തൊടുപുഴ: മൂലമറ്റം പവർഹൗസ് ഒരു മാസത്തേക്ക് അടയ്ക്കാൻ തീരുമാനം. അറ്റകുറ്റപണികൾക്കായി നവംബർ 11 മുതൽ ഒരു മാസത്തേക്കാണ് പൂർണ്ണമായും അടയ്ക്കുന്നത്. ദിവസം 600 മെഗാവാട്ട് വൈദ്യുതിയുടെ കുറവ് ഇതോടെയുണ്ടാകുമെന്നാണ് വിവരം.

To advertise here,

സംസ്ഥാനത്തെ ആകെ വൈദ്യുതിയുടെ മൂന്നിലൊന്നു വരെ ഉൽപാദിപ്പിക്കുന്ന മൂലമറ്റം പവർ ഹൗസിനെ കേരളത്തിന്റെ ഊർജ ക്ഷേത്രമെന്നാണ് വിശേഷിപ്പിക്കുന്നത്. ജൂലൈയിൽ തീരുമാനിച്ചിരുന്ന അറ്റകുറ്റപ്പണി കനത്ത മഴയേ തുടർന്ന് നീട്ടിവെക്കുകയായിരുന്നു. പെൻസ്റ്റോക്ക് പൈപ്പുകളിലെ വാൽവുകളുടെ സീൽ മാറ്റുക ഉൾപ്പെടെയുള്ള ശ്രമകരമായ ജോലികളാണ് ഈ കാലയളവിൽ പൂർത്തികരിക്കാനുള്ളത്. മഴക്കാലമായതിനാലും വൈദ്യുതി ഉപഭോഗം കുറവായതിനാലും സംസ്ഥാനത്ത് വൈദ്യുതി ക്ഷാമം ഉണ്ടാകില്ലെന്നാണ് അധികൃതരുടെ നിഗമനം.

അതേസമയം, മഴ തുടരുന്ന സാഹചര്യമുണ്ടായാൽ ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുണ്ട്. ഇടുക്കി ഡാമിലെ നിലവിലെ ജലനിരപ്പ് 2385.74 അടിയാണ്. 2403 അടിയാണ് പരാമാവധി സംഭരണ ശേഷി. 15 അടി ജലം കൂടി ഡാമിൽ സംഭരിക്കാൻ കഴിയും. മൂലമറ്റം പവർഹൗസിലേക്ക് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് ജലം കൊണ്ടുപോകുന്നത് താത്കാലികമായി നിർത്തുന്നതും ശക്തമായ മഴ തുടരുന്ന സാഹര്യം ഉണ്ടാകുകയും ചെയ്യുകയാണെങ്കിൽ ചെറുതോണി ഡാമിന്റെ ഷട്ടറുകൾ ഉയർത്തി ജലം പുറത്തേക്ക് ഒഴുക്കേണ്ടി വരും.