കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരേ ആരോപണങ്ങളുമായി കൂടുതൽപേർ രംഗത്ത്. രാഹുൽ ലൈംഗികവൈകൃതങ്ങൾ ഉള്ളയാളാണെന്നും ഹൈദരാബാദിലോ ബെംഗളൂരുവിലോ കൊണ്ടുപോയി റേപ്പ് ചെയ്യുമെന്ന് തന്നോട് പറഞ്ഞുവെന്നും ട്രാൻസ് വുമണും ബിജെപി പ്രവർത്തകയുമായ അവന്തിക മാതൃഭൂമിയോട് വെളിപ്പെടുത്തി.

To advertise here,

'തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് സമയത്താണ് രാഹുൽ മാങ്കൂട്ടത്തിലിനെ പരിചയപ്പെടുന്നത്. കുറേനാൾ സൗഹൃദ സംഭാഷണമായിരുന്നു. പിന്നീടാണ് ഇത്തരത്തിലുള്ള സെക്സ് ടോക്കുകൾ ഉണ്ടായത്. രാഹുലിന്റെ പെരുമാറ്റം മാനസിക വിഷമം ഉണ്ടാക്കി. ഹൈദരാബാദിലോ ബെംഗളൂരുവിലോ കൊണ്ടുപോയി റേപ്പ് ചെയ്യുമെന്നാണ് രാഹുൽ പറഞ്ഞത്', അവന്തിക പറഞ്ഞു. രാഹുൽ ടെലഗ്രാം വഴിയായിരുന്നു സന്ദേശം അയച്ചിരുന്നതെന്ന് അവന്തിക കൂട്ടിച്ചേർത്തു. 

ഒരിക്കൽമാത്രം കാണാൻ സാധിക്കുന്ന തരത്തിലുള്ള മെസ്സേജുകളായിരുന്നു അയച്ചത്. താൻ തിരികെ മറുപടി നൽകിയിരുന്നില്ലെന്നും ട്രാൻസ്ജെൻഡർ വ്യക്തികളുടെ സംഘടനയിൽ പരാതിപ്പെട്ടതായും അവന്തിക വെളിപ്പെടുത്തി. തുടർനടപടി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട സാധ്യതകൾ പരിശോധിക്കുമെന്നും അവന്തിക പറഞ്ഞു.

ഇന്നുരാവിലെ മൂന്നോ നാലോ തവണ എന്നെ രാഹുൽ വിളിച്ചിരുന്നു. പ്രസ് മീറ്റിൽ ഇരിക്കുമ്പോഴായിരുന്നു കോൾ വന്നതെന്നും അവന്തിക മാതൃഭൂമി ഡോട്ട് കോമിനോട് വെളിപ്പെടുത്തി. തനിക്കെതിരേ സൈബറാക്രമണം നടക്കുന്നുണ്ടെന്നും രാഹുലിനെ ന്യായീകരിച്ചും പരാതി ഉന്നയിക്കുന്നവരെ അവഹേളിച്ചും കൊണ്ടുള്ള കമന്റുകളാണ് കൂടുതലെന്നും അവന്തിക പറഞ്ഞു. 

യുവനടിക്ക് അശ്ലീല സന്ദേശമയച്ച വിഷയത്തില്‍ ഉയര്‍ന്ന വിവാദങ്ങളെ തുടര്‍ന്നാണ് യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ചത്. വിഷയത്തില്‍ ധാര്‍മികതയുടെ പുറത്താണ് രാജിവെക്കുന്നതെന്ന് രാഹുല്‍ വ്യക്തമാക്കി. അടൂരിലെ വീട്ടില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് രാജി പ്രഖ്യാപിച്ചത്. എഴുത്തുകാരി ഹണി ഭാസ്കരനും രാഹുലിനെതിരേ രംഗത്തെത്തിയിരുന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഒരു സ്ത്രീയെ നിര്‍ബന്ധിച്ച് ഗര്‍ഭച്ഛിദ്രം നടത്താന്‍ സമ്മര്‍ദ്ദം ചെലുത്തിയെന്നും ഗര്‍ഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയാണ് ചോദ്യംചെയ്തതെന്നും അടിയന്തിര ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ബാലാവകാശ കമ്മിഷനും എറണാകുളം സെന്‍ട്രല്‍ പോലീസിനും പരാതി ലഭിച്ചിട്ടുണ്ട്.