മൂലമറ്റം: അറ്റകുറ്റപ്പണികൾ പൂർത്തിയായതോടെ ഇടുക്കി ജലവൈദ്യുത പദ്ധതിയുടെ മൂലമറ്റം ഭൂഗർഭ വൈദ്യുതിനിലയം വീണ്ടും പ്രവർത്തനസജ്ജം. വ്യാഴാഴ്ച ട്രയൽ റൺ തുടങ്ങി. വെള്ളിയാഴ്ച വൈകീട്ടോടെ വൈദ്യുതോത്പാദനം പുനരാരംഭിക്കും. ആദ്യ ഘട്ടത്തിൽ ഒന്ന്, രണ്ട് നമ്പർ ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാകും വൈദ്യുതി ഉത്‌പാദിപ്പിക്കുക. മറ്റ് ജനറേറ്ററുകൾ വരുംദിവസങ്ങളിലും പ്രവർത്തിപ്പിക്കും.

To advertise here,

ട്രയൽ റൺ തുടങ്ങിയതോടെ വൈദ്യുതി നിലയത്തിൽനിന്ന് പുറത്തേക്കുള്ള കനാലിലേക്ക് വെള്ളം ഒഴുക്കിത്തുടങ്ങി. 20 ദിവസമായി അടച്ചിട്ടിരുന്ന മലങ്കര അണക്കെട്ടിന്റെ ഒരു ഷട്ടർ 10 സെന്റീമീറ്റർ തുറന്നാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നത്. ആളുകൾക്ക് ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. മലങ്കര നിലയത്തിലും വൈദ്യുതോത്‌പാദനം തുടങ്ങി.

അഞ്ച്, ആറ് ജനറേറ്ററുകളിലെ സ്പെറിക്കൽ വാൽവിലെ ചോർച്ച പരിഹരിക്കുന്നതിനായി നവംബർ 12-നാണ് വൈദ്യുതിനിലയം അടച്ചത്. എന്നാൽ, സ്ഥിതി മോശമായിരുന്ന നാലാം ജനറേറ്ററിന്റെ വാൽവിന്റെ തകരാറും പരിഹരിക്കാൻ കഴിഞ്ഞു. 30 ദിവസംകൊണ്ട് തീർക്കാൻ ലക്ഷ്യമിട്ട ജോലികൾ റെക്കോഡ് വേഗത്തിലാണ് പൂർത്തിയാക്കിയത്. ദിവസവും വിവിധ ഷിഫ്റ്റുകളിലായി 120 ജീവനക്കാർ രാവും പകലും പ്രവർത്തിച്ചു.

അസി. എക്സിക്യൂട്ടീവ് എൻജിനീയർമാർ മുതൽ ലിഫ്റ്റ് ഓപ്പറേറ്റർവരെയുള്ളവരുടെയും വിരമിച്ച 22 ഉദ്യോഗസ്ഥരുടെയും സേവനവും ലഭിച്ചു. കരാറെടുത്ത ചെന്നൈയിലെ സ്വകാര്യസ്ഥാപനത്തിലെ ജീവനക്കാരും അറ്റകുറ്റപ്പണിക്കുണ്ടായിരുന്നു.

അഞ്ച്, ആറ് ജനറേറ്ററുകളുടെ അറ്റകുറ്റപ്പണിക്ക് 16 ലക്ഷം രൂപയും നാലാം ജനറേറ്ററിന് നാലുലക്ഷം രൂപയുമടക്കം 20 ലക്ഷം രൂപയ്ക്കാണ് ചെന്നൈ കമ്പനി ഈ ജോലികൾ കരാറെടുത്തത്. ഇടുക്കി പദ്ധതിയുടെ ചരിത്രത്തിൽ ഇത് രണ്ടാം തവണയാണ് മൂലമറ്റം വൈദ്യുതി നിലയത്തിന്റെ പ്രവർത്തനം പൂർണമായി നിർത്തി അറ്റകുറ്റപ്പണികൾ നടത്തുന്നത്. രാജ്യത്തെ ഏറ്റവും വലിയ ഭൂഗർഭ വൈദ്യുതി നിലയങ്ങളിലൊന്നാണ് മൂലമറ്റത്തേത്. 130 മെഗാവാട്ട് വീതം ശേഷിയുള്ള ആറ് ജനറേറ്ററുകളാണുള്ളത്.