്പിക്കുന്ന കപ്പലുകളുടെ മുന്‍പിലും പിന്നിലുമായി നിയന്ത്രിത എണ്ണത്തിലുള്ളമൂറിങ് റോപ്പുകളുപയോഗിച്ചാണ് ബെര്‍ത്തില്‍ സ്ഥാപിച്ചിട്ടുള്ള ബൊള്ളാര്‍ഡുകളില്‍ കെട്ടിയുറപ്പിക്കുക. അടുക്കുന്ന കപ്പലുകളിലെ ജീവനക്കാര്‍ ഡെക്കില്‍നിന്ന് ബെര്‍ത്തില്‍ നില്‍ക്കുന്ന മൂറിങ് ടീമിലെ യുവാക്കള്‍ക്ക് എറിഞ്ഞുകൊടുക്കുന്ന വണ്ണമുള്ള കയര്‍ വലിച്ചുകെട്ടുന്നത്
കപ്പല്‍ പുറപ്പെടുമ്പോള്‍ ക്യാപ്റ്റന്റെ നിര്‍ദേശമനുസരിച്ചാവും ബൊള്ളാര്‍ഡുകളില്‍ കെട്ടിയുറപ്പിച്ച മൂറിങ് റോപ്പുകള്‍ ക്രമമായി അഴിച്ചുവിടുക. സൂപ്പര്‍ വൈസര്‍ ലോറന്‍സ്, പ്രമോദ് എന്നിവര്‍ക്കൊപ്പം രാഹുല്‍, മരിയ എബ്രഹാം, മേരിദാസന്‍, എബി, റോജിന്‍, ഫ്രാന്‍സിസ് വില്യം, വിജയ് ബിശ്വാസ്, സുബ്രതാ, വിജയകുമാര്‍, റീബക്ക്, സേവിയര്‍ സാജന്‍, നിധിന്‍ എന്നിവരാണ് തുറമുഖത്തെ മൂറിങ് ടീം അംഗങ്ങള്‍.
Content Highlights: worlds largest container ship msc irina at vizhinjam international sea port thiruvananthapuram
Published: 10 Jun 2025, 10:36 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented