ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമായിരിക്കും ഇത്

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് കൂടുതൽ വിദേശ നിക്ഷേപത്തിന് വഴിയൊരുങ്ങുന്നു. അദാനി പോർട്ടിൽ എം.എസ്.സി ഗ്രൂപ്പ് 13,000 കോടി രൂപയുടെ നിക്ഷേപം നടത്തും. ഏതാണ്ട് 27,000 കോടി രൂപയുടെ പദ്ധതികൾക്കാണ് ഇതോടെ തുടക്കമാവുക.
പുതിയ ധാരണ അനുസരിച്ച് എം.എസ്.സി ഗ്രൂപ്പിന്റെ കണ്ടെയ്‌നർ ടെർമിനൽ പ്രവർത്തന-നിക്ഷേപ വിഭാഗമായ TiL, വിഴിഞ്ഞം തുറമുഖത്തിന്റെ കൺസഷനയർ കമ്പനിയായ എവിപിപിഎല്ലിൽ 49% ഓഹരി സ്വന്തമാക്കും. തന്ത്രപ്രധാനമായ ഈ സഹകരണം ഇന്ത്യൻ തുറമുഖ അടിസ്ഥാനസൗകര്യ മേഖലയിലെ ഏറ്റവും വലിയ വിദേശ സ്വകാര്യ നിക്ഷേപമാകും. ഇതോടെ ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ പ്രമുഖ ട്രാൻഷിപ്‌മെന്റ് ഹബ്ബായി വിഴിഞ്ഞത്തിന്റെ സ്ഥാനം ശക്തിപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഈ പങ്കാളിത്തത്തോടെ നിലവിൽ 16 ലക്ഷം ടിഇയു ശേഷിയുള്ള വിഴിഞ്ഞം തുറമുഖം വികസനത്തിലൂടെ 3.5 മടങ്ങ് വർധിച്ച് 57 ലക്ഷം ടിഇയു ശേഷിയിലേക്ക് ഉയരും. ആകെ 2.85 ബില്യൺ യുഎസ് ഡോളർ (ഏതാണ്ട് 27,000 കോടി രൂപ) മൂല്യമുള്ള പദ്ധതിയിൽ TiL നിക്ഷേപിക്കുന്നത് 1.397 ബില്യൺ യുഎസ് ഡോളറാണ്.
നിലവിൽ തെക്കുകിഴക്കൻ ഏഷ്യൻ ട്രാൻഷിപ്‌മെന്റ് ഹബ്ബുകളെ ആശ്രയിക്കുന്ന ബംഗ്ലാദേശ് ചരക്കുകളിൽ കൂടുതൽ പങ്കാളിത്തം ലഭിക്കാൻ പുതിയ സഹകരണം വിഴിഞ്ഞത്തെ സഹായിക്കും. ഇതുവഴി കിഴക്കൻ ആഫ്രിക്കൻ വ്യാപാര പാതകളിൽ സാന്നിധ്യം ശക്തിപ്പെടുത്താനും റിലേ കാർഗോ വർധിപ്പിക്കാനും സഹായിക്കും.
എം.എസ്.സി ഗ്രൂപ്പിന്റെ ഭാഗമായ TiL ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ ടെർമിനൽ ഓപ്പറേറ്റർമാരിലൊന്നാണ്. അഞ്ച് ഭൂഖണ്ഡങ്ങളിലായി 100-ലധികം കണ്ടെയ്‌നർ ടെർമിനലുകളും വർഷംതോറും 70 ദശലക്ഷത്തിലധികം ടിഇയു ചരക്കുനീക്ക ശേഷിയും TiL-നുണ്ട്. 2024 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച വിഴിഞ്ഞം തുറമുഖം ഇന്ത്യയിലെ ആദ്യ ആഴക്കടൽ മെഗാ ട്രാൻഷിപ്‌മെന്റ് തുറമുഖമാണ്. നിലവിൽ 16 ലക്ഷം ടിഇയു ശേഷിയുള്ള തുറമുഖം, 2028 ഡിസംബറോടെ 57 ലക്ഷം ടിഇയു ശേഷിയിലേക്ക് വികസിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയതും ലോകത്തിലെ അതിവേഗം വളരുന്ന ഏകീകൃത ഗതാഗത ഓപ്പറേറ്റർമാരിലൊന്നാണ് അദാനി പോർട്‌സ്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത-ലോജിസ്റ്റിക്‌സ് കൂട്ടായ്മയാണ് എം.എസ്.സി ഗ്രൂപ്പ്.
Content Highlights: MSC Group subsidiary TiL acquires 49% stake in AVPPL., Total project value reaches ₹27,000 crore with ₹13,000 crore from MSC., Capacity to expand from 1.6 million TEU to 5.7 million TEU by 2028., Strengthens India's position as a major transshipment hub in the Indian Ocean., Strategic partnership targets East African trade routes and relay cargo growth.
Published: 30 Jun 2026, 12:30 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented