തൊടുപുഴ: നിലയ്ക്കാത്ത ഊർജം നൽകി കേരളത്തെ മിടുക്കിയാക്കിയ ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് 50 വയസ്സ്. 1976 ഫെബ്രുവരി 12-ന് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി മൂലമറ്റം പവർഹൗസിലെ ടർബൈന്റെ റോട്ടർ ചലിപ്പിച്ച് നാടിന് സമർപ്പിച്ച പദ്ധതി അഞ്ചുപതിറ്റാണ്ടുകൊണ്ട് കൈവരിച്ചത് വിസ്മയിപ്പിക്കുന്ന നേട്ടങ്ങൾ. 1,15,000 ദശലക്ഷം യൂണിറ്റ് പിന്നിട്ട് ആകെ ഉത്പാദനം. 2398 യൂണിറ്റിന്റെ വാർഷിക ശരാശരി. 780 മെഗാവാട്ട് ഉത്പാദനക്ഷമത. വർഷം മുഴുവനും മൂവാറ്റുപുഴയാറിനും തൊടുപുഴയാറിനും വെള്ളം നൽകുന്നു. അതിലൂടെ എണ്ണമറ്റ ജലവിതരണ പദ്ധതികൾ വഴി നാലു ജില്ലകളുടെ ദാഹമകറ്റുന്നു.

To advertise here,

1968-ൽ ആരംഭിച്ച് ഏഴുവർഷംകൊണ്ട് പൂർത്തിയാക്കിയ പദ്ധതിയുടെ ട്രയൽ റൺ 1975 ഒക്ടോബർ നാലിന് ആരംഭിച്ചു. കനേഡിയൻ കൺസൾട്ടന്റായ എസ്.എൻ.സി.യും സംസ്ഥാന വൈദ്യുത ബോർഡും ചേർന്നാണ് പദ്ധതി നടപ്പാക്കിയത്. ഇടുക്കി, ചെറുതോണി, കുളമാവ് അണക്കെട്ടുകളെ ഒരുമിപ്പിച്ചുള്ള ഇടുക്കി ജലസംഭരണിയാണ് ഊർജോത്പാദനത്തിന്റെ സ്രോതസ്സ്.

ഭൂമിക്കടിയിലെ വിസ്മയം

ഭൂമിക്കടിയിൽ മനുഷ്യനൊരുക്കിയ വിസ്മയമാണ് ഇടുക്കി പദ്ധതി. ഇന്ത്യയിലെ ഏറ്റവും വലിയ ഭൂർഗഭ ജലവൈദ്യുത നിലയമാണ് മൂലമറ്റത്തേത്. ഇടുക്കി അണക്കെട്ടിൽനിന്ന് 46 കിലോമീറ്റർ അകലെ നാടുകാണി മലയുടെ താഴ്വാരത്ത് ഒന്നരക്കിലോമീറ്റർ ദൂരത്തിൽ പാറ തുരന്ന് കുതിരലാടത്തിന്റെ ആകൃതിയിൽ ഏഴു നിലകളിലായാണ് പവർഹൗസ് നിർമിച്ചത്. സ്‌ഫെറിക്കൽ വാൽവ് വഴി കടത്തിവിടുന്ന വെള്ളം ജനറേറ്ററുകളിൽ സ്ഥാപിച്ചിരിക്കുന്ന ടർബൈനുകൾ കറക്കിയാണ് വൈദ്യുതി ഉത്പാദനം. 669.2 മീറ്റർ (2195 അടി) ഉയരത്തിൽനിന്നാണ് ടർബൈനുകളിലേക്ക് വെള്ളം വീഴുന്നത്.

ചരിത്രം

1932-ൽ ആദിവാസി മൂപ്പൻ കരിവെള്ളയാൻ കൊലുമ്പൻ തെളിച്ച വഴിയിലൂടെ എത്തിയ, മലങ്കര റബ്ബർ എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോണാണ് ഇങ്ങനെയൊരാശയം പുറംലോകത്തോട് പറഞ്ഞത്.

കുറവൻ-കുറത്തി മലകളെ ബന്ധിപ്പിച്ച് അണകെട്ടി ഉണ്ടാക്കുന്ന ജലാശയത്തിൽനിന്ന് തുരങ്കംവഴി മൂവാറ്റുപുഴ നദീതടത്തിലുള്ള മൂലമറ്റത്ത് കൊണ്ടുവന്ന് വൈദ്യുതി ഉത്പാദിപ്പിക്കാമെന്നായിരുന്നു ജോണിന്റെ കണ്ടെത്തൽ. 1947-ൽ ജോസഫ് പി. ജോണെന്ന ചീഫ് ഇലക്ട്രിക്കൽ എൻജിനിയർ ഡബ്ല്യു.ജെ. ജോണിന്റെ പഴയ പദ്ധതിനിർദേശവും ഇറ്റാലിയൻ എൻജിനിയർമാരുടെ നിർദേശവും കൂട്ടിച്ചേർത്ത് പുതുക്കിയ പദ്ധതി നിർദേശിച്ചു.

പിന്നീട് കേന്ദ്രസർക്കാർ, കനേഡിയൻ സർക്കാരിന്റെ സാമ്പത്തിക-സാങ്കേതിക സഹായത്തോടെ 1967-ൽ പദ്ധതിക്കായി കരാറുണ്ടാക്കി.

പ്രത്യേകതകൾ

• കേരളത്തിന് ആവശ്യമായ വൈദ്യുതിയുടെ 35 ശതമാനം ഉത്പാദിപ്പിക്കുന്നു

• ഉത്പാദനച്ചെലവ് ഒരു യൂണിറ്റിന് 23 പൈസ

• ഒരു ടർബൈന്റെ ഉത്പാദനക്ഷമത 130 മെഗാവാട്ട്.

കുഗ്രാമത്തിൽനിന്ന് പവർ ഗ്രാമത്തിലേക്ക്

# സജീവ് അച്യുതൻ

മൂലമറ്റം (ഇടുക്കി): കുഗ്രാമമായിരുന്ന മൂലമറ്റത്തിന്റെ ചരിത്രഗതി മാറ്റിയത് സുവർണജൂബിലിയാഘോഷിക്കുന്ന വൈദ്യുതിനിലയം. മൂലമറ്റത്തിന്റെവികസനത്തെ മൂലമറ്റം പവർഹൗസിന് മുമ്പും ശേഷവും എന്ന് തിരിക്കാൻ തക്കതായ മാറ്റമാണ് ഉണ്ടായത്. മൂലമറ്റം കേരളത്തിന്റെ പവർ ഗ്രാമമായി വളർന്നു. 1976 ലാണ് മൂലമറ്റത്ത് വൈദ്യുതിനിലയം പ്രവർത്തിച്ചു തുടങ്ങിയത്.

തൊടുപുഴയിൽനിന്നുള്ള റോഡ് കാഞ്ഞാറിലെ പുഴയുടെ തീരത്ത് അവസാനിച്ചിരുന്നു. ഇങ്ങേക്കരയിൽനിന്ന് മൂലമറ്റത്തേയ്ക്ക് റോഡുണ്ടായിരുന്നെങ്കിലും ആറിന് കുറുകെ പാലമില്ലായിരുന്നു. ആശ്രയം തടിപ്പാലവും ഇല്ലിപ്പാലവും. വൈദ്യുതിനിലയത്തിന്റെ നിർമാണ സാമഗ്രികളെത്തിക്കാൻ അവിടെ കോൺക്രീറ്റ് പാലം വന്നു. പിന്നാലെ ബസുകളും. മൂലമറ്റത്തുനിന്ന് നടന്ന് കുടയത്തൂർ ഹൈസ്‌കൂളിലെത്തിയിരുന്ന കുട്ടികൾ യാത്ര ബസിലാക്കി. അന്ന് അറക്കുളം ശ്രീചിത്തിരവിലാസം, സെയ്ന്റ് തോമസ് സ്‌കൂളുകളായിരുന്നു ഉണ്ടായിരുന്നത്. ഹൈസ്കൂൾ ഇല്ലായിരുന്നു. വൈദ്യുതിനിലയം വന്നതോടെ കുളമാവിലും മൂലമറ്റത്തുമെല്ലാം ഹൈസ്‌കൂളുകളും വന്നു. മൂലമറ്റത്തും അറക്കുളത്തും കടകളും ബാങ്കും മറ്റ് സ്ഥാപനങ്ങളും വന്നു. വൈദ്യുതി ജീവനക്കാർക്കായി ക്വാർട്ടേഴ്‌സുകൾ വന്നു. ജീവനക്കാർ കുടംബത്തോടെ താമസമാക്കിയതോടെ മൂലമറ്റത്തിന്റെ വികസനവഴിയും തുറന്നു.

തനി കൃഷിയിടമായിരുന്നു മൂലമറ്റം ഗ്രാമം. ആദ്യം പുറത്ത് വൈദ്യുതി നിലയമുണ്ടാക്കാനായിരുന്നു പദ്ധതി. എന്നാൽ ഉരുൾപൊട്ടലും മറ്റും പേടിപ്പെടുത്തിയതോടെ ഭൂഗർഭ നിലയമാക്കുകയായിരുന്നുവെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ടോം ജോസ് കുന്നേൽ(73) പറയുന്നു. വൈദ്യുതിനിലയത്തിനും സ്വിച്ച് യാർഡിനുമായി പൈകട, കളപ്പുര, പ്ലാക്കൂട്ടം കുടുംബങ്ങളിൽ നിന്നാണ് ഭൂമി ഏറ്റെടുത്തത്. പാറ തുരക്കുന്ന മക്കും മറ്റും തള്ളാൻ ഏക്കർ കണക്കിന് ഭൂമി ഏറ്റെടുത്തു.

കുന്നേൽ, കിഴക്കേക്കര, മുളയ്ക്കൽ, പൊരിയത്ത്, തട്ടാംപറമ്പിൽ തുടങ്ങിയ കുടുംബങ്ങളിൽനിന്നാണ് ഭൂമി ഏറ്റെടുത്തത്. മൂലമറ്റം സെയ്ന്റ് ജോർജ് സ്‌കൂളിന് പിൻഭാഗത്ത് ആറിന് സമീപം മക്ക് കൂന്നുകൂട്ടിയിട്ട ഇടം ഇപ്പോൾ എ.കെ.ജി. നഗറാണ്. നൂറ്റമ്പതോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. 1958-59 കളിലാണ് പവർഹൗസിന് സർവ്വെ നടത്തിയത്. നൂറുകണക്കിന് ഉദ്യോഗസ്ഥർ ക്യാമ്പ് ചെയ്തായിരുന്നു സർവ്വേ നടത്തിയതെന്ന് ടോം തോമസ് ഓർമിക്കുന്നു. ഇപ്പോൾ ടേയ്ൽ റേയ്‌സ് കനാലൊഴുകുന്ന ഭാഗത്തായിരുന്നു ഇവർക്ക് ക്വാർട്ടേഴ്‌സ് നിർമിച്ചിരുന്നത്‌.

രാഷ്ട്രീയ സംഘട്ടനങ്ങളുടെ കാലം

വൈദ്യുതിനിലയത്തിന്റെ നിർമാണകാലം അക്രമങ്ങളുടെയും രാഷ്ട്രീയസംഘട്ടനങ്ങളുടെയും കാലമായിരുന്നുവെന്ന് മൂലമറ്റത്ത് സദാര ഹെയർ കട്ട് സലൂൺ നടത്തുന്ന ടി.ജി. സദാനന്ദൻ പറയുന്നു. ഉറക്കമില്ലാത്ത ഗ്രാമമായിരുന്നു അന്ന് മൂലമറ്റം. ആറായിരത്തോളം തൊഴിലാളികൾ മൂന്ന് ഷിഫ്ടിൽ ജോലി. നക്‌സൽബാരി സംഘടനകളുൾപ്പടെ എല്ലാ പാർട്ടികൾക്കും ട്രേയ്ഡ് യൂണിയനുകൾ. പണിക്ക് ആളെ ഇറക്കുന്നതിനെ ചൊല്ലിയുള്ള തർക്കം പലപ്പോഴും അടിപിടിയിലും കത്തിക്കുത്തിലുമാണ് അവസാനിച്ചിരുന്നത്. അക്രമ കൊലപാതകത്തെ തുടർന്ന് 1970-ൽ ജില്ലാ കളക്ടർ ബാബുപോൾ 144 പ്രഖ്യാപിച്ചത് ഇപ്പോഴും സദാനന്ദൻ ഓർക്കുന്നു.

ആദിവാസികൾ താമസിച്ചയിടം വൈദ്യുതി ബോർഡ് കോളനിയായി

അരയന്മാരും ഊരാളികളും തിങ്ങിപ്പാർത്ത ഇടത്താണ് ഇന്ന് വൈദ്യുതി ബോർഡ് ജീവനക്കാരുടെ ക്വാർട്ടേഴ്‌സ് നിർമിച്ചത്. വെള്ളമാക്കൽ കുടുംബാംഗങ്ങളായ കെ.ആർ. നാരായണൻ, കെ.എം. മാധവൻ, ആദിച്ചൻ, മുട്ടത്തിൽ കൊച്ചിരി, മേക്കല്ലായിൽ മുണ്ടൻ, കല്ലിടുക്കുംമാക്കൽ മാണിക്കമുത്തൻ, കാണിയിൽ കുടുംബം തുടങ്ങിയ ആദിവാസി കുടുംബങ്ങളുടെ ഭൂമിയാണ് ഏറ്റെടുത്തത്. ഇവരുടെയെല്ലാം പിന്മുറക്കാർ പരിസര പ്രദേശത്ത് ഇപ്പോഴും താമസിക്കുന്നുണ്ട്.

നാമമാത്രമായ നഷ്ടപരിഹാരമേ അന്ന് ലഭിച്ചുള്ളുവെന്ന് മുത്തച്ഛൻ പറഞ്ഞത് ഓർമയിലുണ്ടെന്ന് കെ.ആർ. നാരായണന്റെ കൊച്ചുമകൻ ബൈജു പറയുന്നു. വൈദ്യുതി ബോർഡിന്റെ ആശുപത്രി ഇരിക്കുന്ന ഇടത്തായിരുന്നു തന്റെ തറവാടെന്നും ബൈജു പറയുന്നു. വൈദ്യുതി നിലയമെത്തുന്നതിന് മുമ്പ് മൂലമറ്റത്ത് ആനയിറങ്ങിയിരുന്നു. ഇപ്പോഴത്തെ തേക്കിൻകൂപ്പ് ആനത്താവളമായിരുന്നുവെന്ന് മുത്തച്ഛൻ പറഞ്ഞത് ബൈജു ഓർക്കുന്നു.

ഓർമ്മയിൽ ഒരേയൊരു ജാക്ക് ഹാമർ മേരി

തൊടുപുഴ: പതിറ്റാണ്ടുകൾക്ക് മുമ്പ് ജാക്ക് ഹാമറും കൈയിലേന്തി മേരിയെത്തി. അവർ പൊട്ടിച്ച പാറക്കുഴിയിൽനിന്ന് ഒരുചരിത്രം ഉയർന്നുപൊങ്ങി. ഇടുക്കി പദ്ധതിയിലെ മൂലമറ്റം വൈദ്യുത നിലയത്തിലെ തുരങ്ക ഭിത്തികൾക്ക് ‘ജാക്ക് ഹാമർ മേരി’ എന്ന ചരിത്രവനിതയുടെ കഥകൾ പറയാനുണ്ടാകും. വൈദ്യുതിനിലയം സ്ഥാപിക്കാനുള്ള ഒന്നാംഘട്ട പണി നടക്കുന്ന സമയമാണ് ഇത്. ട്രാൻസ്‌ഫോർമർ സ്ഥാപിക്കാൻ പാറപൊട്ടിച്ച് കുഴിയെടുക്കണം. ആർക്കും പറ്റുന്നില്ല. ജോലിക്കുവന്ന മേരി എന്ന സ്ത്രീ ജാക്ക് ഹാമർ അങ്ങെടുത്തു. പാറപൊട്ടിച്ച് കുഴിയെടുത്തു. ഇടുക്കിയിലെ ആദ്യ കളക്ടർ ഡി. ബാബുപോൾ ഇത് അറിഞ്ഞു. അദ്ദേഹമാണ് മേരിക്ക് ജാക്ക് ഹാമർ മേരിയെന്ന പേരിട്ടത്. 2024 മേയിൽ 90-ാം വയസ്സിൽ മേരി ഈ ലോകത്തുനിന്ന് വിടപറഞ്ഞു. വൈദ്യുതിനിലയം കമ്മിഷൻ ചെയ്തപ്പോൾ ഒപ്പമുണ്ടായിരുന്നവർക്കെല്ലാം കെ.എസ്.ഇ.ബി. ജോലി നൽകിയെന്നും തന്നെ അവഗണിച്ചുവെന്നും അന്നും മേരിക്ക് പരിഭവമുണ്ടായിരുന്നു.

അറിയാം ഇടുക്കി പദ്ധതിയെ 

തൊടുപുഴ വിസ്മയിപ്പിക്കുന്ന എൻജിനിയറിങ് വൈദഗ്ധ്യമാണ് ഇടുക്കി പദ്ധതിയുടേത്. വിസ്തൃതി ഏറിയ പാറയ്ക്കുള്ളിൽ തുരന്നെടുത്ത ഏഴുനിലകളായാണ് വൈദ്യുതി നിലയം. പുറമേയുള്ള പ്രവേശന കവാടത്തിൽനിന്ന് തുരങ്കത്തിലൂടെ വാഹനത്തിലെത്തുന്നത് നാലാം നിലയിലാണ്. ഇവിടെനിന്ന് മൂന്നുനിലകൾ വിതം താഴെയും മുകളിലുമായുണ്ട്.

ഒന്നാംനില ടർബൈൻ പ്രവർത്തിപ്പിക്കാൻ, രണ്ടാം നില വാട്ടർ കണ്ടക്ടർ സംവിധാനം, മൂന്നാം നില കൂളിങ് സംവി ധാനം, നാലാം നില ജനറേറ്ററും ജനറേറ്ററിന്റെ ഏതാനും ഭാഗവും ട്രാൻസ്‌ഫോമറുകളും, അഞ്ചാംനില ട്രാൻസ്‌ഫോമറുകൾ, ആറാംനില കൺട്രോൾ റൂം, ഏഴാംനില എയർ കണ്ടീഷനിങ് സംവിധാനം. ഹൈ ഹെഡ് പവർ പവർ സ്റ്റേഷൻ സ്റ്റേഷൻ ആയതിനാൽ പെൽറ്റൺ ടർബൈനാണ് മൂലമറ്റത്ത് ഉപ യോഗിച്ചിരിക്കുന്നത്.

പാറ തുരന്ന് തുരന്ന്...

മൂന്നുവീതം ജനറേറ്റുകളിലേക്ക് വെള്ളം എത്തിക്കാൻ രണ്ടുതവണ സമാന്തരമായി പാറ തുരന്നിട്ടുണ്ട്. കുളമാവ് മുതൽ മൂലമറ്റം വരെയുള്ള തുരങ്കവും വൈദ്യുതിനിലയവും പൂർണമായി ഭൂമിക്കുള്ളിൽ പാറ തുരന്നുണ്ടാക്കിയതാണ്.

ഇതിനായി കുളമാവിൽനിന്ന് 1.5 കിലോ മീറ്റർ ദൂരം പാറ തുരന്നു. എല്ലാ ജനറേറ്ററുകളും പ്രവർത്തിപ്പിച്ചാൽ പ്രതിദിനം 18 ദശലക്ഷം യൂണിറ്റുവരെ വൈദ്യുതി ഉത്പാദിപ്പിക്കാം. ആവശ്യ കത അനുസരിച്ച് ഉത്പാദനം ക്രമീകരിക്കും.

നിലയ്ക്കാതെ ജോലി

എൻജിനീയർമാർ മുതൽ അറ്റൻഡർമാർ വരെയുള്ള ജീവനക്കാർ മുഴുവൻ സമയവും പണിപ്പെട്ടാണ് വൈദ്യുതി ഉത്പാദിപ്പിക്കുന്നത്.

അപകടസാധ്യതകൂടിയ ഗണത്തിൽ വരുന്നതിനാൽ ആറു മണിക്കൂർ വിതമുള്ള നാല് ഷിഫ്റ്റുകളായി ജോലിസമയം. ഭൂമിക്കടിയിലെ കുറഞ്ഞ ഓക്‌സിജൻ അളവിൽ ഓരോനിമിഷവും അപകടം മുന്നിൽ കണ്ടാണ് ജോലി.

ചെറുതും വലുതുമായ ഒട്ടേറെ അപകടം ഉണ്ടായി. 2011-ലെ പൊട്ടിത്തെറിയിൽ രണ്ട് എൻജിനീയർമാർ മരിച്ചു.

കേരളത്തിനാകെ ഊർജം

മൂലമറ്റത്ത് ഉത്പാദിപ്പിക്കുന്ന വൈദ്യുതി കേരളത്തിലാകെ വിതരണം ചെയ്യുന്നുണ്ട്. ഓയിൽ നിറച്ച 220 കെവി കേബിൾ വഴി വൈദ്യുതി പവർഹൗസിന് മുകളിലായി സ്ഥാപിച്ചിരിക്കുന്ന സ്വിച്ച് യാർഡിലെത്തിക്കും.

ഇവിടെ നിന്ന് ആറ് 220 കെവി ഫീഡർ വഴി കളമശ്ശേരി (70 കി.മീ. രണ്ട് ലൈനുകൾ), ലോവർപെരിയാർ (30 കി.മീ. രണ്ട് ലൈനുകൾ), പള്ളം (60 കി.മി. ഒരു ലൈൻ), ഉദുമൽ പേട്ട (അന്തസംസ്ഥാന വൈദ്യുതി ലൈൻ. രണ്ട് ഫീഡറു കൾ, 110 കി.മീ) എന്നിവിടങ്ങളിലെ സബ് സ്റ്റേഷനുകളിലേ ക്ക് ആദ്യം നേരിട്ട് വൈദ്യുതി എത്തിക്കും. ഈ നാല് സബ് സ്റ്റേഷനുകളിൽ നിന്നാണ് കേരളത്തി ലെ മറ്റിടങ്ങളിലേക്ക് വൈദ്യുതി എത്തിക്കുക.

ഒരു ജനതയുടെ ത്യാഗവും നൊമ്പരവും സമരവും

# എൻ.കെ. രാജൻ

ഉപ്പുതറ: ഇടുക്കി ജലവൈദ്യുതി പദ്ധതിക്ക് വ്യാഴാഴ്ച 50 വയസ്സ് തികയുമ്പോൾ ഓർമയിൽ ഒരുജനതയുടെ ത്യാഗവും നൊമ്പരവും സമരചരിത്രവുമാണ്. ഇടുക്കി അണക്കെട്ട് കെട്ടിപ്പൊക്കിയത് ആ ജനതയുടെ വിട്ടുകൊടുക്കലിലൂടെയാണ്.

ഇടുക്കി പദ്ധതിക്കുവേണ്ടി പെരിയാർ തീരത്തു താമസിക്കുന്ന അയ്യപ്പൻകോവിൽ, ഉപ്പുതറ, കാഞ്ചിയാർ പഞ്ചായത്തുകളിൽ താമസിക്കുന്നവരെ കുടിയൊഴിപ്പിക്കാൻ തിരുമാനിച്ചതോടെയാണ് കർഷകരുടെദുരിതം തുടങ്ങുന്നത്.

മണ്ണൊലിപ്പ് തടയാൻ പരമാവധി ജലനിരപ്പിൽനിന്ന് 10 ചെയിൽ പ്രദേശത്ത് താമസിക്കുന്നവരെ കൂടി കുടിയൊഴിപ്പിക്കാനുള്ള തീരുമാനം കർഷകരെ പ്രതിസന്ധിയിലാക്കി. 1196 കർഷകരുടെ പട്ടിക തയ്യാറാക്കി. 10 ചെയിനിൽ കൃഷിയോ നിർമാണങ്ങളോ നടത്താൻ പാടില്ലെന്ന് സർക്കാർ നിഷ്കർഷിച്ചു. പകരം ഭൂമിയും നഷ്ടപരിഹാരവും വേണമെന്ന ആവശ്യം കർഷകർ മുന്നോട്ടുവച്ചു. പകരം ഭൂമിയുടെ അളവിലും നഷ്ടപരിഹാര തുകയുടെ മൂല്യത്തിലും സർക്കാരുമായി കർഷക സംഘടനകൾക്ക് അഭിപ്രായ ഭിന്നതയുണ്ടായി.

കോട്ടയം ജില്ലയിലെ കൃഷിയോഗ്യമായ ഭൂമി പകരം കിട്ടണമെന്ന് കർഷകർ ആവശ്യപ്പെട്ടു. എന്നാൽ പ്രധാന ആവശ്യങ്ങളോട് സർക്കർ മുഖം തിരിച്ചു. തുടർന്ന് സംയുക്ത കർഷകരക്ഷാസമിതിയുടെ നേതൃത്വത്തിൽ കർഷകർ പ്രക്ഷോഭം തുടങ്ങി. അതിനിടെ വാട്ടർ ലെവലിൽ താമസിച്ചിരുന്ന 80 കുടുംബങ്ങൾ തുച്ഛമായ നഷ്ടപരിഹാരവും ഒരേക്കർ സ്ഥലവും വാങ്ങി ചുരുളി, കീരിത്തോട്, പടയണിപ്പാറ, ദേവഗിരി എന്നിവിടങ്ങളിലേക്ക്‌ കുടിയൊഴിഞ്ഞു പോയി.

എന്നാൽ, കെ.എസ്.ഇ.ബി.യുടെ ധിക്കാരപരമായ നടപടിയിൽ പ്രതിഷേധിച്ച് പ്രക്ഷോഭം ശക്തമാക്കാൻ സമരസമിതി തീരുമാനിച്ചു. കൊച്ചമ്പല മൈതാനത്ത് സമരസമിതി ഓഫിസ് തുറന്നു. എ.കെ.ജി, കെ.എം. ജോർജ് എന്നിവർ സമരപന്തലിലെത്തി കർഷകർക്ക് പിന്തുണ നൽകി. 1961-ൽ കോഴിമലയിൽനിന്ന് സർക്കാർ കുടിയൊഴിപ്പിച്ച ഭൂമി കർഷകർക്ക് നൽകണമെന്ന് നേതാക്കൾ ആവശ്യപ്പെട്ടു.

ഇതിനിടെ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചതോടെ സമരം തുടരാൻ കഴിഞ്ഞില്ല. അടിയന്തരാവസ്ഥ പിൻവലിച്ചതോടെ വീണ്ടും സമരം തുടങ്ങി.

എ.ജി. സുകുമാരൻ, പി.എസ്. രാജൻ, ഒ.വി. ജോൺ, അമ്പാട്ട് കുഞ്ഞ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. കർഷകർ പ്രകോപിതരായി. ജോർജ് ജോസഫ് പടവൻ, കെ.ആർ. രാജപ്പൻ, സി.വി. മാത്യു എന്നിവരുടെ നേതൃത്വത്തിൽ കർഷകർ കട്ടപ്പന പോലീസ് സ്റ്റേഷൻ വളഞ്ഞു.

മൂന്നാർ ഡിവൈ.എസ്.പി.യുടെ നേതൃതത്തിൽ നടത്തിയ ചർച്ചയിൽ നേതാക്കളെ വിട്ടയച്ചു. തുടർന്ന് തിരുവനന്തപുരത്ത് നടന്ന ചർച്ചയിൽ ഒത്തു തീർപ്പുണ്ടായി.

കോഴിമലയിൽ ഒരേക്കർ പകരം ഭൂമി, 10 ചെയിൻ പ്രദേശത്ത് പട്ടയം ഉൾപ്പെടെയുള്ള തീരുമാനങ്ങളാണ് ഉണ്ടായത്.

എന്നാൽ, നിർണായ തീരുമാനങ്ങളൊന്നും ഇതുവരെ നടപ്പായില്ല. ഇടുക്കി പദ്ധതിക്കുവേണ്ടി ത്യാഗം അനുഭവിച്ച കർഷകരെ മാറിമാറിവന്ന സർക്കാരുകളൊന്നും ഇതുവരെ പരിഗണിച്ചില്ല. അവരിപ്പോഴും കണ്ണീരിലാണ്.