തിരുവനന്തപുരം: ലഹരിക്കാരെ കുടുക്കാനും സ്ഫോടകവസ്തുക്കൾ കണ്ടെത്താനും കൂടുതൽ പോലീസ് നായകളെ സ്വന്തമാക്കാനൊരുങ്ങി സംസ്ഥാന പോലീസിന്റെ കെ-9 ശ്വാനസേന. സുരക്ഷാസേനകൾ ഉപയോഗിക്കുന്ന മികച്ചയിനങ്ങളായ ബെൽജിയം മെലിനോയ്‌സ്, ലാബ്രഡോർ, ജർമൻ ഷെപ്പേഡ് വിഭാഗങ്ങളെ സ്വന്തമാക്കാനാണ് ശ്രമം.

To advertise here,

സേനയിലെ നായകളുടെ കുറവ് പരിഹിക്കാനായാണ് സിആർപിഎഫ്, എസ്എസ്ബി, ബിഎസ്എഫ് എന്നിവിടങ്ങളിൽനിന്ന് നായക്കുട്ടികളെ വാങ്ങാനുള്ള തീരുമാനം.

മൂന്നുമാസംവരെ പ്രായമുള്ള 38 നായക്കുട്ടികളെയാകും വാങ്ങുക. കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ അനുമതിയുണ്ടെങ്കിലേ അർധസൈനിക വിഭാഗങ്ങളുടെ ബ്രീഡിങ് കേന്ദ്രങ്ങളിൽനിന്ന് നായകളെ ലഭിക്കൂ.

ട്രാക്കർ വിഭാഗത്തിലേക്ക് 12 എണ്ണം, സ്ഫോടകവസ്തുക്കൾ കണ്ടെത്താൻ ശേഷിയുള്ള 17 എണ്ണം, ലഹരിവസ്തുക്കൾ കണ്ടെത്താൻ ആറ്ു നായകൾ, മൃതദേഹം കണ്ടെത്താനാകുന്ന രണ്ടെണ്ണം, മദ്യം കണ്ടെത്താൻ ശേഷിയുള്ള ഒരു നായ എന്നിങ്ങനെ വാങ്ങാനാണ് ശ്രമം.

കെ-9 സ്ക്വാഡിൽ നിലവിൽ 160 അംഗങ്ങളുണ്ടെങ്കിലും 142 എണ്ണമേ സേവനത്തിനുള്ളൂ. നാലെണ്ണം പരിശീലനത്തിലും 14 എണ്ണം വിരമിക്കൽ അസുഖബാധ തുടങ്ങിയ കാരണങ്ങളാൽ തൃശ്ശൂരിലെ വിശ്രാന്തിയിലുമാണ്.

കെ9 വിഭാഗത്തിന് മികച്ച പരിശീലനസംവിധാനങ്ങളുള്ളതിനാലാണ് മൂന്നുമാസം പ്രായമുള്ള നായക്കുട്ടികളെ വാങ്ങാൻ തീരുമാനിച്ചതെന്ന് സേനയുടെ വെറ്ററിനറി സർജൻ ഡോ. ബി.എസ്. സുമൻ പറഞ്ഞു.

മൂന്നുമാസംവരെ പ്രായമുള്ള നായകുട്ടിക്ക് ഏകദേശം 50,000 രൂപവരെ വിലവരും. ഒൻപതുമാസത്തിനുമേൽ പ്രായമുള്ള പരിശീലനം നേടിയ നായകൾക്ക് ഒന്നേകാൽ ലക്ഷംമുതൽ എട്ടരലക്ഷം രൂപവരെ വിലവരും.